സാഹുക്കര്‍
കെ.പി.എസ്.സി നിയമന അഴിമതി ചെയർമാന്റെ വസതിയിൽ സി.ഐ.ഡി റെയ്ഡ്
ബംഗളൂരു: നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്യപ്പെട്ട കർണാടക പബ്ലിക് സർവിസ് കമീഷൻ ചെയർമാൻ ശിവശങ്കരപ്പ എസ്. സാഹുക്കറിന്റെ ബംഗളൂരുവിലെ വസതിയിൽ സി.ഐ.ഡി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി.
ഡോളർസ് കോളനിയിലെ അദ്ദേഹത്തിന്റെ വസതിയിലും ബന്ധുക്കളുടെ വസതികളിലും റെയ്ഡ് നടത്തിയതായി പൊലീസ് വൃത്തങ്ങൾ പറഞ്ഞു. അഴിമതി കേസിൽ സാഹുക്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ കർണാടക ഹൈകോടതി തള്ളിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. പരീക്ഷ സംവിധാനത്തിനുള്ള വിശ്വാസം ജനങ്ങള്‍ക്ക് പൂർണമായും നഷ്ടപ്പെടുന്നുവെന്നും ഇത്തരം ക്രമക്കേടുകൾ ആവര്‍ത്തിച്ചാല്‍ അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്ക് അവസരം നഷ്ടമാകുമെന്നും വിധി പ്രഖ്യാപിച്ചുകൊണ്ട് കോടതി പറഞ്ഞു. പരീക്ഷാ രേഖകളിലെയും ഒ.എം.ആർ ഷീറ്റുകളിലെയും കൃത്രിമത്വം, ഇടനിലക്കാർക്കുള്ള പണം നൽകൽ, നിയമന പ്രക്രിയയിലെ മറ്റ് ക്രമക്കേടുകൾ എന്നിവ സി.ഐ.ഡി പരിശോധിച്ചു വരികയാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
സാഹുക്കറിന്റെയും മറ്റ് പ്രതികളുടെയും പങ്കിനെക്കുറിച്ചും ഉദ്യോഗസ്ഥർ അന്വേഷണം നടത്തുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് കെ.പി.എസ്.സി മുൻ പരീക്ഷാ കൺട്രോളർ ഐ.എ.എസ് ഉദ്യോഗസ്ഥൻ ഗ്യാനേന്ദ്ര കുമാർ ഗാങ്വാർ, ഇടനിലക്കാരൻ ബസവരാജ് കണ്ണാലെ എന്നിവരെ സി.ഐ.ഡി ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
തന്റെ രണ്ട് പെൺമക്കളെ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫിസർമാരായി നിയമിക്കാൻ നിയമവിരുദ്ധമായി സഹായിച്ചുവെന്നാരോപിച്ച് ജൂലൈ 13 ന് ഗവർണർ തവാർചന്ദ് ഗെലോട്ട് സാഹുക്കറിനെ സസ്പെൻഡ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.