മാപ്പ് പറഞ്ഞ് തെരഞ്ഞെടുപ്പ് കമീഷൻ; പത്മശ്രീ ഹാജബ്ബക്ക് നൽകിയ എസ്.ഐ.ആർ നോട്ടീസ് തിരിച്ചുവാങ്ങി
മംഗളൂരു: പത്മശ്രീ ജേതാവ് ഹരേകല ഹാജബ്ബക്ക് വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (എസ്.ഐ.ആർ) ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ നോട്ടീസ് മണിക്കൂറുകൾക്കകം തിരിച്ചുവാങ്ങി.
തെരഞ്ഞെടുപ്പ് കമീഷൻ നടപടി വിവാദത്തിലായതോടെയാണ് മണിക്കൂറുകൾക്കകം ഉദ്യോഗസ്ഥർ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി നോട്ടീസ് തിരിച്ചു വാങ്ങി ക്ഷമാപണം നടത്തിയത്. 2002ലെ മംഗലാപുരം (ഉള്ളാൾ) നിയമസഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ഹാജബ്ബയുടെ പേര് 'ഹാജബ്ബ' എന്ന് മാത്രമേയുള്ളൂ. എന്നാൽ റേഷൻ കാർഡ്, ആധാർ, പാസ്‌പോർട്ട്, വോട്ടർ തിരിച്ചറിയൽ കാർഡ് എന്നിവയിൽ ഹരേകല ഹാജബ്ബ എന്നാണ് രേഖപ്പെടുത്തിയത്. ഈ പൊരുത്തക്കേടിന് വിശദീകരണം
തേടി ബൂത്ത് ലെവൽ ഓഫിസർ (അംഗൻവാടി വർക്കർ) തനിക്ക് നോട്ടീസ് നൽകിയതായും വിശദീകരണം നൽകുന്നതിനായി വെള്ളിയാഴ്ച ഗ്രാമപഞ്ചായത്തിൽ വെരിഫിക്കേഷനായി ഹാജരാകാൻ ആവശ്യപ്പെട്ടതായും ഹാജബ്ബ പറഞ്ഞു.
എന്നാൽ ഈ വിവരം പുറത്തു വന്നതിന് പിന്നാലെ ഉദ്യോഗസ്ഥ സംഘം അദ്ദേഹത്തിന്‍റെ വീട് സന്ദർശിച്ചു. നേരത്തെ നൽകിയ നോട്ടീസ് തിരിച്ചു വാങ്ങിയ ശേഷം വിലാസം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു. "പ്രമുഖ" വോട്ടർമാർ ഉൾപ്പെട്ട ഇത്തരം പൊരുത്തക്കേടുകൾ നോട്ടീസ് നൽകാതെ തന്നെ പ്രാരംഭ ഘട്ടത്തിൽ തന്നെ പരിഹരിക്കാൻ നിർദേശം നൽകിയിരുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. എന്നിട്ടും പിശക് സംഭവിച്ചു. "പ്രശ്നത്തെക്കുറിച്ച് അറിഞ്ഞയുടനെ ഞങ്ങൾ ഹരേക്കല ഹാജബ്ബയെ ബന്ധപ്പെടുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു," -ഉദ്യോഗസ്ഥർ വിശദീകരിച്ചു.
നിരക്ഷരതയുടെ നീറ്റലുമായി മംഗളൂരു മാർക്കറ്റിൽ മധുരനാരങ്ങ വിറ്റ് ഉപജീവനം തേടുന്നതിനിടെ വരും തലമുറക്ക് വിദ്യപകരാൻ പള്ളിയോടനുബന്ധിച്ച് പള്ളിക്കൂടം തുടങ്ങിയ ഹരേക്കല ഹാജബ്ബയെ 2020ലെ പത്മശ്രീ നൽകിയായിരുന്നു 68 വയസ്സിൽ രാഷ്ട്രം ആദരിച്ചത്. തന്റെ ഗ്രാമത്തിന്‍റെ വിദ്യാഭ്യാസം മുൻ നിർത്തി ഹാജബ്ബ നടത്തിയ
പ്രവർത്തനങ്ങൾ പരിഗണിച്ചായിരുന്നു പുരസ്കാരം. ദക്ഷിണ കന്നട ജില്ലയിലെ ന്യൂപടുപ്പ് ഗ്രാമത്തിൽ നിന്ന് 25 കിലോമീറ്റർ അകലെ മംഗളൂരു നഗരത്തിലെത്തി ഓറഞ്ച് വില്പന നടത്തുന്ന ഹാജബ്ബയുടെ മനസ്സിൽ സ്കൂൾ തുടങ്ങുക എന്ന ആശയം ഉദിക്കുകയായിരുന്നു.
ഗ്രാമത്തിലെ നൂറുകണക്കിന് വിദ്യാർഥികളാണ് ഹാജബ്ബയുടെ നിസ്വാർഥ വിദ്യാഭ്യാസ പ്രവർത്തനത്തിലൂടെ പഠനവും തടർപഠനവും നടത്തുന്നത്. കർണാടക ഗവ.സെക്രട്ടറി പദവിയിൽ നിന്ന് വിരമിച്ച കാസർകോട് അടൂർ സ്വദേശി എ.ബി. ഇബ്രാഹിം ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ 2015ൽ ഹാജബ്ബയുടെ പേര് പത്മശ്രീ പുരസ്കാരത്തിനായി ശുപാർശ ചെയ്യുന്നത്. 74 കാരനായ ഹാജബ്ബ സാമൂഹിക പ്രവർത്തന രംഗത്ത് സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.