നിയമസഭ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചന്നപട്ടണയിൽ കോൺഗ്രസ് വിളിച്ചുചേർത്ത യോഗത്തിൽ ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ, സഹോദരനും മുൻ എം.പിയുമായ ഡി.കെ. സുരേഷ് തുടങ്ങിയവർ
ബംഗളൂരു: കർണാടക നിയമസഭ ഉപതെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി. ഹാവേരി ജില്ലയിലെ ഷിഗ്ഗോൺ, ബെള്ളാരിയിലെ സന്ദൂർ എന്നീ മണ്ഡലങ്ങളിലാണ് ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രിയും ഹാവേരി എം.പിയുമായ ബസവരാജ് ബൊമ്മൈയുടെ മകൻ ഭരത് ബസവരാജ് ബൊമ്മൈയാണ് ഷിഗ്ഗോണിലെ സ്ഥാനാർഥി. ബസവരാജ് ബൊമ്മൈ ഷിഗ്ഗോൺ എം.എൽ.എയായിരിക്കെ ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ എം.എൽ.എ സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് മണ്ഡലത്തിൽ ഒഴിവ് വന്നത്. സന്ദൂറിൽ ബംഗാരു ഹനുമന്തുവാണ് സ്ഥാനാർഥി. സന്ദൂർ എം.എൽ.എയായിരുന്ന കോൺഗ്രസിന്റെ ഇ. തുക്കാറാം ബെള്ളാരി ലോക്സഭ എം.പിയായതോടെ രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ്.
ഭരത് ബസവരാജ് ബൊമ്മൈ
അതേസമയം, ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നാമത്തെ മണ്ഡലമായ രാമനഗര ചന്നപട്ടണയിൽ ബി.ജെ.പി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഈ സീറ്റ് സഖ്യകക്ഷിയായ ജെ.ഡി.എസിന് കൈമാറുമെന്നാണ് വിവരം. ചന്നപട്ടണ എം.എൽ.എയായിരുന്ന എച്ച്.ഡി. കുമാരസ്വാമി മാണ്ഡ്യയിൽനിന്ന് എം.പിയായതോടെയാണ് നിയമസഭ സീറ്റിൽ ഒഴിവ് വന്നത്. ചന്നപട്ടണ സീറ്റിനായി ബി.ജെ.പി നേതാവ് സി.പി. യോഗേശ്വർ പരസ്യമായി രംഗത്തുണ്ട്. ഇതിനകം പലതവണ നേതൃത്വവുമായി യോഗേശ്വർ ചർച്ച നടത്തിയിരുന്നു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്നു സീറ്റിലും കോൺഗ്രസ് ഇതുവരെ സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ല. സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമാണ്. ചന്നപട്ടണ സീറ്റ് ജെ.ഡി.എസിൽനിന്ന് പിടിക്കാൻ ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ തന്നെ നേരിട്ട് ഇറങ്ങിയിരിക്കുകയാണ്. ബംഗളൂരു റൂറൽ ലോക്സഭ മണ്ഡലത്തിൽ അപ്രതീക്ഷിതമായി ഏറ്റ തോൽവിക്ക് ജെ.ഡി.എസ് കോട്ടയിൽ കണക്കുതീർക്കുകയാണ് ശിവകുമാറിന്റെ ലക്ഷ്യം. ചന്നപട്ടണയിൽ ഇതിനകം നിരവധി സന്ദർശനങ്ങൾ നടത്തിയ അദ്ദേഹം, ശനിയാഴ്ച സഹോദരൻ ഡി.കെ. സുരേഷിനും മറ്റും നേതാക്കൾക്കുമൊപ്പം കോൺഗ്രസ് പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.