സംസ്ഥാന മിനിമം വേജ് അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എം. ഷാഹിദ്
തെക്കിൽ ഭിന്നശേഷിക്കാർക്കുള്ള മുച്ചചക്ര വാഹന വിതരണം ഉദ്ഘാടനം ചെയ്യുന്നു
ബംഗളൂരു: ഭിന്നശേഷിക്കാർക്ക് സമൂഹത്തിൽ തുല്യമായ പുരോഗതി കൈവരിക്കുന്നതിനായി അവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ എത്രയും വേഗത്തിൽ ലഭ്യമാക്കണമെന്ന് കർണാടക സംസ്ഥാന മിനിമം വേജ് അഡ്വൈസറി ബോർഡ് ചെയർമാൻ ടി.എം. ഷാഹിദ് തെക്കിൽ പറഞ്ഞു. വെള്ളിയാഴ്ച പദവിനങ്ങാടി ദേവിനഗറിൽ ദക്ഷിണ കന്നഡ ജില്ല ഭരണകൂടം, ജില്ലാ പഞ്ചായത്ത്, തൊഴിൽ വകുപ്പ്, ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പ്, വ്യവസായ സുരക്ഷാ-ആരോഗ്യ വകുപ്പ്, ഭിന്നശേഷി-മുതിർന്ന പൗരക്ഷേമ വകുപ്പ്, ഗതാഗത വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ഭിന്നശേഷിക്കാർക്കുള്ള ത്രിചക്ര വാഹന വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ ഭിന്നശേഷിക്കാർക്ക് യാതൊരു കുറവുമില്ലാതെ മുന്നേറാൻ സാധിക്കണം. ഈ ലക്ഷ്യത്തോടെ വിവിധ വകുപ്പുകൾ അവർക്കുള്ള ആനുകൂല്യങ്ങൾ വൈകാതെ നൽകണം. മറ്റുള്ളവരെപ്പോലെ ജോലി ചെയ്യാനും സേവനമനുഷ്ഠിക്കാനും അവർക്ക് ഇത്തരം സൗകര്യങ്ങൾ സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി മിനിമം വേതനം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിിച്ചേർത്തു.
മുഖ്യമന്ത്രി സിദ്ധരാമയ്യയും തൊഴിൽ മന്ത്രി സന്തോഷ് ലാഡും തൊഴിലാളികളുടെയും ഭിന്നശേഷിക്കാരുടെയും കാര്യത്തിൽ വലിയ താല്പര്യമുള്ളവരാണെന്നും സർക്കാർ ഇവർക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
കർണാടക ഇക്കോ ടൂറിസം ഡെവലപ്മെന്റ് ബോർഡ് ചെയർപേഴ്സൺ ഷാലറ്റ് ലവീന പിന്റോ, കർണാടക കാഷ്യൂ ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർപേഴ്സൺ മമത ഗട്ടി എന്നിവർ സംസാരിച്ചു. കൊങ്കണി അക്കാദമി ചെയർമാൻ ജോക്കിം സ്റ്റാൻലി അൽവാരിസ്, മംഗളൂരു നഗരാഭിവൃദ്ധി അതോറിറ്റി ചെയർമാൻ സദാശിവ ഉള്ളാൾ, ജില്ല കലക്ടർ എച്ച്.വി. ദർശൻ, ഫാക്ടറീസ് ഡെപ്യൂട്ടി ഡയറക്ടർ രാജേഷ് മിഷ്രിക്കോട്ടി, എം.ആർ.പി.എൽ അഡ്മിനിസ്ട്രേഷൻ സി.ജി.എം പ്രശാന്ത് ബാലിഗ പങ്കെടുത്തു. തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥൻ കുമാർ സ്വാഗതവും വിൽമ എലിസബത്ത് നന്ദിയും പറഞ്ഞു.
90 മുച്ചക്ര സ്കൂട്ടർ വിതരണം ചെയ്തു. എം.ആർ.പി.എൽ (50), എം.സി.എഫ് (27), ബി.എസ്.എഫ് (അഞ്ച്), യെനെപ്പോയ യൂനിവേഴ്സിറ്റി (മൂന്ന്) സ്കൂട്ടറുകളും അരവിന്ദ്, മാണ്ഡോവി, ക്യാമ്പ്കോ, ഇൻവെഞ്ചർ ടെക്നോളജി എന്നീ സ്ഥാപനങ്ങൾ ഓരോന്ന് വീതവും സ്പോൺസർ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.