സഖി ഓട്ടോ
ബംഗളൂരു: വനിത യാത്രികർക്ക് മാത്രമായി ബംഗളൂരുവിൽ ‘സഖി ഓട്ടോ’ഫെബ്രുവരി 14ന് ആരംഭിക്കും. ഓട്ടോ ഓടിക്കുന്നതും സ്ത്രീകളായതിനാൽ നഗരത്തിലെ പെൺയാത്ര സുരക്ഷിതമാകുമെന്നാണ് പ്രതീക്ഷ. റൈഡ്-ഹെയ്ലിങ് സേവനങ്ങളിൽ വർധിച്ചുവരുന്ന സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരമെന്ന നിലയിലാണ് സംരംഭമെന്ന് അധികൃതർ പറഞ്ഞു.
ദിവസവും രാവിലെ ആറ് മുതൽ അർധരാത്രി വരെ സഖി ഓട്ടോ സേവനം ലഭ്യമാകും. ആവശ്യക്കാർ വർധിച്ചാൽ 24 മണിക്കൂറാക്കി മാറ്റും. കഴിഞ്ഞ മാസം നടത്തിയ 17 പരീക്ഷണ ട്രിപ്പുകൾ വിജയമായിരുന്നു. മറ്റു പല റൈഡ്-ഹെയ്ലിങ് സേവനങ്ങളിലും കാണുന്ന ‘സർജ് പ്രൈസിങ്’സഖി ഓട്ടോയിൽ ഉണ്ടാവില്ല. ആദ്യ രണ്ട് കിലോമീറ്ററിന് 50 രൂപയാണ് കുറഞ്ഞ നിരക്ക്. അതിനുശേഷം ഓരോ അധിക കിലോമീറ്ററിനും 20 രൂപ വീതം ഈടാക്കും.
ബംഗളൂരുവിലെ യാത്രക്കാർക്ക് ride.sakhiwomen.in എന്ന വെബ് പ്ലാറ്റ്ഫോം വഴിയോ 63619 33364 എന്ന വാട്ട്സ്ആപ് നമ്പറിലൂടെയോ സവാരി ബുക്ക് ചെയ്യാം. ഇതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ ഒരുങ്ങുന്നുണ്ട്.
21നും 40നും ഇടയിൽ പ്രായമുള്ള, മുൻപരിചയമുള്ള 50 വനിത ഡ്രൈവർമാരെ സഖി ഓട്ടോ കണ്ടെത്തി. തുടക്കത്തിൽ, ഓട്ടത്തിലൂടെ ലഭിക്കുന്ന മുഴുവൻ വരുമാനവും ഡ്രൈവർമാർക്ക് ലഭിക്കും. ഭാവിയിൽ കമീഷൻ അധിഷ്ഠിത മോഡൽ കൊണ്ടുവന്നേക്കാമെന്നാണ് വിവരം. ട്രാൻസ് വനിത ഡ്രൈവർമാരെയും പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.