ബംഗളൂരു: ജൂലൈ 15ലെ ഉത്തരവ് പ്രകാരം പരിഷ്കരിച്ച കർണാടകയിലെ എസ്.ഐ.ആറിന്റെ ഓരോ ഘട്ടത്തിനും നിലവിൽ വിജ്ഞാപനം ചെയ്തിരിക്കുന്ന സമയപരിധി മൂന്ന് മാസമായി നീട്ടാൻ ഇ.സി.ഐയോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് എഴുത്തുകാരൻ ദേവനുരു മഹാദേവ, ചരിത്രകാരൻ രാമചന്ദ്ര ഗുഹ, മേജർ ജനറൽ എസ്.ജി വൊംബത്കെരെ, മുൻ വൈസ് ചാൻസലർ സഭിഹ ഭൂമിഗൗഡ എന്നിവർ സമർപ്പിച്ച പൊതുതാൽപര്യ ഹരജിയിൽ വാദം കേൾക്കുന്നത് കർണാടക ഹൈകോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.
സുപ്രീം കോടതി എസ്.ഐ.ആറിനായി പുറപ്പെടുവിച്ച മാർഗനിർദേശങ്ങളുടെ വിശദാംശങ്ങൾ ഹാജരാക്കാൻ ഹരജിക്കാരുടെ അഭിഭാഷകൻ സമയം തേടിയതിനെത്തുടർന്ന് ചീഫ് ജസ്റ്റിസ് വിഭു ബഖ്രു, ജസ്റ്റിസ് കെ.എസ്. ഹേമലേഖ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വാദം കേട്ട ശേഷം പിരിഞ്ഞു.
എസ്.ഐ.ആറിന് ശേഷം വോട്ടർ പട്ടികയിൽ ഉൾപ്പെടാത്ത വ്യക്തികളിൽനിന്ന് സാമൂഹിക ക്ഷേമപദ്ധതികള്‍ പിൻവലിക്കരുതെന്ന് സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറിയോട് നിർദേശിക്കണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ എല്ലാ പോളിങ് ബൂത്തുകളിലും പ്രവർത്തനക്ഷമമായ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ സ്ഥാപിക്കാനും പ്രവർത്തിപ്പിക്കാനും കർണാടക ഇലക്ഷൻ കമീഷണർക്കും മുഖ്യ ഇലക്ടറൽ ഓഫിസർക്കും നിർദേശം നൽകണമെന്ന് ഹരജിക്കാര്‍ കോടതിയോട് അഭ്യർഥിച്ചു.
'മറ്റ്' ഉപവിഭാഗത്തിൽ ഏതൊക്കെയാണ് വരുന്നതെന്ന് വ്യക്തമാക്കാൻ ഇ.സി.ഐയോട് നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും വെളിപ്പെടുത്താത്തതും നിർദിഷ്ട കാരണങ്ങൾ രേഖപ്പെടുത്താതെയും വോട്ടറെ അറിയിക്കാതെയും ആ ഉപവിഭാഗത്തിന് കീഴിലുള്ള കരട് വോട്ടർ പട്ടികയിൽനിന്ന് ഒരു വോട്ടറുടെയും പേര് ഒഴിവാക്കരുതെന്ന് നിർദേശിക്കണമെന്നും ഹരജിക്കാർ കോടതിയോട് അഭ്യർഥിച്ചു. ഒരു വോട്ടറുടെ പേര് പൊരു
ത്തക്കേടായി അടയാളപ്പെടുത്തുന്നതിന് കാരണമാകുന്ന മാനദണ്ഡങ്ങൾ വ്യക്തവും ആക്സസ് ചെയ്യാവുന്നതുമായ രേഖാമൂലമുള്ള രൂപത്തിൽ പ്രസിദ്ധീകരിക്കാൻ ഇ.സി.ഐയോട് നിർദേശം നൽകണമെന്നും കരട് വോട്ടർ പട്ടികയിൽ നിന്ന് പേര് ഒഴിവാക്കുന്നതിന് മുമ്പ് വോട്ടർക്ക് മുൻകൂർ അറിയിപ്പ് നൽകാതെയും ,ന്യായമായ അവസരം നൽകാതെയും ഒരു വോട്ടറുടെ പേരും നീക്കം ചെയ്യരുതെന്ന് നിർദേശിക്കണമെന്നും അവർ കോടതിയോട് അഭ്യർഥിച്ചു.
ജൂൺ 15ന് കർണാടക സർക്കാർ അയച്ച കത്തിൽ ഉന്നയിച്ച പ്രത്യേക ആശങ്കകൾ പരിഗണിക്കാനും സംസ്ഥാനത്തെ എസ്.ഐ.ആറിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് രേഖാമൂലമുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാനും ഇ.സി.ഐക്ക് നിർദേശം നൽകണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.