ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര പൊലീസ് മേധാവികൾക്കൊപ്പം വലിയ സ്ക്രീനിൽ ചിന്നസ്വാമി സ്റ്റേഡിയത്തിലെ ക്രമീകരണങ്ങൾ വീക്ഷിക്കുന്നു
ബംഗളൂരു: ഐ.പി.എൽ ക്രിക്കറ്റ് മത്സരങ്ങൾ ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടത്തുന്നതിന്റെ മുന്നോടിയായി സുരക്ഷ ഉറപ്പുവരുത്തുമെന്ന് ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കൂടുതൽ പൊലീസിനെ വിന്യസിക്കും. 2026ലെ ഐ.പി.എൽ മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ സംസ്ഥാനം സോപാധിക അനുമതി നൽകിയിരുന്നു. റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ (ആർ.സി.ബി) അഞ്ച് ഹോം ഗെയിമുകൾക്ക് സ്റ്റേഡിയം ആതിഥേയത്വം വഹിക്കും.
ജസ്റ്റിസ് മൈക്കൽ ഡി. കുൻഹ കമ്മിറ്റിയുടെ ശിപാർശകളുടെ അടിസ്ഥാനത്തിൽ ഞങ്ങൾ ആർ.സി.ബിക്ക് നിർദേശങ്ങൾ നൽകിയതായി മന്ത്രി പറഞ്ഞു. ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) ചെയർമാൻ മഹേശ്വര റാവുവിന്റെ നേതൃത്വത്തിൽ കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. അദ്ദേഹം ആർ.സി.ബിയേയും കെ.എസ്.സി.എയെയും ബന്ധപ്പെടുകയും ചർച്ചകൾ നടത്തുകയും ചെയ്തു. വ്യവസ്ഥകൾ പാലിച്ചതിന് ശേഷം മാത്രമേ മത്സരങ്ങൾ അനുവദിക്കൂ എന്ന് റാവു അവരോട് പറഞ്ഞിട്ടുണ്ട്. മത്സരങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് അവർ അതെല്ലാം നിറവേറ്റുമെന്ന് ഞാൻ കരുതുന്നു. പൊലീസ് വകുപ്പ് എല്ലാ ദിവസവും അത് അവലോകനം ചെയ്യുന്നുണ്ട്. എല്ലാ അടിസ്ഥാന സൗകര്യങ്ങളും അവർ സൃഷ്ടിച്ചാൽ ഇത്തവണ പൊലീസ് കൂടുതൽ സുരക്ഷ ക്രമീകരണങ്ങൾ ഒരുക്കണമെന്നതാണ് ഞങ്ങളുടെ ജോലി. ഞങ്ങൾ ഇതിനകം അതിനെക്കുറിച്ച് ചർച്ച ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് മത്സര സമയത്ത് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ചിന്നസ്വാമി സ്റ്റേഡിയത്തിന് ചുറ്റും മതിയായ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും -പരമേശ്വര പറഞ്ഞു.തുടർച്ചയായ പരിശ്രമങ്ങൾക്ക് ശേഷം ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് ക്രിക്കറ്റ് തിരിച്ചുവരുന്നത് മികച്ച അവസരമാണെന്ന് കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ.എസ്.സി.എ) പറഞ്ഞു. പ്ലേ ഓഫും ഫൈനലും ഉൾപ്പെടെ അഞ്ച് മത്സരങ്ങൾ ബംഗളൂരുവിൽ നടത്താൻ തീരുമാനിച്ചിരുന്നു. വരാനിരിക്കുന്ന മത്സരങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാൻ അസോസിയേഷൻ വിപുലമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് കെ.എസ്.സി.എ ഔദ്യോഗിക വക്താവ് വിനയ് മൃത്യുഞ്ജയ് പറഞ്ഞു. പ്ലേഓഫും ഫൈനലും ഉൾപ്പെടെ അഞ്ച് മത്സരങ്ങൾ ഇവിടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ), കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ (കെ.എസ്.സി.എ), ഫ്രാഞ്ചൈസി റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരു (ആർ.സി.ബി) എന്നിവ തമ്മിൽ നിർദ്ദിഷ്ട മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ഔപചാരിക കരാർ നിലവിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിശ്ചിത മാനദണ്ഡങ്ങൾക്കനുസൃതമായി ഞങ്ങൾ സ്റ്റേഡിയം ആർ.സി.ബിക്ക് കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ജൂൺ നാലിന് ചിന്ന സ്വാമി സ്റ്റേഡിയത്തിൽ 11 പേർ തിക്കിലും തിരക്കിലും പെട്ട് മരിച്ചതിനെതുടർന്ന് സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നത് സംസ്ഥാന സർക്കാർ വിലക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.