ബംഗളൂരു: 2025-2026 അധ്യയന വര്‍ഷത്തിൽ സംസ്ഥാനത്തെ 4,134 സർക്കാർ പ്രൈമറി സ്കൂളുകളില്‍ കന്നഡ മീഡിയം ക്ലാസുകള്‍ക്ക് പുറമേ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ കൂടി ഉള്‍പ്പെടുത്തണമെന്ന് ഉത്തരവിറക്കി കർണാടക സര്‍ക്കാര്‍.
സര്‍ക്കാര്‍ സ്കൂളുകളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ കൂടി വേണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം പ്രൈമറി തലങ്ങള്‍ക്ക് പുറമെ ശിവമൊഗ്ഗ ജില്ലയിലെ തീർത്ഥ ഹള്ളി, ബൈലലുകൊപ്പ, ഹൊസൂര്‍, ഗുഡ്ഡകേരി, ഹെഡ്ഡൂര് എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ഹൈസ്കൂൾ തലത്തിലും ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി.
2019-2020 അധ്യയന വർഷത്തില്‍ സംസ്ഥാനത്തെ 1,000 സര്‍ക്കാര്‍ സ്കൂളുകളിലും 2024-2025 അധ്യയന വർഷത്തിൽ 2,000 സർക്കാർ സ്കൂളുകളിലും ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിച്ചിരുന്നു. കൂടാതെ ഈ അധ്യയനവർഷത്തിൽ സംസ്ഥാനത്തെ 4,000 സര്‍ക്കാര്‍ സ്കൂളുകളില്‍ ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ സ്കൂള്‍ വിദ്യാഭ്യാസ സാക്ഷരതാ വകുപ്പ് (ഡി.എസ്.ഇ.എല്‍) നിലവിലുള്ള സാഹചര്യങ്ങള്‍ക്കനുസരിച്ച് ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദേശം അധികൃതർക്ക് നല്കി. ബംഗളൂരു നോര്‍ത്ത്, സൗത്ത് വിദ്യാഭ്യാസ ജില്ലകളില്‍ 1,103 സ്കൂളുകളിലും മറ്റ് 33 വിദ്യാഭ്യാസ ജില്ലകളിലെ 2,897 സര്‍ക്കാര്‍ സ്കൂളുകളിലും പദ്ധതി നടപ്പിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.