വിഷ്ണു വർധൻ, സരോജ ദേവി
ബംഗളൂരു: കര്‍ണാടക രത്ന പുരസ്കാരം ചലച്ചിത്ര താരങ്ങളായ ഡോ. വിഷ്ണു വര്ധന്, ബി. സരോജ ദേവി എന്നിവര്‍ക്ക് മരണാനന്തര ബഹുമതിയായി നല്കാന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. 1992ല്‍ ആരംഭിച്ച കര്‍ണാടക രത്ന പുരസ്കാരത്തിന് ഇതുവരെ 10 പേര് അര്‍ഹരായി.
ആദ്യ പുരസ്കാരം നേടിയത് കുവെംപുവായിരുന്നു. തുടര്‍ന്ന് ഡോ. രാജ്കുമാര്, എസ്. നിജലിംഗപ്പ, സി.എന്‍.ആര്. റാവു, ദേവി ഷെട്ടി, ഭീംസെന്‍ ജോഷി, ശിവകുമാര സ്വാമി, ജാവരെ ഗൗഡ, വീരേന്ദ്ര ഹെഗ്ഡേ, പുനീത് രാജ്കുമാര് എന്നിവർ പുരസ്കാരം നേടി. അഞ്ച് ഭാഷകളിലായി 200ലധികം ചലച്ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യംചെയ്ത വിഷ്ണുവര്ധന്റെ 75ാം ജന്മവാര്ഷികത്തിന് തൊട്ടുമുമ്പാണ് പ്രഖ്യാപനമുണ്ടായത്.
ആരാധകർ സ്നേഹപൂർവം സാഹസ സിംഹ എന്ന വിളിപ്പേര് വിഷ്ണുവര്ധന് നൽകിയിരുന്നു.തമിഴ്, തെലുഗു, ഹിന്ദി, കന്നട ഭാഷകളിലായി 200ലധികം സിനിമകളില്‍ അഭിനയിച്ച ബി. സരോജ ദേവി മുന്‍നിര അഭിനേതാക്കളായ രാജ് കുമാര്‍, എം.ജി. രാമചന്ദ്രന്, എന്‍.ടി. റാവു, ദിലീപ് കുമാര്‍ എന്നിവരോടൊപ്പം അഭിനയിച്ചിട്ടുണ്ട്.
സാഹിത്യം, സിനിമ, രാഷ്ട്രീയം, ശാസ്ത്രം, സംഗീതം, മെഡിസിന്, സാമൂഹിക സേവനം എന്നീ മേഖലയില്‍ മികച്ച സംഭവനകള്‍ നല്‍കിയവര്‍ക്കാണ് കര്‍ണാടക രത്ന പുരസ്കാരം നല്‍കുന്നത്. 50 ഗ്രാം സ്വർണ മെഡലും മൊമെന്റോയുമടങ്ങുന്നതാണ് പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.