ബംഗളൂരു:സന്നദ്ധ സംഘടനയായ ഡിമെൻഷ്യ ഇന്ത്യ അലയൻസിന്റെ ആഭിമുഖ്യത്തിൽ നാഷനൽ ഡിമെൻഷ്യ ഹെൽപ് ലൈൻ ആരംഭിച്ചു. ഡിമെൻഷ്യ (മറവിരോഗം) ബാധിച്ചവർക്ക് സൗജന്യ ഓർമ പരിശോധന അടക്കമുള്ള സേവനങ്ങൾ ഹെൽപ് ലൈൻ വഴി ലഭിക്കും. 8585990990 എന്ന നമ്പറിൽ വിളിച്ചാൽ രോഗവിവരങ്ങൾ നൽകുകയും സമീപത്ത് എവിടെ സഹായം ലഭിക്കും എന്നതടക്കമുള്ള മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യും.
രോഗം തുടക്കത്തിൽതന്നെ കണ്ടെത്തുന്നത് ചികിത്സയിൽ പ്രധാനമായതിനാൽ ഇതിന് സഹായകമാവുന്നതിനായാണ് ഹെൽപ് ലൈൻ ഒരുക്കിയത്. തിങ്കൾ മുതൽ ശനി വരെ രാവിലെ എട്ടു മുതൽ വൈകീട്ട് ആറുവരെ ഹെൽപ് ലൈൻ നമ്പറിൽ വിളിക്കാം. ഇംഗ്ലീഷ്, മലയാളം, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക് ഭാഷകളിൽ സേവനം ലഭിക്കും. രോഗികൾ ആവശ്യപ്പെടുകയാണെങ്കിൽ ഹെൽപ് ലൈൻ വഴി തന്നെ അവരെ ഓൺലൈൻ ക്ലിനിക്കായ ഡെംക്ലിനിക്കിലേക്ക് (www.DemClinic.com) കണക്ട് ചെയ്യും.
സൈക്യാട്രിസ്റ്റുകളും ന്യൂറോളജിസ്റ്റുകളുമടക്കം 12 സ്പെഷലിസ്റ്റുകളുടെ സേവനം ഓൺലൈൻ ക്ലിനിക്കിൽ ലഭിക്കും. നിലവിൽ ഇന്ത്യയിൽ 90 ലക്ഷം പേർ ഡിമെൻഷ്യ ബാധിതരാണെന്നാണ് കണക്ക്. ഇതിൽ 46,000 പേർ ബംഗളൂരു നിവാസികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.