മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ യശ്വന്ത്പുരയിലെ എ.പി.എം.സി മാര്‍ക്കറ്റില്‍ നടത്തിയ സന്ദർശനം

പരീക്ഷണങ്ങളെ അതിജീവിച്ച് 100 ദിനം പൂര്‍ത്തിയാക്കി ഡി.കെ സര്‍ക്കാര്‍

ബംഗളൂരു: പരീക്ഷണങ്ങളെ അവസരങ്ങളാക്കി മാറ്റി സെപ്റ്റംബർ 10ന് ഡി.കെ സര്‍ക്കാര്‍ 100 ദിനം പൂര്‍ത്തിയാക്കുന്നു. മുൻമുഖ്യമന്ത്രി സിദ്ധരാമയ്യയുമായുള്ള അധികാര കൈമാറ്റ ചരടുവലികള്‍ക്ക് ശേഷം ജൂണ്‍ മൂന്നിനാണ് കർണാടകയുടെ 25ാമത് മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തത്.

വിടാതെ വിവാദങ്ങൾ

അധികാരമേറ്റിട്ടും വിവാദങ്ങൾക്ക് കുറവുണ്ടായിരുന്നില്ല. 13 മന്ത്രിസഭ അംഗങ്ങളുമായാണ് സര്‍ക്കാര്‍ അധികാരമേറ്റത്. നവാഗതര്‍ക്ക് അവസരം കൊടുക്കുമെന്ന വാഗ്ദാനം നിറവേറ്റിയില്ലെന്നാരോപിച്ച് നിരവധി എം.എല്‍.എമാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡിനെ കാണാനും ഭരണം അട്ടിമറിക്കാനും പരിശ്രമങ്ങളുണ്ടായി. വകുപ്പ് തർക്കത്തെ തുടർന്ന് തൊട്ടടുത്ത ദിവസം കാബിനറ്റ് മന്ത്രി രാമലിംഗ റെഡ്ഡി രാജി സമർപ്പിച്ചു. 2026 ജൂൺ ആറിന് കോൺഗ്രസ് ഹൈക്കമാൻഡ് ചര്ച്ച നടത്തിയതിനെ തുടർന്ന് റെഡ്ഡി രാജി പിന്‍വലിക്കുകയും ചെയ്തു. വനിത സംവരണം പ്രോത്സാഹിപ്പിക്കുന്ന കോണ്‍ഗ്രസിന്‍റെ മന്ത്രിസഭയില്‍ പേരിന് പോലും വനിതാ അംഗം ഇല്ലാത്തത് പ്രതിപക്ഷം ആയുധമാക്കി. അതിനുള്ള ഉത്തരമായിരുന്നു ഗായത്രി ശാന്തെഗൗഡയുടെ മന്ത്രിസ്ഥാനം. കൃത്യം രണ്ട് മാസങ്ങൾക്ക് ശേഷം മന്ത്രിസഭ വികസിപ്പിക്കുകയും 19 പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. ഹൈക്കമാന്‍ഡ് പട്ടികയില്‍ ഇടം കിട്ടിയിട്ടും, കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി എം‌.എൽ‌.സി ഗായത്രി ശാന്തെഗൗഡ സത്യപ്രതിജ്ഞ ചെയ്തിട്ടില്ലാത്തതിനാൽ അവസാന നിമിഷം മന്ത്രിസ്ഥാനം അവര്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. ഇതോടെ മന്ത്രിസഭയില്‍ 33 അംഗങ്ങള്‍ ആയി.

സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും തമ്മില്‍ സ്വരചേര്‍ച്ചയില്‍ അല്ലെന്നുള്ള കിംവദന്തികളും പ്രതിപക്ഷം തൊടുത്തുവിട്ടു. മന്ത്രിമാരുടെ നിയമനത്തില്‍ അടക്കം സിദ്ധരാമയ്യയുടെ നിര്‍ദേശം സ്വീകരിച്ചതായി മകന്‍ യതീന്ദ്ര സിദ്ധരാമയ്യ തന്നെ വിശദീകരിച്ചപ്പോള്‍ പ്രതിപക്ഷത്തിന്‍റെ അസ്ത്രങ്ങള്‍ ഗതി മാറി പോയി. അഴിമതിയാരോപണ വിധേയനായ ബി. നാഗേന്ദ്രക്ക് മന്ത്രിസഭയില്‍ ഇടം നല്‍കിയതില്‍ പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തി സഭ നടപടികള്‍ തടസ്സപ്പെടുത്തിയതിനെ തുടര്‍ന്ന് ബി. നാഗേന്ദ്ര രാജി സമര്‍പ്പിച്ചു. രാജി സ്വീകരിച്ച മുഖ്യമന്ത്രി നാഗേന്ദ്ര തെറ്റുകാരനല്ലെന്ന് അവര്‍ത്തിച്ചുപറഞ്ഞുവെങ്കിലും, ഡി.കെ. മന്ത്രിസഭക്ക് ഇതൊരു കളങ്കമായി.

കാവേരി വിവാദം

മഴക്കുറവ് കാരണം ജലക്ഷാമം രൂക്ഷമായ സമയത്ത്, തമിഴ്നാടിന് കാവേരി വെള്ളം വിട്ടു നൽകാന്‍, കാവേരി നദീ ജല ട്രൈബുണല്‍ വിധിച്ചതും, ബിഡദി ടൌണ്‍ ഷിപ്പിനെതിരെ കര്‍ഷകര്‍ പ്രക്ഷോഭം സംഘടിപ്പിച്ചതും ഡി.കെക്ക് വെല്ലുവിളിയായി. കെ.പി.എസ്.സി നിയമന വിവാദവും തന്‍റെ അഭിമാന പദ്ധതിയായി അവതരിപ്പിച്ചിരുന്ന തുരങ്കപാത പദ്ധതിക്കെതിരെ പ്രകൃതി സംരക്ഷണ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ അഭൂതപൂർവമായ ജനപങ്കാളിത്തം ലഭിച്ചതും ഡി.കെക്ക് തിരിച്ചടിയായി. കാവേരി പ്രശ്നത്തില്‍ നടത്തിയ ബന്ദ് ഉച്ചയോടെ പിന്‍വലിപ്പിക്കാന്‍ സാധിച്ചത് ഡി.കെയുടെ നേട്ടമായി വിലയിരുത്തുന്നു.

ജനോപകാര നടപടികൾ

അധികാരമേറ്റയുടന്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ബസ് യാത്ര സൌജന്യം പ്രഖ്യാപിച്ച ഡി.കെ ശിവകുമാര്‍. തൊട്ടടുത്ത ദിവസങ്ങളിലും ജനോപകാരപ്രദമായ നിരവധി പദ്ധതികള്‍ നടപ്പാക്കി. പൊലീസ് ഉദ്യോഗസ്ഥർക്കുള്ള ക്ഷാമബത്ത 50ശതമാനം വർധിപ്പിച്ചു. നഗര വികസന മന്ത്രി കൃഷ്ണ ബൈരയുടെ നേതൃത്വത്തില്‍ നടപ്പാതകളിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന നടപടി ആരംഭിച്ചു. കാല്‍നടയാത്ര സുരക്ഷിതമാക്കുകയും അപകടങ്ങള്‍ കുറക്കുകയുമായിരുന്നു ലക്ഷ്യം. ആരോഗ്യ മന്ത്രി യു.ടി ഖാദറിന്‍റെ നേതൃത്വത്തില്‍ വന്‍കിട ഹോട്ടലുകള്‍ ഉള്‍പ്പടെ നിരവധിയിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തുകയും നിരവധി പഴകിയ വസ്തുക്കള്‍ കണ്ടെത്തുകയും ചെയ്തു. ജയിലുകള്‍ കേന്ദ്രീകരിച്ച് ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ നടത്തിയ അന്വേഷണത്തില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തില്‍ ജയിലുകളില്‍ എ.ഐ അധിഷ്ഠിത കാമറകളും സിഗ്നൽ ജാമറുകളും സ്ഥാപിക്കുന്നതിനുള്ള അനുമതി മന്ത്രിസഭ നൽകി. ‘ബി - ഖാത്ത’യിലുള്ള കെട്ടിടങ്ങള്‍ ‘എ-ഖാത്ത’യിലേക്ക് മാറ്റുന്നതിനുള്ള ചെലവ് ഗൈഡന്‍സ് വാല്യുവിന്‍റെ രണ്ടു ശതമാനമാക്കി സര്‍ക്കാര്‍ ഇളവുകള്‍ നല്‍കി. 72,186 സര്‍ക്കാര്‍ തസ്തികയില്‍ ആറു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം നല്‍കി. ഗ്യാരണ്ടി പദ്ധതികളില്‍ ഉപഭോക്താക്കളുടെ പുനഃപരിശോധന നടത്തി. നിലവിലെ 15 ശതമാനം സംവരണത്തില്‍ പ്രഫഷനല്‍ കോഴ്സുകളില്‍ 7.5 ശതമാനം സബ് ക്വാട്ട ഗ്രാമീണ വിദ്യാര്‍ഥികള്‍ക്കായി മാറ്റിവെച്ചു. പൗരന്മാരുടെ പരാതികൾ നേരിട്ട് കേൾക്കുന്നതിനും നിശ്ചിത സമയപരിധിക്കുള്ളില്‍ പരിഹാരം കാണുന്നതിനും സഹായിക്കുന്ന സംയോജിത സംവിധാനമായ ‘പ്രജാസേവാ അഭിയാന’ സംരംഭം സര്‍ക്കാര്‍ ആരംഭിച്ചു. തുടക്കത്തിലെ കല്ലുകടികള്‍ മറക്കാന്‍ സര്‍ക്കാറിന്‍റെ ഇത്തരം തീരുമാനങ്ങള്‍ പ്രയോജനമായി.

