കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവരെ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ സന്ദര്‍ശിച്ചപ്പോള്‍
ബംഗളൂരു: മൂന്ന് ദിവസത്തെ ന്യൂഡൽഹി സന്ദർശനത്തിനായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഡല്‍ഹിയിലെത്തി. മന്ത്രിസഭ വികസനം സംബന്ധിച്ച നിർണായക തീരുമാനം കൈക്കൊള്ളാന്‍ വേണ്ടിയാണ് സന്ദര്‍ശനമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
ജൂൺ 18ന് രാജ്യസഭയിലേക്കും കർണാടകയിലെ ഏഴ് എം.എൽ.സി സീറ്റുകളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും മന്ത്രിസഭ വികസനമെന്ന് കോണ്‍ഗ്രസ് വക്താക്കള്‍ അറിയിച്ചു. ശിവകുമാറിനൊപ്പം 13 മന്ത്രിമാർ സത്യപ്രതിജ്ഞ ചെെയ്തങ്കിലും മന്ത്രിസഭയിലെ ഇരുപത് സീറ്റുകള്‍ ഇപ്പൊഴും ഒഴിഞ്ഞുകിടക്കുന്നു. യുവ നിയമസഭാംഗങ്ങൾക്ക് മന്ത്രിസഭയിൽ പ്രവേശിക്കാൻ അവസരം നൽകണമെന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിര്‍ദേശിച്ചിരുന്നു. മന്ത്രിമാരാകേണ്ട നിയമസഭാംഗങ്ങളുടെ പട്ടിക ശിവകുമാര്‍ കൈവശംെവച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.
ബുധനാഴ്ച വൈകിട്ട് ന്യൂഡൽഹിയിൽ കോൺഗ്രസ് പാർലമെൻ്ററി പാർട്ടി (സി.പി,പി) അധ്യക്ഷ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, വയനാട് എം.പി പ്രിയങ്ക ഗാന്ധി എന്നിവരുമായി ശിവകുമാർ കൂടിക്കാഴ്ച നടത്തി. വിവിധ പരിപാടികളില്‍ പങ്കെടുത്ത ശേഷം മുഖ്യമന്ത്രി വെള്ളിയാഴ്ച ബംഗളൂരുവിലേക്ക് മടങ്ങും. മന്ത്രി പദം മോഹിച്ച് നിരവധി എം.എല്‍.എമാര്‍ അടുത്തിടെ ഡല്‍ഹി സന്ദര്‍ശനം നടത്തുന്നുണ്ട്. ബംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, ശിവാജിനഗർ എം.എൽ.എ റീസ് വാന്‍ അർഷാദ്, ഹനഗൽ എം.എൽ.എ ശ്രീനിവാസ് മാനെ എന്നിവർക്കൊപ്പം ഡൽഹിയിലെത്തിയിട്ടുണ്ട്. ഇവര്‍ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കണ്ടുവെന്നും രാഹുലിനെ കാണാൻ പദ്ധതിയിട്ടിരുന്നുവെന്നും റിപ്പോർട്ടുണ്ട്.
ഉപമുഖ്യമന്ത്രി ഡോ. ജി പരമേശ്വരയും ഡൽഹിയിൽ ചില എം.എൽ.എമാർക്ക് അനുകൂലമായി ലോബിയിങ് നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുണ്ട്. എം.എൽ.സി സലീം അഹമ്മദ്, എം.എൽ.എമാരായ അശോക് പട്ടൻ, നരേന്ദ്ര സ്വാമി, എ.ആർ. കൃഷ്ണമൂർത്തി എന്നിവർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഡൽഹി സന്ദർശിക്കാൻ പദ്ധതിയിടുന്നു.
എച്ച്.കെ. പാട്ടീലിനോ ദിനേശ് ഗുണ്ടു റാവുവിനോ നിയമസഭാ സ്പീക്കർ സ്ഥാനം നൽകാനുള്ള പദ്ധതിയുണ്ടെന്ന് പാർട്ടി വൃത്തങ്ങള്‍ അറിയിച്ചു. മന്ത്രിസഭാ വികസനത്തെക്കുറിച്ച് രാഷ്ട്രീയ ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്ന് മുഖ്യമന്ത്രി ഡി കെ ശിവകുമാർ പറഞ്ഞു.
യൂത്ത് കോൺഗ്രസ് ഓഫിസ്, എൻ.എസ്.യു.ഐ ഓഫിസ്, ഇന്ദിരാ ഭവന്,മഹിള കോണ്‍ഗ്രസ് ഓഫിസ് എന്നിവ സന്ദര്‍ശിച്ചു. ഇവ പാര്‍ട്ടിയുടെ നാല് തൂണുകളാണ്. കൂടാതെ പാര്‍ട്ടിനേതാവ് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കണ്ട് നന്ദി പറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.