ബംഗളൂരു: ഗവ.വിക്ടോറിയ ആശുപത്രിയിൽ ചൊവ്വാഴ്ച പൊള്ളലേറ്റവർക്കുള്ള വാർഡിലെ സെമിനാർ മുറിയിൽ തീപിടിത്തമുണ്ടായി. തുടർന്ന് 26 രോഗികളെ മറ്റൊരു വാർഡിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
കെട്ടിടത്തിന്റെ ഒന്നാം നിലയിലെ വാർഡിനോട് ചേർന്നുള്ള സെമിനാർ മുറിയിലെ സ്വിച് ബോർഡിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന റെസിഡന്റ് ഡോക്ടർ തീപിടിത്തം ശ്രദ്ധിക്കുകയും ഉടൻതന്നെ അധികൃതരെ അറിയിക്കുകയും ചെയ്തു. അഗ്നിരക്ഷാ സേന എത്തി തീ അണച്ചു.
സംഭവം നടക്കുമ്പോൾ പൊള്ളലേറ്റ വാർഡിൽ 14 പുരുഷന്മാരും അഞ്ചു സ്ത്രീകളും ഏഴു കുട്ടികളും ഉൾപ്പെടെ 26 രോഗികളുണ്ടായിരുന്നു. ഇതിൽ അഞ്ചു പേർ ഐ.സി.യുവിലാണെന്ന് ബംഗളൂരു മെഡിക്കൽ കോളജ് ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡീനും ഡയറക്ടറുമായ കെ. രമേശ് കൃഷ്ണ പ്രസ്താവനയിൽ പറഞ്ഞു.
പുക കണക്കിലെടുത്ത് മുൻകരുതൽ നടപടിയായി, ഈ വാർഡിൽനിന്ന് 26 പൊള്ളലേറ്റ രോഗികളെയും വിക്ടോറിയ ആശുപത്രിയിലെ എച്ച് ബ്ലോക്കിലേക്ക് മാറ്റി. എല്ലാ രോഗികളും അറ്റൻഡർമാരും ഡോക്ടർമാരും ആശുപത്രി ജീവനക്കാരും സുരക്ഷിതരാണെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.