ജനപ്രിയൻ

കഴിഞ്ഞ ദിവസം കച്ചവടക്കാരുടെ പ്രശ്നങ്ങള്‍ നേരില്‍ കേള്‍ക്കുന്നതിനായി മുഖ്യമന്ത്രി യശ്വന്ത്പുരയിലെ എ.പി.എം.സി മാര്‍ക്കറ്റില്‍ അപ്രതീക്ഷിത സന്ദർശനം നടത്തി. അവരില്‍ ഒരാളായി അവരുടെ കൂടെ പ്രഭാത ഭക്ഷണം കഴിക്കുകയും ചെയ്തു. ഏതൊക്കെ സംസ്ഥാനങ്ങളില്‍നിന്നുമാണ് വിപണിയിലേക്ക് സാധനങ്ങൾ കൊണ്ടുവരുന്നത് എന്നും വില നിലവാരം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങളെക്കുറിച്ചുള്ള വ്യാപാരികളുമായി ചര്ച്ച നടത്തി. കർഷകരുടെയും വ്യാപാരികളുടെയും താൽപര്യങ്ങൾക്ക് സർക്കാർ എപ്പോഴും പ്രതിജ്ഞാബദ്ധമാണെന്നും അവരുടെ പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. നിര്‍ണ്ണായക ഘട്ടങ്ങളില്‍ കോണ്‍ ഗ്രസിന്‍റെ രക്ഷകനായ ഡി.കെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു കൊണ്ട് മികച്ച ഭരണം കാഴ്ച വെക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതീക്ഷിക്കുന്നു.

ഉദ്ഘാടനത്തിന് സിദ്ധരാമയ്യ?

ബംഗളൂരു: സർക്കാർ 100 ദിനം പൂർത്തിയാക്കിയതിന്റെ ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഔദ്യോഗിക വസതിയായ കാവേരിയിലെത്തി ക്ഷണിച്ചു. വിധാന സൗധയിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പരിപാടി ഉദ്ഘാടനം ചെയ്യാൻ ശിവകുമാർ സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടതായി വൃത്തങ്ങൾ അറിയിച്ചു. ഗ്യാരണ്ടി പദ്ധതികളുടെ ഗുണഭോക്താക്കളുമായി മുഖ്യമന്ത്രി ടൗൺ ഹാളില്‍ യോഗം നടത്തും. സർക്കാർ നടപ്പാക്കിയ വിവിധ ജനോപകാര പദ്ധതികളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കുമെന്നും അടുത്ത 500 ദിവസത്തേക്കുള്ള തന്‍റെ വികസന കാഴ്ചപ്പാട് വ്യക്തമാക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Tags:    
News Summary - DK government completes 100 days in power after overcoming trials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.