കർണാടകയിൽ മൺസൂൺ മഴയിൽ 35 ശതമാനം കുറവ്

ബംഗളൂരു: തെക്കുപടിഞ്ഞാറൻ മൺസൂൺ ഔദ്യോഗികമായി വ്യാഴാഴ്ച അവസാനിച്ചപ്പോൾ ജൂൺ-സെപ്റ്റംബർ കാലയളവിൽ കർണാടകയിൽ 35 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തി. മഴക്കുറവ് സംസ്ഥാനത്തുടനീളം വരൾച്ച ഭീതി ഉയർത്തിയിട്ടുണ്ട്. പല ജില്ലകളിലും സീസണൽ മഴയിൽ വൻ കുറവാണ് അനുഭവപ്പെട്ടത്. തെക്കുപടിഞ്ഞാറൻ മൺസൂൺ സീസണിൽ സാധാരണയായി കർണാടകയിൽ 852 മില്ലീമീറ്റർ മഴയാണ് ലഭിക്കേണ്ടത്. കണക്കുകൾ പ്രകാരം ഇത്തവണ സംസ്ഥാനത്ത് 551 മില്ലീമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. ബംഗളൂരു അർബനിൽ 36 ശതമാനവും ബംഗളൂരു റൂറലിൽ 31 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി. മൈസൂരിലാണ് ഏറ്റവും കൂടുതൽ മഴക്കുറവ് രേഖപ്പെടുത്തിയ 59 ശതമാനം. വിജയനഗര (57 ശതമാനം), ഹാവേരി (52 ശതമാനം), ചിക്കബല്ലാപ്പൂർ(51 ശതമാനം), കലബുറഗി (51 ശതമാനം) എന്നിവയാണ് തൊട്ടുപിന്നിൽ. ബല്ലാരിയിലും റായ്ച്ചൂരിലും 49 ശതമാനം വീതം മഴക്കുറവ് രേഖപ്പെടുത്തി. മുൻ ആഴ്ചയിൽ വിജയനഗരയിലായിരുന്നു ഏറ്റവും ഉയർന്ന മഴക്കുറവ് രേഖപ്പെടുത്തിയിരുന്നത്.

കർണാടക സ്റ്റേറ്റ് നാച്ചുറൽ ഡിസാസ്റ്റർ മോണിറ്ററിങ് സെന്‍ററിന്‍റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ 31 ജില്ലകളിലും മഴയുടെ ലഭ്യതക്കുറവ് തുടരുകയാണ്. രാമനഗര ജില്ല ഉൾപ്പെടുന്ന ബംഗളൂരു സൗത്തിൽ താരതമ്യേന കുറഞ്ഞ (18 ശതമാനം) മഴക്കുറവാണ് രേഖപ്പെടുത്തിയത്. കർണാടകയിൽ ജൂണിൽ 42 ശതമാനവും ജൂലൈയിൽ 29 ശതമാനവും ആഗസ്റ്റിൽ 23 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി. മൺസൂണിന്‍റെ അവസാന ഘട്ടത്തിലെ മഴ ലഭ്യതക്കുറവ് കുറയുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സെപ്റ്റംബറിൽ മഴയുടെ കുറവ് 54 ശതമാനമായി കുത്തനെ വർധിക്കുകയാണുണ്ടായത്. നോർത്ത് ഇന്‍റീരിയർ കർണാടകയിൽ 42 ശതമാനവും സൗത്ത് ഇന്‍റീരിയർ കർണാടകയിൽ 41 ശതമാനവും മഴക്കുറവ് രേഖപ്പെടുത്തി. കുടക്, ഷിമോഗ, ഹസൻ, ചിക്കമഗളൂരു എന്നിവ ഉൾപ്പെടുന്ന മലനാട് മേഖലയിൽ 38 ശതമാനം കുറവ് രേഖപ്പെടുത്തി. തീരദേശ കർണാടകയിലാണ് താരതമ്യേന കുറഞ്ഞ (28 ശതമാനം) മഴക്കുറവ് രേഖപ്പെടുത്തിയത്.

മഴയുടെ ലഭ്യതക്കുറവിനെ തുടർന്ന് വരൾച്ചാ വിലയിരുത്തൽ വിപുലീകരിക്കാനും കേന്ദ്രത്തിൽ നിന്ന് സാമ്പത്തിക സഹായം തേടാനും സംസ്ഥാന സർക്കാർ ഇതിനകം നടപടികൾ ആരംഭിച്ചിട്ടുണ്ട്. കാർഷിക മേഖല, കുടിവെള്ള ലഭ്യത, ഗ്രാമീണ ജീവിതമാർഗ്ഗങ്ങൾ എന്നിവയിലുണ്ടായ ആഘാതം നിർണ്ണയിക്കുന്നതിനായി സർക്കാർ നേരിട്ടുള്ള പരിശോധനകൾ നടത്തിവരികയാണ്.

Tags:    
News Summary - 35 percent less monsoon rain in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.