ജലവിഭവ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ഡി.കെ. ശിവകുമാർ നടത്തിയ അവലോകന യോഗത്തില്‍നിന്ന്
ബംഗളൂരു: മന്ത്രിസഭാ വികസനം ഈ ആഴ്ചക്കുള്ളിൽ അന്തിമമാക്കുമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ.
ന്യൂഡൽഹിയിലെ പാർലമെന്റ് ഹൗസിൽ എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിൽ കർണാടകയിൽ നിന്നുള്ള കോൺഗ്രസ് എം.പിമാരുമായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഇത് സംബന്ധിച്ച ചർച്ച നടത്തി. മെക്കേദാട്ടു, മഹാദായി പദ്ധതികളുടെ അവലോകനം സംസ്ഥാനത്തെ ജലസംഭരണികളിലെ സ്ഥിതി, മറ്റ് പ്രധാന കുടിവെള്ള, ജലസ്രോതസ്സുകളുടെ പ്രശ്നങ്ങൾ എന്നിവ ജലവിഭവ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ഒരു അവലോകനം നടത്തി.
മന്ത്രി രാമലിംഗ റെഡ്ഡി, ന്യൂഡൽഹിയിലെ കർണാടക സർക്കാറിന്റെ പ്രത്യേക പ്രതിനിധി ഡോ. ടി. ബി. ജയചന്ദ്ര, കർണാടക അഡ്വക്കേറ്റ് ജനറൽ കെ. ശശി കിരൺ ഷെട്ടി, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കർണാടകയുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും ജനങ്ങൾക്ക് ദീർഘകാല ജലസുരക്ഷ ഉറപ്പാക്കുന്നതിനും എല്ലാ നിയമപരവും ഭരണപരവുമായ വഴികളും പിന്തുടരാൻ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ് മുഖ്യമന്ത്രി പറഞ്ഞു.
ചൊവ്വാഴ്ച കോൺഗ്രസ് ഹൈകമാൻഡ് നേതാക്കളുമായി ഡി.കെ ശിവകുമാര്‍ കൂടിക്കാഴ്ച നടത്തും. മന്ത്രിസഭ വികസനത്തിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യും. മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നവരും നിലവിലെ സ്ഥാനങ്ങളില്‍ അതൃപ്തരായവരും ഏറെയുള്ളതിനാല്‍ ശിവകുമാറിനും ഹൈക്കമാൻഡിനും ബുദ്ധിമുട്ടുള്ള ഒരു ജോലിയാണ് മുന്നിലുള്ളത്. ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയാൽ ബംഗളൂരുവിൽ ഒരു സർവകക്ഷി യോഗം വിളിച്ച് ചില പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.