മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇ.ഡി റെയ്ഡ്
ബംഗളൂരു: കർണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് റെയ്ഡ് നടത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ബുധനാഴ്ച പുലർച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. മന്ത്രിയുടെ ബംഗളൂരുവിലെ വീട്ടിലും ബെലഗാവി ജില്ലയിലെ കോൺഗ്രസ് എം.പിയും മകളുമായ പ്രിയങ്ക ജാർക്കിഹോളിയുടെയും ഭാര്യാ സഹോദരൻ വൈ.ഡി. മഞ്ജുനാഥിന്‍റെയും വീടുകളിലുമാണ് പരിശോധന നടത്തിയത്. സതീഷ് ജാർക്കിഹോളിയുടെ സംസ്ഥാനത്തുടനീളമുള്ള 18 സ്ഥലങ്ങൾ പരിശോധിച്ചതായി ഇ.ഡി വൃത്തങ്ങള്‍ പറഞ്ഞു.
കർണാടക എക്സൈസ് വകുപ്പിൽ നടന്നതായി ആരോപിക്കപ്പെടുന്ന അഴിമതിയെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇ.ഡിയുടെ നടപടിയെന്നാണ് റിപ്പോർട്ട്. 18 ബാർ ലൈസൻസുകൾ നൽകിയതുമായി ബന്ധപ്പെട്ട ക്രമക്കേടുകളും അനധികൃത ഫണ്ടുകളുടെ നീക്കവും ഇതിൽ ഉൾപ്പെടും. ലൈസൻസുകൾ സുഗമമാക്കുന്നതിന് ജാർക്കിഹോളി തന്‍റെ സ്വാധീനം ഉപയോഗിച്ചിട്ടുണ്ടോ എന്നും ആരോപിക്കപ്പെടുന്ന ക്രമക്കേടുകൾ വഴി സമാഹരിച്ച ഫണ്ടുകൾ പിന്നീട് വിദേശത്തേക്ക് കൈമാറ്റം ചെയ്യപ്പെടുകയോ നിക്ഷേപിക്കപ്പെടുകയോ ചെയ്തിട്ടുണ്ടോ എന്നും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്.
രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കേന്ദ്ര ഏജൻസികളുടെ ദുരുപയോഗമാണ് ഇ.ഡി നടപടിയെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ ബുധനാഴ്ച ആരോപിച്ചു. തന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അധികാരമേറ്റ് 100 ദിവസം പൂർത്തിയായതിന്‍റെ ആഘോഷം പങ്കുവെക്കാന്‍ പദ്ധതിയിട്ട തലേ ദിവസം റെയ്ഡ് നടത്തിയതിനെ അദ്ദേഹം ചോദ്യം ചെയ്തു. പൊതുജനശ്രദ്ധ തിരിക്കാൻ ലക്ഷ്യമിട്ടാണ് ഈ അവസരത്തില്‍ റെയ്ഡ് നടത്തിയതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ബി.ജെ.പിക്ക് ഒരു ദലിത് നേതാവിനെയും വെച്ച് പൊറുപ്പിക്കാന്‍ സാധിക്കില്ല. കോണ്‍ഗ്രസിനെ രാഷ്ട്രീയമായി തകർക്കാൻ ശ്രമിക്കുകയാണ്.
നാഗേന്ദ്രയുടെ കാര്യത്തിലും സംഭവിച്ചത് ഇതാണ്. ജാർക്കിഹോളിയുടെ കാര്യത്തിലും അത് ചെയ്യാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസികൾ തങ്ങള്‍ക്കെതിരെ തിരിയാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് എല്ലാ മന്ത്രിമാർക്കും പാർട്ടി നിയമസഭാംഗങ്ങൾക്കും നൽകിയിരുന്നു. ജാർക്കിഹോളി അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. ഏജൻസി ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകും. ബി.ജെ.പി കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്ന് കാലം തെളിയിക്കും. നടപടി ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്ന കാര്യത്തില്‍ തനിക്ക് പൂർണ വിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്താൻ കേന്ദ്രം ഇ.ഡിയെ ഉപയോഗിക്കുന്നുണ്ടെന്നും സംഭവ വികാസത്തില്‍ അത്ഭുതമില്ലെന്നും സംസ്ഥാന കോൺഗ്രസ് മേധാവി ബി.കെ. ഹരിപ്രസാദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.