ബംഗളൂരു: മൈസൂരു നഗരത്തിൽ പൊതുഗതാഗതം തെരഞ്ഞെടുക്കുന്നവര്‍ വൃത്തിഹീനമായമായതും പഴയതുമായ കർണാടക ട്രാൻസ്പോർട്ട് ബസുകളില്‍ യാത്ര ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. കീറിയ സീറ്റുകൾ, മോശം അറ്റകുറ്റപ്പണികള്‍ എന്നിവ ചൂണ്ടിക്കാട്ടി നിരവധി യാത്രക്കാര്‍ പരാതി നല്‍കിയിരുന്നു.
കൂടാതെ ഈ വാഹനങ്ങളിൽ നിന്നുയരുന്ന പുക വായു മലിനീകരണത്തിന് കാരണമാകുന്നുമുണ്ട്. ബംഗളൂരു, മംഗളൂരു ഡിപ്പോകളിൽനിന്ന് കൊണ്ടുവന്ന പല ബസുകളും ബി.എം.ടി.സിയുടെ വെള്ള-നീല നിറങ്ങളോ നീല നിറം മാത്രമായോ പെയിന്റ് ചെയ്യുകയും അവയുടെ യഥാർഥ രജിസ്ട്രേഷൻ നമ്പറുകൾ നിലനിർത്തുകയും ചെയ്യുന്നു. ഇവ പുതിയ ബസുകളല്ലെന്നും പഴയ ബസുകള്‍ മാറ്റം വരുത്തി നിരത്തിലിറക്കുകയാണെന്നും ഇതില്‍നിന്ന് വ്യക്തമാണ്. ഇവ ചെറിയ റൂട്ടുകളില്‍ മാത്രമല്ല സര്‍വിസ് നടത്തുന്നത്. ചാമുണ്ടി ഹിൽ, ഇൻഫോസിസ് കാമ്പസ്, കെ.ആർ.എസ് തുടങ്ങിയ ദീർഘദൂര റൂട്ടുകളിൽ പഴയ ബസുകൾ സര്‍വിസുകള്‍ നടത്തുന്നത് സുരക്ഷയെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിക്കുന്നു. ബംഗളൂരുവില്‍ 10 വര്‍ഷത്തിലേറെ ദീര്‍ഘദൂര സര്‍വിസ് നടത്തിയ ബസുകള്‍ മൈസൂരില്‍ തള്ളുകയാണെന്ന് സാമൂഹിക പ്രവർത്തകൻ രവി കീർത്തി ആരോപിച്ചു. കെ.എസ്.ആർ.ടി.സിയിൽനിന്ന് ലഭിച്ച റിപ്പോർട്ട് പ്രകാരം മൈസൂരുവിൽ നഞ്ചൻകോഡ്, കുവെമ്പുനഗർ, സതഗള്ളി, വിജയനഗർ എന്നീ നാല് കെ.എസ്.ആർ.ടി.സി ഡിപ്പോകളുണ്ട്. 2010നും 2024നും ഇടയിൽ ആകെ 540 ബസുകളാണ് ഇവിടെ സര്‍വിസ് നടത്തുന്നത്. 2010നും 2014നും ഇടയിൽ നാല് ഡിപ്പോകൾക്കും കൂടി 272 ബസുകൾ ലഭിച്ചു.
2015 മുതൽ 2019 വരെ മൈസൂരുവിന് 190 ബസുകൾ, 2020 മുതൽ 2025 വരെയുള്ള കാലയളവിൽ 78 ബസുകൾ, 2020ലും 2023ലും ഏഴ് ബസുകൾ വീതമാണ് ലഭിച്ചത്. അതേസമയം 2024ൽ 64 ബസുകൾ കൂടുതലും പുതുതായി അനുവദിച്ചു എന്നത് ശ്രദ്ധേയമാണ്.
കൂടാതെ റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ (ആർ.ടി.ഒ)യുടെ റിപ്പോര്‍ട്ട് പ്രകാരം മൈസൂരുവിലെ 540 ബസുകളിൽ 230 ബസുകൾ (42.6 ശതമാനം) മാത്രമേ കെഎ-09 സീരീസിന് കീഴിൽ പ്രാദേശികമായി രജിസ്റ്റർ ചെയ്തിട്ടുള്ളൂ എന്നാണ്.
ശേഷിക്കുന്ന 57.4 ശതമാനം മറ്റ് ജില്ലകളിൽനിന്നും നഗരങ്ങളിൽനിന്നും നീക്കം ചെയ്ത ബസുകളാണ്. ബംഗളൂരു സെൻട്രലിൽനിന്നുള്ള ഏഴ് ബസുകൾ (കെ.എ-01 സീരീസ്), ചാമരാജനഗറിൽനിന്ന് (കെ.എ-10), മാണ്ഡ്യയിൽനിന്ന് 24 (കെ.എ-11), ചിക്കബെല്ലാപുരയിൽനിന്ന് 30 (കെ.എ-40), രാമനഗരയിൽനിന്ന് 46 (കെ.എ-42), ബംഗളൂരു അർബൻ ബി.എം.ടി.സിയിൽനിന്നുള്ള 75 ബസുകൾ (കെ.എ-57), മംഗളൂരു (കെ.എ-19), ഹുൻസൂർ (കെ.എ-45), കെ.ആർ തുടങ്ങിയ ഡിപ്പോകളിൽനിന്നാണ് ബസുകള്‍ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.