കൊ​ഗി​ലു ലേ​ഔ​ട്ട് ചേ​രി നി​വാ​സി​ക​ളു​ടെ സ​മ​ര​സ​മി​തി പ്ര​തി​നി​ധി​ക​ള്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍

കൊഗിലു ലേഔട്ട് കുടിയൊഴിപ്പിക്കൽ; ഭാഷയോ മതമോ പരിഗണിക്കാതെ പുനരധിവാസം നടത്തണം -സമരസമിതി

ബംഗളൂരു: കൊഗിലു ലേഔട്ടിൽനിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരെ ഭാഷയോ മതമോ പരിഗണിക്കാതെ മനുഷ്യത്വം മുന്‍നിര്‍ത്തി പുനരധിവാസ ക്രമീകരണങ്ങൾ നടത്തണമെന്ന് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ മുൻ മന്ത്രി ബി.ടി. ലളിത നായക് പറഞ്ഞു. ഭവന മന്ത്രി സമീർ അഹമ്മദ് ഖാനും റവന്യൂ മന്ത്രി കൃഷ്ണ ബൈരഗൗഡയും നല്‍കിയ വാക്ക് പാലിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എ.ടി. രാമസ്വാമിയുടെ റിപ്പോർട്ട് അനുസരിച്ച് ആയിരക്കണക്കിന് ഏക്കർ സർക്കാർ ഭൂമി കൈയേറി റിസോര്‍ട്ടുകള്‍ പണിതിട്ടുണ്ട്. സർക്കാർ അവർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കൊഗിലു ലേഔട്ടിലെ ജനങ്ങൾക്കെതിരെ സർക്കാർ മനുഷ്യത്വരഹിതമായ നടപടിയാണ് സ്വീകരിച്ചത്. ഇതു സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് നയമാണ് കാണിക്കുന്നതെന്ന് കർണാടക രാജ്യ റൈത്ത സംഘത്തിലെ വീരസംഗയ്യ പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ കൊടുംതണുപ്പില്‍, മുകളില്‍ ആകാശം താഴെ ഭൂമി എന്ന സ്ഥിതിവിശേഷത്തില്‍ ജീവിക്കുകയാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കുടിയൊഴിപ്പിക്കപ്പെട്ടവരുടേതടക്കം വോട്ട് നേടിയാണ് ബി.ജെ.പി നേതാക്കൾ വിജയിച്ചത്. എന്നാല്‍, ഇപ്പോള്‍ പൗരത്വം ചോദ്യം ചെയ്യുകയാണ്. നിരവധി മുസ് ലിംകൾ അവിടെ താമസിക്കുന്നതിനാൽ അവർ ബംഗ്ലാദേശികളാണെന്ന് തെറ്റായ പ്രചാരണം നടക്കുന്നുണ്ട്. പൊളിച്ചു മാറ്റിയ വീടുകള്‍ക്ക് പകരം പുതിയ വീടുകള്‍ നല്‍കണമെന്ന് ജനവാദി മഹിളാ സംഘടനയിലെ ഗൗരമ്മ പറഞ്ഞു. കർണാടകയിൽ ഓരോ സമുദായത്തിനും അവരുടേതായ ഭാഷയുണ്ട്. ഭാഷയുടെ അടിസ്ഥാനത്തിൽ ആളുകളെ വിലയിരുത്തരുത്. സര്‍ക്കാര്‍ എല്ലാവര്‍ക്കും അഭയം നല്‍കണമെന്ന് അലെമാരി ബുഡകാട്ടു മഹാസഭയിലെ ധനഞ്ജയ് പറഞ്ഞു.

