സമൂഹവിവാഹത്തില്നിന്ന്
എ.ഐ.കെ.എം.സി.സി-എസ്.ടി.സി.എച്ച് സമൂഹവിവാഹം സംഘടിപ്പിച്ചു
ബംഗളൂരു: ഓൾ ഇന്ത്യ കെ.എം.സി.സി ബംഗളൂരു സെൻട്രൽ കമ്മിറ്റി-ശിഹാബ് തങ്ങൾ സെന്‍റര്‍ ഫോർ ഹ്യുമാനിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒമ്പതാമത് സമൂഹവിവാഹം ഞായറാഴ്ച ശിവാജി നഗർ ഖുദ്ദൂസ് സാഹിബ് ഈദ് ഗാഹ് ഗ്രൗണ്ടിൽ നടന്നു. 53 ജോഡികളുടെ വിവാഹമാണ് നടന്നത്. സഹോദര സമുദായത്തിൽ പെട്ട മൂന്നു ജോഡികളുടെ വിവാഹം കഴിഞ്ഞ ദിവസം ആചാരപ്രകാരം നടന്നിരുന്നു.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. 2019 ലാണ് സമൂഹവിവാഹം ആരംഭിച്ചത്. ഇതുവരെ എട്ട് സീസണുകളിലായി 500 ലധികം ദമ്പതികള്‍ വിവാഹിതരായി എന്ന് അദ്ദേഹം പറഞ്ഞു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിര്‍വഹിച്ചു. സാഹോദര്യവും സ്നേഹവുമാണ് ബംഗളൂരുവിന്‍റെ പ്രത്യേകത. അത് കാഴ്ചവെക്കാന്‍ ചടങ്ങിന് സാധിച്ചു.
സ്നേഹമില്ലാത്ത കൂട്ടായ്മ ആത്മവില്ലാത്ത ശരീരം പോലെയാണ്. മനുഷ്യ ജീവിതത്തിലെ സുപ്രധാന ചടങ്ങായ വിവാഹത്തിന് സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കാനായി ഒരുക്കുന്ന വിവാഹമേളയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ആതുര സേവന ജീവകാരുണ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മികച്ച സേവനം കാഴ്ചവെച്ചവർക്കായി ശിഹാബ് തങ്ങൾ സെൻറർ ഫോർ ഹ്യുമാനിറ്റി ഏർപ്പെടുത്തിയ പ്രഥമ മാനവതാവാദ അവാർഡ് ബാംഗ്ലൂർ മലബാർ മുസ്‌ലിം അസോസിയേഷൻ പ്രസിഡന്റ് ഡോ. എൻ.എ. മുഹമ്മദിന് നല്‍കി. അമേരിക്കന്‍ യൂനിവേഴ്സിറ്റി അവാര്‍ഡുകള്‍ ഉള്‍പ്പടെ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ ലഭിച്ച അവാര്‍ഡിനെക്കാള്‍ മികച്ചത് ഈ അവാര്‍ഡ് ആണെന്ന് അദ്ദേഹം മറുപടി പ്രസംഗത്തില്‍ പറഞ്ഞു. വിവാഹത്തിനായി രജിസ്റ്റര്‍ ചെയ്യുന്നവരെ കുറിച്ച് വിശദമായി അന്വേഷണം നടത്തും.
അതിന് ശേഷമാണ് വധു വരന്‍മാരെ തെരഞ്ഞെടുക്കുന്നത്. വിവാഹത്തോട് കൂടി സംഘടനയുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. വിവാഹിതരായവര്‍ക്കായി പ്രത്യേക വാട്സ് ആപ് ഗ്രൂപ് ഉണ്ടാക്കുകയും അവരുടെ പ്രശ്നങ്ങള്‍ അതില്‍ പങ്ക് വെക്കുകയും ചെയ്യുമെന്ന് എ.ഐ.കെ.എം.സി.സി ജനറല്‍ സെക്രട്ടറി എം.കെ.നൗഷാദ് പറഞ്ഞു. ദുരന്ത നിവാരണ പരിശീലനം പൂർത്തിയാക്കിയ 50 അംഗ ഡി.വി.എഫ് ആദ്യ ബാച്ചിൻ്റെ സമർപ്പണം നടന്നു. എ.ഐ.കെ.എം.സി.സി അംഗങ്ങൾക്കായി ആരംഭിച്ച ഒപ്പം സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ട രണ്ട് പേരുടെ കുടുംബങ്ങൾക്ക് പദ്ധതി പ്രകാരമുളള ആനുകൂല്യ വിതരണം നടന്നു.
മുൻ എം.എൽ.സി ബി.എം. ഫാറുഖ്, കണ്ണൂർ എയർപോർട്ട് ഡയറക്ടർ ഡോ. എം.പി. ഹസൻ കുഞ്ഞി, സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടർ സൈനുൽ ആബിദ്, മൈജി ഗ്രൂപ്പ് ചെയർമാൻ എ.കെ. ഷാജി, മുജീബ് ഷംസുദീൻ, മലബാർ ഗോൾഡ് ഡയറക്ടർ പി.എ. അബ്ദുല്ല ഇബ്രാഹിം, പി.ടി.എച്ച് കേരള വൈസ് ചെയർമാൻ ബ്ലാത്തൂർ അബൂബക്കർ ഹാജി, ബദറുസമ ഗ്രൂപ് മാനേജിങ് ഡയറക്ടർ അബ്‌ദുൽ ലത്തീഫ് ഉപ്പള, പ്രമുഖ സ്പോർട്സ് ലേഖകൻ കമാൽ വരദൂർ, പാസൻസ് ഗ്രൂപ് ചെയർമാൻ നാസർ പോക്കറാട്ടിൽ, നിസാർ പാദൂർ, മഹറൂഫ് മട്ടന്നൂർ എന്നിവരെ ആദരിച്ചു. കേരള വ്യവസായ വകുപ്പ് മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി മുഖ്യ പ്രഭാഷണം നടത്തി.
കർണാടക മന്ത്രി റിസ് വാൻ അർഷാദ്, എൻ.എ. ഹാരിസ് എം.എൽ.എ , പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ, മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട്, സംസ്ഥാന സെക്രട്ടറി വി.എം. ഉമ്മർ മാസ്റ്റർ, നസീർ അഹമ്മദ്, ഡോ വികാസ്, ഡോ ഖലീൽ, തുടങ്ങി സാമുദായിക രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. എം കെ നൗഷാദ് സ്വാഗതവും ടി ഉസ്‌മാൻ നന്ദിയും പറഞ്ഞു.
ആതുര സേവന ജീവകാരുണ്യ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മികച്ച സേവനം കാഴ്ചവെച്ചവർക്കായി ശിഹാബ് തങ്ങൾ സെൻറർ ഫോർ ഹ്യുമാനിറ്റി ഏർപ്പെടുത്തിയ പ്രഥമ മാനവതാവാദ അവാർഡ് ബാംഗ്ലൂർ മലബാർ മുസ്‌ലിം അസോസിയേഷൻ പ്രസിഡൻറ് ഡോ. എൻ.എ. മുഹമ്മദിന് സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.