ബംഗളൂരു :ചാമരാജനഗർ ജില്ല കോടതിക്ക് വ്യാജ ബോംബ് ഭീഷണി ഇ-മെയിൽ വഴി ലഭിച്ചു.തുടർന്ന് പൊലീസ് കോടതി പരിസരം ഒഴിപ്പിച്ച് പരിശോധന നടത്തി.രണ്ട് ദിവസം മുമ്പ് ജില്ല സെഷൻസ് കോടതിക്കും സമാനമായ ഒൾബോംബ് ഭീഷണി ഇ-മെയിൽ ലഭിച്ചിരുന്നു. മുന്നറിയിപ്പിനെ തുടർന്ന് പോലീസ് കോടതി പരിസരം ഒഴിപ്പിക്കുകയും ബോംബ് നിർവീര്യമാക്കൽ സ്ക്വാഡിന്റെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ തിരച്ചിൽ നടത്തുകയും ചെയ്തു.
ഉച്ച ഒന്നിന് ബോംബ് പൊട്ടിത്തെറിക്കുമെന്ന് ഏറ്റവും പുതിയ ഇ-മെയിൽ സന്ദേശം ലഭിച്ചതായി പൊലീസ് പറഞ്ഞു. ഭീഷണിയെത്തുടർന്ന്, ജഡ്ജിമാർ, അഭിഭാഷകർ, കോടതി ജീവനക്കാർ, പൊതുജനങ്ങൾ എന്നിവരെ കോടതി സമുച്ചയത്തിൽ നിന്ന് ഒഴിപ്പിച്ച പൊലീസ് തിരച്ചിൽ നടത്തി. ആവർത്തിച്ചുള്ള ഭീഷണി ഇ-മെയിലുകൾ ജഡ്ജിമാർ, അഭിഭാഷകർ, കോടതി ജീവനക്കാർ, സന്ദർശകർ എന്നിവരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്ന് ചാമരാജനഗർ ജില്ലാ അഭിഭാഷക അസോസിയേഷൻ പ്രസിഡന്റ് പുട്ടസ്വാമി രാമസമുദ്ര പറഞ്ഞു. തിരച്ചിൽ പൂർത്തിയാക്കിയ ശേഷം, ബോംബ് നിർവീര്യമാക്കൽ സ്ക്വാഡും ഡോഗ് സ്ക്വാഡും പൊലീസും ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചു. ഭീഷണി ഇ-മെയിലുകളുടെ ഉറവിടം കണ്ടെത്തുന്നതിനും ഉത്തരവാദികളായവരെ തിരിച്ചറിയുന്നതിനുമായി പോലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.