ബംഗളൂരു: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസോസിയേഷൻസിന്റെ (ഫെയ്മ) മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ശനിയാഴ്ച വൈറ്റ്ഫീൽഡ് ജാഗ്രതി തിയറ്ററിൽ അരങ്ങേറിയ അന്തിത്തോറ്റം നാടകം ബംഗളൂരുവിലെ നാടകാസ്വാദകർക്ക് മറക്കാനാവാത്ത അനുഭവമായി.
സിംഗപ്പൂർ കൈരളി കലാനിലയത്തിന്റെ അവതരണമായ നാടകം, രണ്ടാം ലോക യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഫ്രഞ്ച് റെസിസ്റ്റൻസ് പ്രസ്ഥാനത്തോടൊന്നിച്ചുള്ള പോരാട്ടത്തിൽ പങ്കെടുത്ത മലയാളി വീരൻ മുച്ചിലോട്ട് മാധവന്റെ കഥയാണ് അരങ്ങിലെത്തിച്ചത്.
ശ്രീകാന്തിന്റെ സംവിധാനത്തിലും അഭിനയത്തിലും അനശ്വരമാക്കിയ മാധവന്റെ കഥാപാത്രം, ഫ്രഞ്ച് കോൺസൺട്രേഷൻ ക്യാമ്പിലെ ഭീകര യാഥാർഥ്യങ്ങൾ മാത്രമല്ല, ഫ്രഞ്ച് കോളനിയായ മാഹിയിൽനിന്നുള്ള മലയാളികളുടെ ജീവിതവും സമർപ്പണവും ഫ്രഞ്ച് ഗവണ്മെന്റ് അവരെ ഫ്രാൻസിന്റെ പൗരന്മാരായി കണ്ടതും, അവർ സ്വയം ഫ്രാൻസിന്റെ മക്കളാണെന്ന ബോധ്യത്തോടെ രാജ്യത്തിനു വേണ്ടി ജീവൻപോലും അർപ്പിക്കാൻ തയാറായിരുന്ന മനോഭാവവുമാണ് നാടകം അനാവരണം ചെയ്തത്.
കേരളത്തിന്റെ നാടോടി കലയായ തെയ്യം നാടകത്തിൽ എത്തിച്ചത് അവിസ്മരണീയ അനുഭവമായി മാറി. സിംഗപ്പൂർ മലയാളിയായ കീർത്തിവാസ് പട്ടേരിയാണ് ശാസ്തപ്പൻ തെയ്യത്തെ അവതരിപ്പിച്ചത്. വേദിയിലും അണിയറയിലും അണിനിരക്കുന്നവർ എല്ലാവരും സിംഗപ്പൂരിലെ സ്ഥിര താമസക്കാരായ മലയാളി കലാകാരന്മാരും കലാകാരികളുമാണ് എന്ന പ്രത്യേകതയുമുണ്ട്. സിംഗപ്പൂർ കലാകാരന്മാരോടൊപ്പം ഫ്രഞ്ച് ആക്ടർ ജാക്സ് ബിയതും വേദിയെ വേറിട്ട തലത്തിലെത്തിച്ചു. മലയാളം മുഖ്യ ഭാഷയായും ഒപ്പം ഫ്രഞ്ച്, ജർമൻ ഭാഷകളുടെ സന്നിവേശവും ഒത്തുചേർന്ന അന്തിത്തോറ്റത്തിന്റെ രചന നടത്തിയിരിക്കുന്നത് ബംഗളൂരു നിവാസിയായ അനിൽ രോഹിത്ത് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.