ഡിസംബര്‍ 20ന് പുലര്‍ച്ചയാണ് കൊഗിലു ലേഔട്ടിൽ ജി.ബി.എ വീടുകൾ പൊളിച്ചുമാറ്റൽ നടന്നത്. 23 ദിവസമായി പ്രദേശത്തെ ജനങ്ങള്‍ തെരുവിലാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19(ഡി) ഉം 19(ഇ) ഉം പൗരന്മാർക്ക് സ്വതന്ത്രമായി സഞ്ചരിക്കാനും രാജ്യത്ത് എവിടെയും താമസിക്കാനുമുള്ള അവകാശം ഉറപ്പുനൽകുന്നു. ആർട്ടിക്കിൾ 21 പ്രകാരം നഗര നിർമാണത്തില്‍ പങ്കാളികളാകുന്ന കുടിയേറ്റ തൊഴിലാളികൾക്ക് നഗരത്തില്‍തന്നെ ജീവിക്കാൻ കഴിയുന്ന തരത്തിൽ പാർപ്പിട സൗകര്യം ഉറപ്പാക്കണമെന്ന് ദുഡിയുവ ജനറാ വേദിക നന്ദിനി പറഞ്ഞു.

ദുരിതബാധിത കുടുംബങ്ങൾ പൊളിച്ചുമാറ്റിയ സ്ഥലത്തും അടുത്തുള്ള ഒരു ഉർദു മീഡിയം സ്കൂളിന്റെ പരിസരത്തുമാണ് താൽക്കാലികമായി താമസിക്കുന്നത്. ഇവര്‍ക്ക് പ്രാഥമിക സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെടുകയാണ്. പൊളിച്ചുമാറ്റലിന് എട്ട് ദിവസത്തിന് ശേഷം ഭവന മന്ത്രി സമീർ അഹമ്മദ് ഖാൻ സ്ഥലം സന്ദർശിക്കുകയും 24 മണിക്കൂറിനുള്ളിൽ സന്തോഷവാർത്ത കൊണ്ടുവരുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു.

അനധികൃത കൈയേറ്റങ്ങൾ അംഗീകരിക്കില്ലെന്നും മാനുഷിക പരിഗണന കണക്കിലെടുത്ത് അര്‍ഹരായവര്‍ക്ക് പുനരധിവാസം നൽകുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ സാമൂഹിക മാധ്യമത്തില്‍ അറിയിച്ചിരുന്നു. രാജീവ് ഗാന്ധി ഹൗസിങ് കോർപറേഷനും ജി.ബി.എയും തുടർച്ചയായി സർവേകളും രേഖ പരിശോധനയും നടത്തി. എന്നാൽ, ബയപ്പനഹള്ളിയിൽ സർക്കാർ നിർമിച്ച ഫ്ലാറ്റുകള്‍ കർണാടക നിവാസികൾക്കും കുറഞ്ഞത് അഞ്ചുവർഷമായി ബംഗളൂരുവിൽ താമസിക്കുന്നവർക്കും മാത്രമേ നൽകാൻ സാധിക്കുകയുള്ളൂവെന്ന് സർക്കാർ അറിയിച്ചിരുന്നു.

ജി.ബി.എ പൊളിച്ചുമാറ്റിയ ഫക്കീർ കോളനി, മഹാനായക അംബേദ്കർ നഗർ (വസീം ലേഔട്ട്) എന്നിവിടങ്ങളിലെ 188 കുടുംബങ്ങളെ സെക്ഷൻ 94(സി) പ്രകാരം വീടുകൾ നൽകുകയും ഭൂമിയുടെ അവകാശം നല്‍കുകയും ചെയ്യുക, പൊളിച്ച് മാറ്റിയ വീടുകള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, നിലവിലുള്ള സ്ഥലത്ത് സർക്കാർ താൽക്കാലിക ഷെൽട്ടറുകൾ സ്ഥാപിക്കുക, പ്രതിമാസ സൗജന്യ ഭക്ഷണ വിതരണം നൽകുക, ദുരിതബാധിത കുടുംബങ്ങൾക്ക് വെള്ളം, ശൗചാലയ സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കൊഗിലു ലേഔട്ട് ചേരി നിവാസികളുടെ സമരസമിതി പ്രതിനിധികള്‍ വാര്‍ത്തസമ്മേളനത്തില്‍ ഉന്നയിച്ചു.

Tags:    
News Summary - Kogilu Layout eviction; Rehabilitation should be carried out regardless of language or religion - Samara Samiti

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.