ബംഗളൂരു: ദസറ ഒരു സംസ്ഥാന ഉത്സവമാണെന്നും അത് എല്ലാവരും ഒന്നിച്ചാഘോഷിക്കണമെന്നും ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര പറഞ്ഞു. ദസറ ഉദ്ഘാടനത്തിന് കന്നട സാഹിത്യകാരി ബാനു മുഷ്താഖിനെ നിശ്ചയിച്ചത് സംബന്ധിച്ച് ഹിന്ദുത്വ ഗ്രൂപ്പുകൾ സമൂഹമാധ്യമങ്ങളിൽ നടത്തുന്ന എതിർപ്പുകളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദസറ ഏതെങ്കിലും പ്രത്യേക ജാതിയിലോ മതത്തിലോ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല.
ഒരു പ്രത്യേക മതത്തെ ഒഴിവാക്കി ദസറ നടത്താൻ കഴിയുമോ? മൈസൂരു സംസ്ഥാനത്തിന്റെ ദിവാനായിരുന്നപ്പോൾ മിർസ ഇസ്മയിൽ മൈസൂരു ദസറയിൽ പങ്കെടുത്തില്ലേ? കവി നിസാർ അഹമ്മദ് മുമ്പ് ദസറ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തിരുന്നില്ലേ? അത്തരം കാര്യങ്ങൾക്കെല്ലാം എതിർപ്പുകൾ ഉന്നയിക്കരുത്. ശ്രീചാമുണ്ഡേശ്വരി ദേവിയിൽ വിശ്വസിക്കണോ വേണ്ടയോ എന്നത് അവരുടെ ഇഷ്ടമാണ്. ഇത് മുഴുവൻ മൈസൂരു നഗരത്തിനും വേണ്ടിയുള്ള ഉത്സവമാണ്, എല്ലാവരും ഒരുമിച്ച് ഇത് ആഘോഷിക്കണം’- അദ്ദേഹം പറഞ്ഞു.
ബാനു മുഷ്താഖിനെതിരെ കഴിഞ്ഞ ദിവസം ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടീൽ യത്നാൽ രംഗത്തുവന്നിരുന്നു. സമൂഹമാധ്യമങ്ങളിൽ ബാനു മുഷ്താഖിനെതിരെ ഹിന്ദുത്വ അനുകൂലികൾ വിദ്വേഷ പ്രചാരണവും നടക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേർക്കെതിരെ ഉടുപ്പി പൊലീസ് കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.