ബംഗളൂരു: സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച മൂന്നക്ക കഫേകളില്‍ രണ്ടെണ്ണം മൈസൂരുവില്‍ ഉദ്ഘാടനത്തിന് തയാറായി. 2024ലെ ബജറ്റില്‍ മൂന്നക്ക കഫേകള്‍ മൈസൂരുവില്‍ സ്ഥാപിക്കുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. സ്ത്രീ ശാക്തീകരണം, സാമ്പത്തിക സുസ്ഥിരത എന്നിവ ഉറപ്പുവരുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി വനിത സ്വയം സഹായ സംഘത്തെ (എസ്.എച്ച്.ജി.എസ്) ഉള്‍പ്പെടുത്തി വൃത്തിയും രുചിയും പോഷകമൂല്യവുമുള്ള ഭക്ഷണം മിതമായ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും. മൈസൂരു ഇസഡ് പി ഓഫിസ് പരിസരത്ത് 15 ലക്ഷം രൂപ വീതമാണ് കഫേയുടെ മുടക്കുമുതല്‍.
ഒന്ന് നാഗവാല ഗ്രാമപഞ്ചായത്തിലെ വനിത സ്വയം സഹായ സംഘത്തിന്‍റെ കീഴിലും മറ്റൊന്ന് മൈസൂരു- കുടക് ഹൈവേയിലെ ഹാലഗെരെക്ക് സമീപവുമാണ്. സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകൾ നോഡൽ ഏജൻസിയായ കുടുംബശ്രീ എൻ.ആർ.ഒ (നാഷനൽ റിസോഴ്‌സ് ഓർഗനൈസേഷൻ) യിൽനിന്ന് സംരംഭകത്വ വികസന പരിശീലനം(ഇ.ഡി.ടി) നേടിയിട്ടുണ്ട്.
മൈസൂരു താലൂക്ക് ഓഫിസ് പരിസരത്ത് മിനി വിധാന സൗധക്ക് സമീപം ഏഴു ലക്ഷം രൂപ നിർമാണ ചെലവില്‍ മറ്റൊരു കഫേയുടെ ജോലി പുരോഗമിക്കുകയാണെന്ന് മൈസൂരു ഇസഡ് പി സി.ഇ.ഒ. എസ്. ഉകേഷ് കുമാർ പറഞ്ഞു. നഞ്ചൻകോട്, എച്ച്.ഡി. കോട്ട, കെ.ആർ. നഗർ, പെരിയപട്ടണ താലൂക്കുകളിലെ താലൂക്ക് പഞ്ചായത്ത് ഓഫിസ് കാമ്പസ്, ടി. നർസിപുര താലൂക്കിലെ തലക്കാട് ഗ്രാമപഞ്ചായത്ത് പരിസരം എന്നിവിടങ്ങളിലായി 15 ലക്ഷം ചെലവില്‍ അഞ്ചക്ക കഫെകള്‍കൂടി സ്ഥാപിക്കുന്നതിനുള്ള നിര്‍ദേശം സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് മൈസൂരു ജില്ല പഞ്ചായത്ത് ഡെപ്യൂട്ടി വികസന സെക്രട്ടറി ഭീമപ്പ കെ. ലാലി പറഞ്ഞു.
കുടുംബശ്രീ എൻ.ആർ.ഒ സാധ്യത പഠനം പൂർത്തിയാക്കി പദ്ധതി ഇപ്പോൾ സർക്കാർ ഗ്രാന്‍റുകൾക്കായി കാത്തിരിക്കുകയാണ്. നാഷനൽ റൂറൽ ലൈവ്‌ലിഹുഡ് മിഷന്‍റെ (എന്‍.ആര്‍.എല്‍.എം) കീഴിൽ നൈപുണ്യ വികസന സംരംഭകത്വ, ഉപജീവനമാർഗ വകുപ്പിന്‍റെ സഞ്ജീവിനി കർണാടക സ്റ്റേറ്റ് റൂറൽ ലൈവ്‌ലിഹുഡ് പ്രമോഷൻ സൊസൈറ്റി (കെ.എസ്.ആര്‍ .എല്‍.പി.എസ്) ആണ് അക്ക കഫേകൾ നടപ്പാക്കുന്നതെന്ന് മൈസൂരു ഇസഡ് പിയിലെ എന്‍.ആര്‍.എല്‍.എം ജില്ലാ പ്രോഗ്രാം മാനേജർ എ.ആർ. ആശ പറഞ്ഞു.
സർക്കാർ ഉത്തരവ് പ്രകാരം തദ്ദേശ സ്ഥാപനങ്ങളുമായി ഏകോപിപ്പിച്ച് വനിത സ്വയം സഹായ സംഘങ്ങളിലെ അഞ്ച് അംഗങ്ങളെങ്കിലും ഉൾപ്പെടുത്തി കഫേകൾ ആരംഭിക്കണം. ക്ലാസിക് കഫേകൾ 400 മുതൽ 500 ചതുരശ്ര അടിവരെ വിസ്തൃതിയുള്ളതായിരിക്കണം. പ്രീമിയം റസ്റ്റോറന്‍റുകൾ 501 മുതൽ 800 ചതുരശ്ര അടിവരെ വിസ്തൃതിയുള്ളതായിരിക്കണം. കെട്ടിടങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ നൽകണം. സർക്കാർ ഭൂമികളിലാണ് കഫെ ആരംഭിക്കേണ്ടത്. സർക്കാർ ഭൂമി ലഭ്യമല്ലെങ്കിൽ മാത്രം സ്വകാര്യ ഭൂമിയില്‍ ആരംഭിക്കാം. വനിത സ്വയം സഹായ സംഘങ്ങൾ അവ പരിപാലിക്കണം. കഫേയുടെ നവീകരണം, തറ, ലൈറ്റിങ് ഫർണിച്ചർ, സ്റ്റോറേജ് കാബിനറ്റുകൾ, പ്ലമ്പിങ്, സി.സി.ടി.വി കാമറ സ്ഥാപിക്കൽ, ബില്ലിങ് മെഷീൻ, മേശകൾ, കസേരകൾ എന്നീ അടിസ്ഥാന സൗകര്യങ്ങൾക്കായി സർക്കാർ ഫണ്ട് വിനിയോഗിക്കാം. പാത്രങ്ങൾ, ഓവനുകൾ, ഗ്യാസ് സിലിണ്ടറുകൾ, സ്റ്റൗകൾ, മിക്സർ ഗ്രൈൻഡർ, റഫ്രിജറേറ്ററുകൾ തുടങ്ങി പാചകത്തിനാവശ്യമായ സാമഗ്രികള്‍ സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകൾ സമാഹരിക്കണമെന്നും അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.