സിദ്ധരാമയ്യ ഞായറാഴ്ച തന്റെ 'എക്സ്' പോസ്റ്റിനൊപ്പം പങ്കുവെച്ച ചിത്രം
ബംഗളൂരു: കർണാടകയിൽ 2028ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് പ്രവർത്തക സമിതി അംഗവുമായ സിദ്ധരാമയ്യ പ്രഖ്യാപിച്ചു. മാണ്ഡ്യ ജില്ലയിലെ കെ.ആർ പേട്ടയിൽ കെ.ആർ പേട്ട കൃഷ്ണയുടെ ജന്മദിന പരിപാടിയിലെ പ്രസംഗത്തിൽ പ്രഖ്യാപിച്ച തീരുമാനം അദ്ദേഹം ഞായറാഴ്ച എക്സിൽ കുറിച്ചു. രാഷ്ട്രീയം വളരെയധികം മലിനീകരിക്കപ്പെട്ടിരിക്കുന്നു. സത്യസന്ധമായ രാഷ്ട്രീയം നിലനിൽക്കാൻ പാടുപെടുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഭാവിയിലെ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കേണ്ടെന്ന് തീരുമാനിച്ചത്. മാണ്ഡ്യ പരിപാടിയിൽ പങ്കെടുത്തവർ കുറഞ്ഞത് 10 വർഷമെങ്കിലും സജീവ രാഷ്ട്രീയത്തിൽ തുടരണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
വരുണ നിയമസഭാ മണ്ഡലത്തിലെ ജനങ്ങൾ തന്നോട് വീണ്ടും മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഭാവിയിലെ ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കേണ്ടെന്നാണ് തന്റെ തീരുമാനം. നേരത്തെ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചപ്പോൾ മണ്ഡലത്തിലെ ആളുകൾ സാമ്പത്തികമായി സംഭാവന നൽകുകയും വിജയിപ്പിക്കാൻ സഹായിക്കുകയും ചെയ്തിരുന്നു. ഇന്ന് സ്ഥിതി തികച്ചും വ്യത്യസ്തമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോഴേക്കും തനിക്ക് ഏകദേശം 82 വയസ്സ് തികയും .ഇതേ അളവിലുള്ള ഊർജ്ജവും ആരോഗ്യവും ഉണ്ടായിരിക്കില്ലെന്ന് നിലവിൽ 79 വയസ്സുള്ള മുൻ മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
2028 ആവുമ്പോഴേക്കും താൻ പൊതുജീവിതത്തിൽ 50 വർഷം പൂർത്തിയാക്കും. 1978 ൽ താലൂക്ക് ബോർഡ് അംഗമായാണ് രാഷ്ട്രീയ യാത്ര ആരംഭിച്ചത്. വിജയത്തിനും പരാജയത്തിനും ഒരുപോലെ സാക്ഷ്യം വഹിച്ചിട്ടുണ്ട്.പക്ഷേ താൻ വിശ്വസിച്ച തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ മനസ്സാക്ഷിയെ വഞ്ചിക്കുകയോ ചെയ്തിട്ടില്ല, നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് തെരഞ്ഞെടുപ്പുകൾ കൂടുതൽ ചെലവേറിയതായി മാറിയെന്നും സത്യസന്ധമായ രാഷ്ട്രീയം നിലനിൽക്കാൻ പ്രയാസമാണെന്നും സിദ്ധരാമയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.