ബംഗളൂരു: മൈസൂർ മെറ്റഗള്ളിയിലെ ജില്ല ആശുപത്രി പരിസരത്ത് സർക്കാർ നഴ്സിങ് കോളജും മോർച്ചറിയും സ്ഥാപിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ജില്ല ആശുപത്രി പരിസരത്ത് മുഖ്യമന്ത്രി സിദ്ധരാമയ്യ ഡേ കെയർ കീമോതെറപ്പി സെന്റർ ഉദ്ഘാടനം ചെയ്ത ശേഷം ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം. യോഗത്തിൽ, ജില്ല ആശുപത്രിയിൽ നഴ്സിങ് കോളജും മോർച്ചറിയും ആരംഭിക്കേണ്ടതിന്റെ ആവശ്യകത ജില്ല സർജൻ ഡോ. ടി. അമർനാഥ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
മെഡിക്കോ ലീഗൽ കേസുകൾ പ്രകാരം ചികിത്സിക്കുന്ന കേസുകളുടെ കാര്യത്തിൽ, പോസ്റ്റ്മോർട്ടവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെ മൃതദേഹം കോൾഡ് സ്റ്റോറേജിൽ സൂക്ഷിക്കാൻ മൈസൂർ മെഡിക്കൽ കോളേജ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിനോട് ചേർന്നുള്ള നിലവിലുള്ള മോർച്ചറിയിൽ സമ്മർദം ചെലുത്തേണ്ട സാഹചര്യമാണെന്ന് അദ്ദേഹം അറിയിച്ചു. ഇത് പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ കാലതാമസം വരുത്തുകയും ചെയ്യുന്നുണ്ട്.
ഇതിനുപുറമെ, 300 കിടക്കകളുള്ള ജില്ല ആശുപത്രിയിൽ മതിയായ ജീവനക്കാരുടെ അഭാവം മൂലം രോഗികൾക്ക് മികച്ച സേവനം നൽകാൻ കഴിയുന്നില്ലെന്ന് ജില്ല ആരോഗ്യ-കുടുംബക്ഷേമ ഓഫിസർ ഡോ. പി.സി. കുമാരസ്വാമി പറഞ്ഞു. രണ്ട് നിർദേശങ്ങൾക്കും വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) സമർപ്പിക്കാൻ മന്ത്രി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.