പ്രതീകാത്മക ചിത്രം

മൃഗഡോക്ടർമാർക്കുള്ള കെ. പി. എസ്. സി പരീക്ഷ; ചോർന്ന ചോദ്യങ്ങൾ 14 ഉയര്‍ന്ന റാങ്കുകാർക്ക് ലഭിച്ചതായി പ്രൊബബിലിറ്റി ടെസ്റ്റ് റിപ്പോർട്ട്

ബംഗളൂരു: ജനുവരിയിൽ മൃഗഡോക്ടർമാരുടെ നിയമനത്തിനായി കർണാടക പബ്ലിക് സർവിസ് കമീഷൻ നടത്തിയ പരീക്ഷയിൽ ക്രമക്കേട് കാണിച്ച ഉദ്യോഗാർത്ഥികളെ കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർ നടത്തിയ സ്റ്റാറ്റിസ്റ്റിക്കൽ പ്രൊബബിലിറ്റി ടെസ്റ്റിൽ മുതിർന്ന കെ.പി.എസ്.സി ഉദ്യോഗസ്ഥൻ ചോർത്തി നൽകിയ ചോദ്യങ്ങളുടെ ആനുകൂല്യം രണ്ട് കാറ്റഗറികളിലായി 14 ഉയര്‍ന്ന റാങ്കുകാർക്ക് ലഭിച്ചതായി വ്യക്തമായെന്ന് റിപ്പോർട്ട്.

ജനുവരി ഒമ്പതിന് ജനറൽ പ്രഫിഷ്യൻസി, വെറ്ററിനറി സയൻസ് എന്നീ വിഷയങ്ങളിൽ മൾട്ടിപ്പിൾ ചോയ്സ് രീതിയിൽ നടത്തിയ രണ്ട് പരീക്ഷകളിൽ, ഈ ഉയര്‍ന്ന് റാങ്കുകാർ എഴുതിയ ശരിയുത്തരങ്ങളിലും തെറ്റുത്തരങ്ങളിലും 99.9 ശതമാനം സാമ്യമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായുള്ള പരിശോധന വെളിപ്പെടുത്തുന്നു. കൂടാതെ, ഈ 14 റാങ്കുകാർക്കും പരീക്ഷക്ക് മുൻപ് ചോർന്ന ചോദ്യപേപ്പർ ലഭിച്ചിരിക്കാൻ 99 ശതമാനം സാധ്യതയുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി. കർണാടക പൊലീസിന്‍റെ സി.ഐ.ഡി വിഭാഗമാണ് പ്രൊബബിലിറ്റി ടെസ്റ്റ് നടത്തിയത്.

ആദ്യ 14 റാങ്കുകളിൽ ഉൾപ്പെട്ട 10 പേർ ചോദ്യപേപ്പറുകൾ മുൻകൂട്ടി ലഭിക്കുന്നതിനായി വലിയ തുക നൽകിയതായി കുറ്റസമ്മതം നടത്തിയതും പ്രൊബബിലിറ്റി ടെസ്റ്റിലെ കണ്ടെത്തലുകളും പൂർണ്ണമായും ഒത്തുപോകുന്നുണ്ട്. ജനുവരി ഏഴിന് കെ.പി.എസ്.സി പരീക്ഷാ കൺട്രോളറും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ഗ്യാനേന്ദ്ര കുമാർ ഗംഗാവാർ ചോർത്തി നൽകിയ ചോദ്യങ്ങൾ 20ഓളം ഉദ്യോഗാർത്ഥികൾക്ക് നൽകുന്നതിനായി ഇടനിലക്കാരനായ ബസവരാജ് കണ്ണാലെ 20 ലക്ഷം മുതൽ 40 ലക്ഷം രൂപ വരെ കൈപ്പറ്റിയ കേസ് അന്വേഷിക്കുകയാണ് സി.ഐ.ഡി.

ആഗസ്റ്റ് 29ന് ഗംഗാവാറിനെയും നാല് ദിവസത്തിന് ശേഷം കണ്ണാലെയും അറസ്റ്റ് ചെയ്തിരുന്നു. ചോർന്ന ചോദ്യങ്ങൾക്കായി പണം നൽകിയെന്ന് സമ്മതിച്ച പത്തോളം പേർ മാപ്പുസാക്ഷികളായതിനെ തുടർന്ന് ഉദ്യോഗാർത്ഥികളിൽ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണത്തെ തുടർന്ന് റിക്രൂട്ട്‌മെന്‍റ് പരീക്ഷയുടെ ഫലം കെ.പി.എസ്.സി തടഞ്ഞുവെച്ചു. 2024ൽ വിജ്ഞാപനം ചെയ്ത 400 തസ്തികകളിലേക്ക് നടത്തിയ പരീക്ഷയില്‍ ക്രമക്കേട് നടത്തി എന്നാരോപിച്ച് ചെയർമാൻ ശിവശങ്കരപ്പ എസ്. സാഹുകർക്കും മറ്റ് രണ്ട് അംഗങ്ങൾക്കുമെതിരെ ജൂലൈ 24ന് ഫയൽ ചെയ്ത എഫ്.ഐ.ആറിന്‍റെ അടിസ്ഥാനത്തിലാണ് കേസ് അന്വേഷണം നടക്കുന്നത്. ബി.ജെ.പി ഭരണകാലത്ത് നിയമിതനായ സാഹുകാറിന്‍റെ ഭരണകാലത്ത് വലിയ തോതിലുള്ള ക്രമക്കേടുകളാണ് നടന്നത്.

സ്വന്തം മകൾക്ക് അനധികൃതമായി ജോലി നൽകിയ മറ്റൊരു അഴിമതിക്കേസിൽ ആഗസ്റ്റ് 25ന് സാഹുകാറിനെ സസ്പെൻഡ് ചെയ്തിരുന്നു.

Tags:    
News Summary - KPSC Veterinary Doctor Exam:Leaked Questions Benefited 14 Top Rankers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.