ഗ്രാമീണ വികസന-പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ

കർണാടകയിൽ വേനൽ കടുക്കുന്നു; ഗ്രാമങ്ങളിൽ കുടിവെള്ളക്ഷാമം ഒഴിവാക്കാൻ സർക്കാർ ഇടപെടൽ

ബംഗളൂരു: വേനൽക്കാലം കടുക്കുന്നതോടെ കർണാടകയിലെ ഗ്രാമീണ മേഖലകളിൽ കുടിവെള്ളക്ഷാമം ഉണ്ടാകാതിരിക്കാൻ മുൻകരുതൽ നടപടികളുമായി സർക്കാർ. നിലവിൽ സംസ്ഥാനത്തെ 21 ജില്ലകളിലെ 144 താലൂക്കുകളിലായി 183 ഗ്രാമങ്ങളിൽ കുടിവെള്ളക്ഷാമം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ അടിയന്തര പദ്ധതികൾ ആവിഷ്കരിച്ചതായി ഗ്രാമീണ വികസന-പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെ അറിയിച്ചു.

കുടിവെള്ളക്ഷാമം നേരിടുന്ന ഗ്രാമങ്ങളിൽ വെള്ളമെത്തിക്കാൻ ജില്ല ഭരണകൂടങ്ങൾക്ക് സർക്കാർ കർശന നിർദേശം നൽകി. നിലവിൽ 31 ഗ്രാമങ്ങളിൽ 96 ടാങ്കറുകൾ വഴിയും, 152 ഗ്രാമങ്ങളിൽ വാടകയ്‌ക്കെടുത്ത 154 സ്വകാര്യ ബോർവെല്ലുകൾ വഴിയും വെള്ളം വിതരണം ചെയ്യുന്നുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ ഫണ്ടുകളും വകുപ്പിന്റെ ടാസ്‌ക് ഫോഴ്‌സ് ഫണ്ടുകളും ഇതിനായി വിനിയോഗിക്കും.

വറ്റിയ ബോർവെല്ലുകൾ ഫ്ലഷിങ് നടത്തിയും ആഴം കൂട്ടിയും പുനരുജ്ജീവിപ്പിക്കാൻ സർക്കാർ നടപടി തുടങ്ങി. അത്യാവശ്യ സാഹചര്യങ്ങളിൽ മാത്രം ജിയോളജിസ്റ്റുകളുടെ നിർദേശപ്രകാരം പുതിയ ബോർവെല്ലുകൾ കുഴിക്കും. മാർച്ച് മാസത്തിൽ മാത്രം ഏകദേശം 1,053 ബോർവെല്ലുകൾ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനസജ്ജമാക്കാനാണ് ലക്ഷ്യമിടുന്നത്.

ജലവിതരണത്തിനൊപ്പം തന്നെ ജലത്തിന്റെ സുരക്ഷയും സർക്കാർ ഉറപ്പാക്കുന്നുണ്ട്. കുടിവെള്ള സ്രോതസ്സുകളിൽ ജലഗുണനിലവാര പരിശോധന നടത്താനും ഓവർഹെഡ് ടാങ്കുകൾ കൃത്യമായി വൃത്തിയാക്കാനും എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും നിർദേശം നൽകി. വരും ദിവസങ്ങളിൽ സ്ഥിതിഗതികൾ ദിവസവും നിരീക്ഷിക്കുമെന്നും, വെള്ളക്ഷാമം റിപ്പോർട്ട് ചെയ്യുന്ന ഗ്രാമങ്ങളിൽ അടിയന്തര ഇടപെടൽ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - Summer is scorching in Karnataka; Government intervenes to avoid drinking water shortage in villages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.