വിജയനഗറിലെ കൈയേറ്റ ഭൂമിയിലെ അനധികൃത നിർമാണം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നീക്കുന്നു
ബംഗളൂരു: നാലര പതിറ്റാണ്ട് മുമ്പ് മുൻ മൈസൂരു നഗരവികസന അതോറിറ്റി (മുഡ) സ്പോർട്സ് കോംപ്ലക്സിനായി ഏറ്റെടുത്ത വിജയനഗർ മൂന്നാം ഘട്ടത്തിലെ ഏഴ് ഏക്കർ ഭൂമി കൈയേറ്റക്കാരിൽനിന്ന് തിരിച്ചുപിടിച്ചു. കൈയേറ്റക്കാരുടെ ആത്മഹത്യ ഭീഷണിക്കും നാടകീയരംഗങ്ങൾക്കും ഒടുവിലാണ് മൈസൂരു വികസന അതോറിറ്റി (എം.ഡി.എ) ഉദ്യോഗസ്ഥർ പൊലീസ് സഹായത്തോടെ 140 കോടി രൂപ വിലമതിക്കുന്ന ഭൂമി തിരിച്ചുപിടിച്ചത്.
പൊളിച്ചുമാറ്റിയ ഷെഡിന്റെ അവശിഷ്ടം
1984ലാണ് എം.ഡി.എ ഉടമസ്ഥതയിലുള്ള ഭൂമി അന്നത്തെ മുഡ അധികൃതർ ഏറ്റെടുത്തത്. എന്നാൽ, കായിക പരിശീലന കേന്ദ്രം നിർമിക്കാതെ അന്യാധീനമായ ഭൂമി സ്വകാര്യവ്യക്തികൾ കൈയേറി ഉപയോഗിക്കുകയായിരുന്നു. എം.ഡി.എ ചെയർമാൻ കൂടിയായ ഡെപ്യൂട്ടി കമീഷണർ (ഡി.സി) ജി. ലക്ഷ്മികാന്ത് റെഡ്ഡിയുടെ നിർദേശപ്രകാരമാണ് പുലർച്ച 5.30ന് പൊളിക്കൽ നടപടി ആരംഭിച്ചത്. എം.ഡി.എ ഉദ്യോഗസ്ഥരും വിജയനഗർ, ജയലക്ഷ്മിപുരം പൊലീസ് സ്റ്റേഷനുകളിലെ 50 പൊലീസ് ഉദ്യോഗസ്ഥരും മണ്ണുമാന്തി യന്ത്രങ്ങളുമായി സ്ഥലത്തെത്തി അനധികൃത നിർമാണം പൊളിച്ചുമാറ്റി. രാവിലെ 9.30 വരെ കൈയേറ്റം ഒഴിപ്പിച്ചശേഷം ഭൂമി മുഴുവൻ വേലി കെട്ടി സുരക്ഷിതമാക്കി.
യഥാർഥ ഭൂവുടമകൾക്ക് വലിയ തുക നഷ്ടപരിഹാരം നൽകിയാണ് 42 വർഷം മുമ്പ് മുഡ ഭൂമി ഏറ്റെടുത്തിരുന്നത്. രേഖകൾ പരിശോധിച്ചപ്പോൾ ഭൂമി എം.ഡി.എയുടേതാണെന്ന് കണ്ടെത്തി തിരിച്ചുപിടിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് എം.ഡി.എ കമീഷണർ കെ.ആർ. രക്ഷിത് പറഞ്ഞു. ഒഴിപ്പിക്കാൻ സമീപിച്ച ഉദ്യോഗസ്ഥരെ കൈയേറ്റക്കാർ പലതവണ ഭീഷണിപ്പെടുത്തി. പശുക്കളെയും കാളകളെയും അഴിച്ചുവിട്ട് ഉദ്യോഗസ്ഥർ വസ്തുവിൽ പ്രവേശിക്കുന്നതിൽ തടഞ്ഞു. ഭൂ ഉടമകളെന്ന് അവകാശപ്പെടുന്ന കുടുംബത്തിലെ അംഗങ്ങൾ എതിർത്ത് നാടകീയരംഗങ്ങൾ സൃഷ്ടിച്ചതോടെ ഒഴിപ്പിക്കൽ നടപടി സംഘർഷഭരിതമായി. എം.ഡി.എ ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ ഉടനെ കുടുംബാംഗങ്ങൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. മണ്ണുമാന്തി തൊഴിലാളികളുടെ മുന്നിൽ കിടന്നും സ്വയഹത്യാ ഭീഷണി മുഴക്കി. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഇവരെ കസ്റ്റഡിയിലെടുത്തതോടെയാണ് നടപടി പൂർത്തിയാക്കാനായത്.
ഈ പ്രദേശത്ത് സ്പോർട്സ് കോംപ്ലക്സിന് സാധ്യതയില്ലാത്തതിനാൽ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് അതോറിറ്റിയുടെ പദ്ധതി. എം.ഡി.എ സെക്രട്ടറി കെ. ജോൺസൺ, എക്സി. എൻജിനീയർമാരായ നാഗേഷ്, മഹേഷ്, അസി. എക്സി. എൻജിനീയർ സുനിത, ലാൻഡ് അക്വിസിഷൻ ജീവനക്കാരൻ സച്ചിൻ, വിജയനഗർ പൊലീസ് ഇൻസ്പെക്ടർ എസ്.ഡി. സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.