മംഗളൂരു: കോലാർ എസ്.ഡി.സി കോളജ് വിദ്യാർഥി കാർത്തിക് സിങ് (17) കൊല്ലപ്പെട്ട കേസിൽ പ്രതികളായ സഹപാഠികളിൽ 17 വയസ്സുകാരായ രണ്ടുപേരെ വ്യാഴാഴ്ച പൊലീസ് വെടിവെച്ചു വീഴ്ത്തി അറസ്റ്റ് ചെയ്തു. ആത്മരക്ഷാർഥമാണ് മുട്ടിനുതാഴെ വെടിവെക്കേണ്ടിവന്നതെന്ന് കോലാർ ജില്ല പൊലീസ് സൂപ്രണ്ട് എം. നാരായണ ‘മാധ്യമ’ത്തോട് പറഞ്ഞു.
കേസന്വേഷണത്തിന് നിയോഗിച്ച മുൽബഗൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ വിട്ടൽ തൻവീറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ മുൽബഗൽ ദേവനാരായസമുദ്ര ഗ്രാമത്തിൽ കണ്ടെത്തി. പിടികൂടാൻ മുതിർന്നപ്പോൾ ആക്രമിച്ചു. ഇതേത്തുടർന്നാണ് വെടിയുതിർക്കേണ്ടിവന്നത്. എസ്.ഐക്കും രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. ഇവരെയും പ്രതികളെയും കോലാർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കാർത്തിക് നേരത്തേ മർദനത്തിനിരയായ സംഭവത്തിൽ പരാതി ലഭിച്ചിട്ടും ലാഘവത്തോടെ കണ്ട മൂന്ന് പൊലീസ് ഓഫിസർമാരെ സസ്പെൻഡ് ചെയ്തതായും എസ്.പി അറിയിച്ചു.കൊല്ലപ്പെട്ട കാർത്തിക് സിങ്ങിനെ കത്തികൊണ്ട് കുത്തിമലർത്തിയ ശേഷം മുഖ്യപ്രതി ബ്ലേഡ് ഉപയോഗിച്ച് ശരീരത്തിൽ വരയുകയും മുഖത്ത് തന്റെ പേരിന്റെ ആദ്യാക്ഷരം കോറിയിടുകയും ചെയ്തിരുന്നു. കാർത്തിക് പഠിച്ച കോളജിലും മറ്റു കാമ്പസുകളിലും ബോധവത്കരണ പരിപാടികൾ നടത്തുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച കാർത്തികിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കൊണ്ടുപോയി അക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. കോലാർ പി.സി ലേഔട്ടിൽ താമസിക്കുന്ന പെയിന്റർ അരുൺ സിങ്ങിന്റെ മകനായ കാർത്തിക് പ്രീ യൂനിവേഴ്സിറ്റി (പി.യു) ഒന്നാം വർഷ വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.