ബംഗളൂരു: ദാരിദ്ര്യരേഖക്ക് താഴെയുള്ള (ബിപിഎൽ) റേഷൻ കാർഡുകളുടെ വാർഷിക വരുമാന പരിധി 1.20 ലക്ഷം രൂപയിൽ നിന്ന് മൂന്ന് ലക്ഷമായി ഉയർത്താൻ കർണാടക സർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി കെ.എച്ച്. മുനിയപ്പ പറഞ്ഞു.സംസ്ഥാന ഗ്യാരണ്ടി സ്കീം ഇംപ്ലിമെന്റേഷൻ അതോറിറ്റി ചെയർമാൻ എച്ച്.എം. രേവണ്ണയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നു അദ്ദേഹം. ഭരണപരിഷ്കാര കമീഷന്റെ ശിപാർശകളുടെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്ന് മന്ത്രി പറഞ്ഞു.
6000 കോടി രൂപയുടെ ഇന്ദിര കിറ്റ് പദ്ധതിയുടെ ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണ്. അടുത്ത രണ്ട് മാസത്തിനുള്ളിൽ വിതരണം ആരംഭിക്കും. നിർദ്ദിഷ്ട കിറ്റിൽ അഞ്ച് കിലോ അരി, ഒരു കിലോ വീതം തുവര പരിപ്പ്, ചെറുപയർ, പഞ്ചസാര, ഉപ്പ്, ഒരു ലിറ്റർ പാചക എണ്ണ എന്നിവ ഉൾപ്പെടും.
കർണാടകയെ വിശപ്പ് രഹിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി അന്ന ഭാഗ്യ പദ്ധതി പ്രകാരം 4.42 കോടി ഗുണഭോക്താക്കൾക്ക് നിലവിൽ 10 കിലോ അരി ലഭിക്കുന്നുണ്ട്. ഒരു കാർഡും റദ്ദാക്കില്ലെന്നും പകരം കേന്ദ്ര സർക്കാരിന്റെ മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി യോഗ്യതയില്ലാത്ത ബിപിഎൽ കാർഡ് ഉടമകളെ ദാരിദ്ര്യരേഖക്ക് മുകളിലുള്ള (എപിഎൽ) വിഭാഗത്തിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.
പൊതുവിതരണ സമ്പ്രദായത്തിലെ (പിഡിഎസ്) ഭക്ഷ്യധാന്യങ്ങളുടെ വഴിതിരിച്ചുവിടൽ തടയുന്നതിനായി വകുപ്പ് വെയർഹൗസുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും ഭക്ഷ്യധാന്യ ഗതാഗത വാഹനങ്ങൾക്ക് ജിപിഎസ് ട്രാക്കിംഗ് ഏർപ്പെടുത്തുകയും ഒരു കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ സ്ഥാപിക്കുകയും ചെയ്തു. തൂക്കങ്ങളുടെയും അളവുകളുടെയും നിരീക്ഷണം ശക്തിപ്പെടുത്തുന്നതിനായി 33 അധിക പരിശോധന വാഹനങ്ങളും വിന്യസിച്ചിട്ടുണ്ട്. എൻഫോഴ്‌സ്‌മെന്റ് നടപടികളിലൂടെ വകുപ്പ് 1497 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 50 കോടി രൂപയുടെ പൊതുവിതരണ സമ്പ്രദായ ഭക്ഷ്യധാന്യങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നും മുനിയപ്പ പറഞ്ഞു.
20,259 ന്യായവില കടകൾ രാവിലെ ആറ് മുതൽ രാത്രി 10 വരെ തുറന്നിരിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്, കൂടാതെ 1967 എന്ന ഹെൽപ്പ് ലൈനിലൂടെ നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യണമെന്നും ഗുണഭോക്താക്കളോട് അഭ്യർത്ഥിച്ചു. ഗുണഭോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോണുകൾ ഉപയോഗിച്ച് ഇ-കെവൈസി പൂർത്തിയാക്കാൻ അനുവദിക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. 2013ൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 50,000 രൂപയാണ് അയൽ സംസ്ഥാനമായ കേരളത്തിൽ ബി.പി.എൽ കാർഡുകളൂടെ വാർഷിക വരുമാന പരിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.