ബംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈനിൽ അഞ്ചാമത്തെ ട്രെയിൻ ഉടൻ. ഒന്ന്, രണ്ട്, അഞ്ച് എന്നീ മൂന്ന് കോച്ചുകളാണ് ഹെബ്ബഗൊഡി ഡിപ്പോയിലെത്തിയത്.ബേഗൽ ആസ്ഥാനമായ തിരംഗ റെയിൽ സിസ്റ്റം ലിമിറ്റഡാണ് (ടി.ആർ.എസ്.എൽ) കോച്ചുകൾ അയച്ചത്. 11 ദിവസം കൊണ്ട് 2036 കിലോമീറ്റർ ദൂരം സഞ്ചരിച്ചാണ് കോച്ചുകൾ എത്തിച്ചത്. ഹെബ്ബഗൊഡി ഡിപ്പോയിൽ പരിശോധനക്കു ശേഷം രണ്ടാഴ്ച രാത്രി പരീക്ഷണയോട്ടം നടത്തും.
ഒക്ടോബർ മധ്യത്തോടെ അഞ്ചാമത്തെ ട്രെയിൻ സർവിസ് ആരംഭിക്കും.ഇതോടെ ട്രെയിൻ സർവിസുകൾ തമ്മിലുള്ള ഇടവേള 15 മിനിറ്റായി കുറയും.ആർ.വി റോഡിനെ സിൽക്ക് ബോർഡ് ജങ്ഷൻ വഴി ബൊമ്മസാന്ദ്രയുമായി ബന്ധിപ്പിക്കുന്ന 19.15 കിലോമീറ്റർ ദൈർഘ്യമുള്ള യെല്ലോ ലൈൻ ആഗസ്റ്റ് 11നാണ് ഉദ്ഘാടനം കഴിഞ്ഞത്. മൂന്ന് ട്രെയിനുകൾ തുടക്കത്തിൽ 25 മിനിറ്റ് ഇടവേളകളിൽ സർവിസ് നടത്തിയിരുന്നു.
നാലാമത്തെ ട്രെയിൻ എത്തിയതോടെ 19 മിനിറ്റ് ഇടവേളകളിൽ ട്രെയിൻ സർവിസ് നടത്തി തുടങ്ങി. ബി.എം.ആർ.സി.എല്ലിന്റെ കണക്ക് പ്രകാരം യെല്ലോ ലൈനിൽ പ്രതിദിനം 84,000ത്തോളം യാത്രക്കാർ യാത്ര ചെയ്യുന്നു.
നമ്മ മെട്രോ തുമകുരു: പദ്ധതി ഉടൻ
ബംഗളൂരു: നമ്മ മെട്രോ തുമകുരുവിലേക്ക് നീട്ടാൻ മൂന്നു കോടിയുടെ പദ്ധതി നടപ്പിൽ വരുത്തുമെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര. ബംഗളൂരുവിലെ മദവര മുതൽ തുമകുരുവരെയാണ് പാത നീട്ടുക. ഇത് സംബന്ധിച്ച വിശദ റിപ്പോർട്ട് സമർപ്പിക്കാൻ ബംഗളൂരു മെട്രോ റെയിൽ കോർപറേഷനോട് സെപ്റ്റംബർ 25ന് സർക്കാർ ഉത്തരവിട്ടിരുന്നു. ബി.എം.ആർ.സി.എൽ സാധ്യത റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
പാത വിപുലീകരണം വിവിധ തലങ്ങളായാണ് നടക്കുക. തുടക്കത്തിൽ നഗര പ്രദേശങ്ങളിലും തുടർന്ന് ഗ്രാമപ്രദേശങ്ങളിലേക്കും പാത വികസിപ്പിക്കും. ഗ്രാമപ്രദേശങ്ങളിൽ പാത വികസിപ്പിക്കുന്നതിന് നിയമപരമായ നിയന്ത്രണങ്ങൾ നിലവിലുണ്ട്. പൊതു-സ്വകാര്യ പങ്കാളിത്തത്തിന് (പി.പി.പി) കീഴിലായിരിക്കും പദ്ധതി നടപ്പാക്കുക. വിശദ റിപ്പോർട്ട് ലഭിച്ചശേഷം നിർദേശങ്ങൾക്കയി കേന്ദ്ര സർക്കാറിന് അയക്കുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.