ബംഗളൂരു: പുതിയ റാഷനൈസേഷനല് നിയമങ്ങള്‍ റദ്ദാക്കണമെന്നും ഓണറേറിയം വര്‍ധിപ്പിക്കണമെന്നുമാവശ്യപ്പെട്ട് ആശ വര്‍ക്കര്‍മാര്‍ ഫ്രീഡം പാർക്കിൽ പ്രതിഷേധ പ്രകടനം നടത്തി.
ഓണറേറിയം 15,000 രൂപയക്കണമെന്ന തൊഴിലാളികളുടെ ആവശ്യം വകുപ്പുതല ചർച്ചക്ക് ശേഷം 10,000 രൂപയാക്കി നിശ്ചയിച്ചു. ഇതോടൊപ്പം 1,000 ആളുകള്‍ക്ക് ഒരു ആശ വര്‍ക്കര്‍ എന്ന കണക്കില്‍ നിന്നും 2,000 ആളുകള്‍ക്ക് ഒരു ആശ വര്‍ക്കര്‍ എന്ന രീതിയിലാക്കി. ഇത് ഇവരുടെ ജോലി ഭാരം ഇരട്ടിയാക്കി. പുതിയ നിയമം പ്രബല്യത്തില്‍ വരുന്നതോടെ ഏകദേശം 7000 ത്തിലധികം പേരുടെ തൊഴില്‍ നഷ്ടമാകും. മറ്റ് സർക്കാർ ജീവനക്കാരെപ്പോലെ നിശ്ചിത തീയതിയിൽ നിശ്ചിത ശമ്പളം ലഭിക്കണം.
ചെലവുകൾ ആസൂത്രണം ചെയ്യാൻ കഴിയുന്ന തരത്തിൽ എപ്പോൾ ശമ്പളം ലഭിക്കുമെന്ന് അറിയാന്‍ സാധിക്കുന്നില്ല. 1,000 പേരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുക എന്നത് തന്നെ വളരെ ബുദ്ധിമുട്ടാണ്. 2,000 പേരാകുമ്പോൾ ജോലിഭാരം ഇരട്ടിയാകുമെന്നും തങ്ങളെ ചൂഷണം ചെയ്യുകയാണെന്നും തൊഴിലാളികള്‍ ആരോപിച്ചു.
മാർച്ച് ആറിന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് ആശ വര്‍ക്കര്‍മാര്‍ മുന്നറിയിപ്പ് നൽകി. അഞ്ച് ലക്ഷം രൂപയുടെ വിരമിക്കൽ ഫണ്ട്, ഗുരുതര രോഗം ബാധിച്ച തൊഴിലാളികളുടെ ചികിത്സ ചെലവ് വഹിക്കാൻ കോർപ്പസ് ഫണ്ട്, ഗുരുതര രോഗം ബാധിച്ച തൊഴിലാളികൾക്ക് മൂന്ന് മാസത്തെ റിക്കവറി കാലയളവിൽ പ്രതിമാസ ഓണറേറിയം എന്നിവയും തൊഴിലാളികൾ ആവശ്യപ്പെടുന്നുവെന്ന് ആശ യൂനിയന്‍ സംസ്ഥാന സെക്രട്ടറി ഡി. നാഗലക്ഷ്മി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.