ബംഗളൂരു: ഹെബ്ബാൾ മേൽപാലത്തിൽ ബുധനാഴ്ചമുതൽ പ്രവൃത്തി നടക്കുന്നതിനാൽ മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമീഷണർ ബി. ദയാനന്ദ അറിയിച്ചു. മേൽപാലത്തിലെ ഗതാഗതക്കുരുക്ക് തടയാൻ പുതിയ രണ്ടു ലൈൻ പാതകൂടി നിർമിക്കുന്ന പ്രവൃത്തിക്കാണ് വ്യാഴാഴ്ച തുടക്കമാവുന്നത്.
ബംഗളൂരു വികസന അതോറിറ്റിക്ക് (ബി.ഡി.എ) കീഴിലാണ് പ്രവൃത്തി. പുതിയ പാതകൾ നിർമിക്കുന്നതിനാൽ ഹെബ്ബാൾ മേൽപാലത്തിൽനിന്ന് കെ.ആർ പുരം റോഡിലേക്ക് ടച്ച് ചെയ്യുന്ന കണക്ഷൻ പാതകൾ വേർപെടുത്തും. ബുധനാഴ്ചമുതൽ മേൽപാലത്തിലെ കെ.ആർ പുരം റോഡിൽ ഇരുചക്രവാഹനങ്ങൾക്ക് മാത്രമാകും പ്രവേശനം.
ഔട്ടർ റിങ് റോഡിൽ നാഗവാര ഭാഗത്തുനിന്ന് മേക്രി സർക്കിൾ വഴി ബംഗളൂരു സിറ്റിയിലേക്ക് വരുന്ന വാഹനങ്ങൾ മേൽപാലത്തിന് താഴെ ഹെബ്ബാൾ സർക്കിളിൽനിന്ന് വലത്തോട്ട് കോടിഗെഹള്ളി ഭാഗത്തേക്ക് തിരിഞ്ഞ് യുടേൺ എടുത്ത് സർവിസ് റോഡ് വഴി സിറ്റി റോഡിൽ പ്രവേശിക്കണം.
കെ.ആർ പുരം ഭാഗത്തുനിന്ന് ബംഗളൂരു സിറ്റിയിലേക്ക് വരുന്ന വാഹനങ്ങൾ ഐ.ഒ.സി -മുകുന്ദ തിയറ്റർ റോഡ്, ലിംഗരാജപുരം ഫ്ലൈഓവർ റൂട്ട്, നാഗവാര-ടാണറി റോഡ് തുടങ്ങിയ ബദൽ റോഡുകൾ ഉപയോഗപ്പെടുത്തണം. ഹെഗ്ഡെ നഗർ-തനിസാന്ദ്ര ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ജി.കെ.വി.കെ-ജാക്കൂർ റോഡ് ഉപയോഗിച്ച് ബംഗളൂരു സിറ്റി റോഡിൽ പ്രവേശിക്കണം.
കെ.ആർ പുരത്തുനിന്ന് യശ്വന്ത്പുര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഹെബ്ബാൾ ഫ്ലൈഓവർ വഴി നേരെ ബി.ഇ.എൽ സർക്കിളിൽ പോയി ഇടത്തോട്ട് തിരിഞ്ഞ് സദാശിവനഗർ പി.എസ് ജങ്ഷനിലെത്തണം. അവിടെനിന്ന് വലത്തോട്ടു തിരിഞ്ഞ് ഐ.ഐ.എസ് സി റോഡ് വഴി യശ്വന്ത്പുരിലേക്ക് പോകണം. കെ.ആർ പുരം, ഹെന്നൂർ, എച്ച്.ആർ.ബി.ആർ ലേഔട്ട്, ബാനസ്വാഡി, കെ.ജി ഹള്ളി പരിസരപ്രദേശങ്ങൾ എന്നിവിടങ്ങളിൽനിന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്നവർ ഹെന്നൂർ-ബാഗലൂർ റോഡ് വഴി വിമാനത്താവളത്തിലേക്ക് പോകണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.