കൃഷ്ണ രാജ സാഗർ അണക്കെട്ട്
ബംഗളൂരു: കൃഷ്ണ രാജ സാഗർ (കെ.ആർ.എസ്) അണക്കെട്ടിന്റെ ഭാഗമായ ജലസംഭരണിയിലെ കൈയേറ്റങ്ങൾ കണ്ടെത്തി ഒഴിപ്പിക്കുന്നതിനായി മാണ്ഡ്യ ജില്ലയിലെ പാണ്ഡവപുര സബ് ഡിവിഷന് അസിസ്റ്റന്റ് കമീഷണറുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ഉടൻ സർവേ ആരംഭിക്കും. അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളിലെ കൈയേറ്റങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ശ്രീരംഗപട്ടണ എം.എല്‍.എ എ.ബി. രമേശ് ബാബു ബന്ദിസിദ്ദെ ഗൗഡയും മാണ്ഡ്യ എം.എല്‍.സി. ദിനേശ് ഗൂളിഗൗഡയും ജലവിഭവ വകുപ്പ് ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് നിവേദനം സമര്‍പ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. വിശദമായ സർവേ നടത്താനും കൈയേറ്റങ്ങൾ നീക്കംചെയ്യാനും അതിർത്തി രേഖപ്പെടുത്തി കല്ലുകള്‍ സ്ഥാപിക്കാനും സമഗ്ര റിപ്പോർട്ട് സമർപ്പിക്കാനും ശിവകുമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. തുടര്‍ന്ന് പാണ്ഡവപുര അസിസ്റ്റന്റ് കമീഷണറുടെ അധ്യക്ഷതയിൽ കമ്മിറ്റി രൂപവത്കരിച്ചു. മേഖലയിലെ അനധികൃത നിർമാണങ്ങൾ ജലസംഭരണിയുടെ സംഭരണശേഷി കുറക്കുകയും മഴക്കാലത്ത് വെള്ളപ്പൊക്ക സാധ്യത വർധിപ്പിക്കുകയും അണക്കെട്ടിന് ഭീഷണിയാകുകയും പാരിസ്ഥിതിക സന്തുലിതാവസ്ഥ തകർക്കുകയുംചെയ്യുമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. കൈയേറ്റങ്ങളുടെ കൃത്യമായ സ്ഥലം, വ്യാപ്തി എന്നിവ സർവേയിലൂടെ തിരിച്ചറിയാൻ സാധിക്കും. സർക്കാർ, സ്വകാര്യ ഭൂമികളുടെ അതിരുകൾ വ്യക്തമായി വേർതിരിക്കുന്നതിനും അനധികൃത കൈയേറ്റങ്ങൾ രേഖപ്പെടുത്തുന്നതിനും കൃത്യമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനും ജലവിഭവ വകുപ്പും സർവേ വകുപ്പും ഏകോപിച്ച് പ്രവർത്തിക്കാൻ നിർദേശിച്ചിട്ടുണ്ട്. പൊതുജന താൽപര്യം മുൻനിർത്തി കെ.ആർ.എസ് അണക്കെട്ട് സംരക്ഷിക്കുന്നതിന് ഈ നടപടി അനിവാര്യമാണെന്ന് അധികൃതർ പറഞ്ഞു. യോഗത്തിൽ ലാൻഡ് റെക്കോഡ്സ് ഡെപ്യൂട്ടി ഡയറക്ടർ, പാണ്ഡവപുര അസി. കമീഷണർ, കാവേരി നീരാവരി നിഗമ ലിമിറ്റഡ് (സി.എൻ.എൻ.എൽ) എക്സി. എൻജിനീയർമാർ, ശ്രീരംഗപട്ടണ, പാണ്ഡവപുര, കെ.ആർ പെറ്റ് താലൂക്കുകളിലെ തഹസിൽദാർമാർ എന്നിവർ പങ്കെടുത്തു. കർണാടകയിലെ ഏറ്റവും പ്രധാനപ്പെട്ട ജലസ്രോതസ്സുകളിൽ ഒന്നാണ് കെ.ആർ.എസ് അണക്കെട്ട്. മൈസൂരു, മാണ്ഡ്യ ജില്ലകളിലേക്ക് കുടിവെള്ളം വിതരണംചെയ്യുകയും കൃഷി, വൈദ്യുതി ഉൽപാദനം എന്നിവയില്‍ പ്രമുഖ പങ്ക് വഹിക്കുകയുംചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.