ബംഗളൂരു: ധർമസ്ഥല കേസുമായി ബന്ധപ്പെട്ട് ധർമസ്ഥല ധർമാധികാരി ഡോ. വിരേന്ദ്ര കുമാർ ഹെഗ്ഗഡെയുടെ സഹോദരൻ ഡി. ഹർഷേന്ദ്ര കുമാറിനെ പരാമർശിച്ചുള്ള വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് മാധ്യമ സ്ഥാപനങ്ങളും ഓൺലെൻ മീഡിയയും സമൂഹ മാധ്യമ അക്കൗണ്ടുകളുമടക്കം 8842 ലിങ്കുകൾ വിലക്കി വിചാരണ കോടതി പുറപ്പെടുവിച്ച ഉത്തരവ് കർണാടക ഹൈകോടതി തള്ളി.
കീഴ്കോടതിയുടെ ഇൻജങ്ഷൻ ഉത്തരവിനെ ചോദ്യം ചെയ്ത് ‘കുട്ല റാംപേജ്’ എന്ന യൂട്യൂബ് ചാനൽ എഡിറ്റർ ഇൻ ചീഫ് അജയ് സമർപ്പിച്ച ഹരജിയിൽ ജസ്റ്റിസ് എം. നാഗപ്രസന്ന അധ്യക്ഷനായ സിംഗ്ൾ ജഡ്ജി ബെഞ്ചാണ് വെള്ളിയാഴ്ച ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് കീഴ്കോടതിയിലേക്ക് മടക്കിയ ഹൈകോടതി, ഹർഷേന്ദ്ര കുമാർ സമർപ്പിച്ച ഇടക്കാല ഹരജിയിൽ ഉടൻ തീരുമാനമാക്കണമെന്നും ഹരജിയിൽ ഉൾപ്പെട്ട എല്ലാവർക്കും അവരുടെ വാദങ്ങൾ സമർപ്പിക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കി.
കഴിഞ്ഞ ജൂലൈ 18നാണ് ഹർഷേന്ദ്ര കുമാറിന്റെ ഹരജിയിൽ ബംഗളൂരുവിലെ അഡീഷനൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി വിവിധ പ്ലാറ്റ്ഫോമിലുള്ള 8842 ലിങ്കുകൾ തടഞ്ഞ് ഉത്തരവ് പുറപ്പെടുവിച്ചത്. ഹരജി സമർപ്പിച്ച അതേ ദിവസംതന്നെ ഇൻജങ്ഷൻ ഉത്തരവും കോടതി അനുവദിച്ചു. ഇതിൽ 4140 യൂ ട്യൂബ് ലിങ്കുകൾ, 932 ഫേസ്ബുക്ക് പോസ്റ്റുകൾ, 3584 ഇൻസ്റ്റഗ്രാം പോസ്റ്റുകൾ, 108 പത്ര വാർത്തകൾ, 37 റെഡ്ഡിറ്റ് ത്രഡ്സ്, 41 ട്വീറ്റുകൾ എന്നിവ ഉൾപ്പെടും. ഇവയെല്ലാം തന്നെ അപകീർത്തിപ്പെടുത്തുന്നതാണെന്നാണ് ഹരജിക്കാരന്റെ പരാതി.
മംഗളൂരു: ധർമസ്ഥലയിലെ ദുരൂഹ കൊലപാതകങ്ങളും കൂട്ട സംസ്കാരവും സംബന്ധിച്ച മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) നേതൃത്വത്തിൽ നേത്രാവതി നദിക്കരയിൽ മണ്ണുനീക്കി പരിശോധന തുടർച്ചയായി നാലാം ദിനവും നടന്നു. പരാതിക്കാരൻ ചൂണ്ടിക്കാണിച്ചു നൽകിയ ഏഴാമത്തെ പോയന്റ് കേന്ദ്രീകരിച്ചായിരുന്നു വെള്ളിയാഴ്ച പരിശോധന നടന്നത്. മണ്ണു കുഴിച്ച് പരിശോധിച്ചെങ്കിലും വൈകീട്ട് വരെ പ്രത്യേകിച്ച് ഒന്നും ലഭിച്ചതായി എസ്.ഐ.ടി സ്ഥിരീകരിച്ചിട്ടില്ല.
ആറാമത്തെ പോയന്റിൽ വ്യാഴാഴ്ച 13 അസ്ഥി ഭാഗങ്ങൾ കണ്ടെടുത്തിരുന്നു. ഇവ മനുഷ്യന്റെ കൈകാലുകളുടേതാണെന്നാണ് കരുതുന്നത്. വിശദമായ വിവരം ലഭിക്കുന്നതിനായി ഇവ ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആറാം പോയന്റിലെ പരിശോധന വ്യാഴാഴ്ച അവസാനിപ്പിച്ചാണ് എസ്.ഐ.ടി സംഘം വെള്ളിയാഴ്ച ഏഴാം പോയന്റിലേക്ക് നീങ്ങിയത്. ഈ ഭാഗത്ത് എട്ട് മൃതദേഹങ്ങൾ കുഴിച്ചിട്ടുണ്ടെന്നാണ് പരാതിക്കാരൻ നൽകിയ മൊഴി. പരിശോധനയുടെ രഹസ്യ സ്വഭാവം സൂക്ഷിക്കാൻ ചുറ്റിലും ഗ്രീൻ നെറ്റ് കെട്ടി പരിശോധന സ്ഥലം മറച്ചനിലയിലാണ്. പരിശോധന വരുംദിവസങ്ങളിലും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.