പൊലീസ് കുഞ്ഞിനെ മാതാവിന്‍റെ കൈകളിലേൽപിക്കുന്നു
ബംഗളൂരു: കലബുറഗി ജില്ല ആശുപത്രിയില്‍ നഴ്സ് ചമഞ്ഞ് സ്ത്രീകൾ തട്ടിക്കൊണ്ടുപോയ നവജാത ശിശുവിനെ പൊലീസ് കണ്ടെത്തി മാതാവിന്റെ കൈകളിലേൽപിച്ചു. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു. ഉമേര, ഫാത്തിമ, നസ്‌റിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച ഉച്ചയോടെ അടിയന്തര ചികിത്സ വേണം, രക്തം പരിശോധിക്കണം എന്ന് പറഞ്ഞായിരുന്നു ചിഞ്ചോലി സ്വദേശികളായ രാമകൃഷ്ണ-കസ്തൂരി ദമ്പതികളുടെ കുഞ്ഞിനെ നഴ്സ് വേഷത്തിലെത്തിയ രണ്ടു സ്ത്രീകൾ എടുത്തു കൊണ്ടുപോയത്. ഡോക്ടറും നഴ്‌സും എന്ന് തോന്നിക്കുന്ന വേഷത്തിലായതിനാൽ സംശയിച്ചില്ല.
ഏറെ സമയമായിട്ടും കുഞ്ഞിനെക്കുറിച്ച് വിവരമില്ലാതായതോടെ രക്ഷിതാക്കൾ ആശുപത്രി അധികൃതരോട് പരാതിപ്പെട്ടു. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് കുഞ്ഞിനെ കടത്തുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചത്.
നാല് സംഘങ്ങളായി തിരച്ചിൽ നടത്തിയ ബ്രഹ്മപൂർ പൊലീസ് ഖൈറൂൻ എന്ന സ്ത്രീയുടെ വീട്ടില്‍നിന്ന് കുഞ്ഞിനെ കണ്ടെത്തി. 50,000 രൂപ നല്‍കി ഉമേര, ഫാത്തിമ, നസ്‌റിന്‍ എന്നിവരില്‍ നിന്നാണ് കുഞ്ഞിനെ വാങ്ങിയതെന്ന് ഖൈറൂൻ മൊഴി നല്‍കി. ഇതോടെ മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.