ബംഗളൂരു: 11.50 കോടി രൂപയുടെ മയക്കുമരുന്നുമായി സ്ത്രീ ഉൾപ്പെടെ രണ്ട് അന്തർസംസ്ഥാന മയക്കുമരുന്ന് വിൽപനക്കാരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ബാഗലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ (സി.സി.ബി) നാർക്കോട്ടിക് കൺട്രോൾ വിഭാഗം നടത്തിയ റെയ്ഡിനെ തുടർന്നാണ് അറസ്റ്റ്.
ഇവരിൽ നിന്ന് 8,335 എൽ.എസ്.ഡി സ്ട്രിപ്പുകൾ, അഞ്ച് കിലോ ഹൈഡ്രോ കഞ്ചാവ്, 534 ഗ്രാം ചരസ്, രണ്ട് മൊബൈൽ ഫോണുകൾ, ഒരു ഇരുചക്ര വാഹനം എന്നിവ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ഇരുവരും ഒരു വർഷമായി ബംഗളൂരുവിൽ താമസിക്കുകയാണ്. തായ്‌ലൻഡിൽ താമസിക്കുന്ന, കേരളത്തിൽ നിന്നുള്ള വ്യക്തിയിൽ നിന്ന് മയക്കുമരുന്ന് സ്വീകരിച്ച് ഇവർ അയാളുടെ നിർദേശപ്രകാരം ഉപഭോക്താക്കൾക്ക് വിതരണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ബംഗളൂരുവിൽ ഇത്രയും വലിയ അളവിൽ എൽ.എസ്.ഡി കണ്ടെത്തുന്നത് ഇതാദ്യമാണെന്ന് പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത് എവിടെ നിന്നാണ് കൊണ്ടുവന്നതെന്നും എവിടെ വിതരണം ചെയ്യാനാണ് ഉദ്ദേശിച്ചതെന്നും കണ്ടെത്താൻ ശ്രമിക്കുകയാണ്. ഉദ്ദേശിച്ച ലക്ഷ്യങ്ങളെക്കുറിച്ച് ഞങ്ങൾക്ക് ചില പ്രത്യേക വിവരങ്ങൾ ഉണ്ട്. എന്നാലും, വ്യക്തമായ തെളിവുകളില്ലാതെ, ഞങ്ങൾക്ക് നിഗമനത്തിലെത്താൻ കഴിയില്ല. ഇത്രയും വലിയ അളവിൽ മയക്കുമരുന്ന് എങ്ങനെയാണ് ശേഖരിച്ചതെന്നും അത് ആർക്കുവേണ്ടിയാണ് കൊണ്ടുവന്നതെന്നും കണ്ടെത്താൻ അന്വേഷിക്കുകയാണ്- അദ്ദേഹം പറഞ്ഞു. വിതരണ ശൃംഖല കണ്ടെത്തുന്നതിനും ഇതിൽ ഉൾപ്പെട്ടവരെ തിരിച്ചറിയുന്നതിനുമായി കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും സിങ് കൂട്ടിച്ചേർത്തു.
ബാഗലൂർ പൊലീസ് സ്റ്റേഷനിൽ എൻ.ഡി..പിഎസ് (നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട്) പ്രകാരം ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റൊരു പരിശോധനയിൽ കെ. ജി നഗർ പൊലീസ് സ്റ്റേഷനിൽ 1.5 കിലോഗ്രാം ഹൈഡ്രോ കഞ്ചാവ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.
അന്താരാഷ്ട്ര പാഴ്‌സൽ സർവീസുകൾ വഴിയാണ് കള്ളക്കടത്ത് നടത്തിയത്. സംശയം തോന്നാതിരിക്കാൻ ചോക്ലേറ്റ്, ബിസ്‌ക്കറ്റ് ബോക്‌സുകൾക്കുള്ളിൽ ഒളിപ്പിച്ചുവെച്ചിരുന്നു. ഏകദേശം 1.5 കോടി രൂപ വിലമതിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അറിയിച്ചു. മാർച്ച് ഒന്നിന് വൈറ്റ്ഫീൽഡ് പൊലീസ് സ്റ്റേഷൻ പരിധിയിൽ മയക്കുമരുന്ന് വിൽപന നടത്തിയതിന് ഒരു അന്തർസംസ്ഥാന പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
ഇയാളിൽ നിന്ന് 27.239 കിലോഗ്രാം കഞ്ചാവ്, 3.200 കിലോഗ്രാം ഹാഷിഷ് ഓയിൽ, കുറ്റകൃത്യത്തിന് ഉപയോഗിച്ച ഇരുചക്ര വാഹനം എന്നിവയുൾപ്പെടെ 55 ലക്ഷം രൂപ പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.