മല്ലികാർജുൻ ഖർഗെ
വരൾച്ചാ ധനസഹായം ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രിക്ക് കത്തയച്ചു
ബംഗളൂരു :സംസ്ഥാനത്തെ രൂക്ഷമായ വരൾച്ച പ്രതിസന്ധി പരിഹരിക്കുന്നതിന് രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഔദ്യോഗികമായി അഭ്യർഥിച്ചു. തുറന്ന കത്തിലൂടെയാണ് സംസ്ഥാന നേരിടുന്ന ദയനീയ സാഹചര്യം ഖാർഗെ ചൂണ്ടിക്കാണിച്ചത്. സെപ്തംബർ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 58 ശതമാനം മഴയുടെ കുറവുണ്ടായിട്ടുണ്ടെന്നും ഇത് വ്യാപകമായ വിളനാശത്തിനും കർഷക കുടുംബങ്ങളുടെ കടുത്ത ദുരിതത്തിനും കാരണമായെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ ദുരന്ത പ്രതികരണ നിധി, സംസ്ഥാന ദുരന്ത പ്രതികരണ നിധി എന്നിവ വഴി 3,705.30 കോടി രൂപയുടെ സാമ്പത്തിക സഹായമാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. മൊത്തം 18,748.23 കോടി രൂപയുടെ നാശനഷ്ടം കണക്കാക്കിയ ശേഷമാണ് ഈ തുക ആവശ്യപ്പെട്ടത്. നിലവിൽ 177 താലൂക്കുകൾ വരൾച്ചാ ബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി പ്രദേശങ്ങളിലെ പരിശോധനകൾ പുരോഗമിക്കുകയാണ്.
ദുരിതത്തിലായ ജനങ്ങൾക്ക് കുടിവെള്ളം, ഉപജീവനമാർഗം എന്നിവ ഉറപ്പാക്കാൻ കേന്ദ്രത്തിൽ നിന്ന് അടിയന്തരവും മാനുഷികവുമായ പ്രതികരണം ആവശ്യമാണെന്ന് ഖാർഗെ ഊന്നിപ്പറഞ്ഞു. കല്യാണ കർണാടക മേഖലയിലെ നാശനഷ്ടങ്ങളുടെ വ്യാപ്തി നേരിട്ട് വിലയിരുത്താൻ കേന്ദ്രസംഘത്തെ ഉടൻ അയക്കുക, തുക വെട്ടിക്കുറക്കാതെ ആവശ്യപ്പെട്ട മുഴുവൻ സാമ്പത്തിക സഹായവും ഉടനടി അനുവദിക്കുക, ഇതുവഴി ദുരിതത്തിലായ 31 ലക്ഷത്തിലധികം കർഷക കുടുംബങ്ങൾക്ക് സഹായം ലഭ്യമാക്കുക, ഇൻപുട്ട് സബ്‌സിഡികൾ കണക്കാക്കാൻ പഴയ 2015-16 സെൻസസ് വിവരങ്ങൾക്ക് പകരം പുതുക്കിയ ഭൂമിരേഖകൾ ഉപയോഗിക്കുക, കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ കൂടുതൽ പിന്തുണ നൽകുക, വൈദ്യുതിയുടെ അധിക ചെലവുകൾക്ക് സഹായം നൽകുക, നിലവിൽ പരിശോധന നടക്കുന്ന 11 താലൂക്കുകളെയും മറ്റ് യോഗ്യതയുള്ള പ്രദേശങ്ങളെയും ഒരൊറ്റ വരൾച്ചാ ദുരന്തമായി പരിഗണിച്ച് കേന്ദ്രസഹായം വേഗത്തിലാക്കുക എന്നിവയാണ് ഖാർഗെ കത്തിൽ ഉന്നയിച്ച ആറ് പ്രധാന ആവശ്യങ്ങൾ.
വരൾച്ചാ ആശ്വാസം നൽകുന്നത് കക്ഷിരാഷ്ട്രീയത്തിന് അതീതമായ ഒരു മാനുഷിക ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിക്കുള്ള കത്തിന് പുറമെ വിഷയത്തിൽ സമാനമായ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും സമീപിച്ചിട്ടുണ്ടെന്ന് ഖാർഗെ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.