ബംഗളൂരു: മൈസൂരു ദസറയുടെ ഭാഗമായി സംഗീതപരിപാടി നടത്താൻ പ്രമുഖ സരോദ് സംഗീതജ്ഞന് പണ്ഡിറ്റ് രാജീവ് താരാനാഥിൽനിന്ന് കമീഷൻ ആവശ്യപ്പെട്ടെന്ന ആരോപണത്തെ തുടർന്ന് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു. മൈസൂരു കൊട്ടാരത്തിൽ നടക്കുന്ന ദസറ സാംസ്കാരിക പരിപാടിയിൽ സംഗീതപരിപാടി നടത്തണമെങ്കിൽ മൂന്നുലക്ഷം രൂപ കമീഷൻ നൽകണമെന്ന് ദസറ ഓർഗനൈസിങ് കമ്മിറ്റി ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടെന്നാണ് ബി.ജെ.പി ആരോപിച്ചത്. ഒക്ടോബർ 21നാണ് താരാനാഥിന്റെ സംഗീതപരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ, തന്നെ അജ്ഞാതനായ ഒരാൾ ഫോണിൽ വിളിച്ച് പരിപാടിയുടെ പ്രതിഫലത്തിൽനിന്ന് ഒരു തുക നൽകണമെന്ന് ആവശ്യപ്പെട്ടെന്നാണ് താരാനാഥ് പറയുന്നത്. വിവരമറിഞ്ഞ് മൈസൂരു ജില്ല പഞ്ചായത്ത് സി.ഇ.ഒയും ദസറ സബ്കമ്മിറ്റിയുടെ ഡെപ്യൂട്ടി സ്പെഷൽ ഓഫിസറുമായ കെ.എം. ഗായത്രി അദ്ദേഹത്തിന്റെ താമസ സ്ഥലത്തെത്തി കാണുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. എന്നാൽ, ദസറയുടെ സംഘാടക കമ്മിറ്റിയിലുള്ള ആരും തന്നോട് പണം ചോദിച്ചിട്ടില്ലെന്നും ഇത്തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
അതേസമയം, സിദ്ധരാമയ്യ സർക്കാറിന്റെ അഴിമതിയുടെ ആഴം ചിന്തിക്കാൻ കൂടി കഴിയില്ലെന്നും സംഭവം ഗൗരവത്തിലുള്ളതാണെന്നും ബി.ജെ.പി എം.എൽ.എ ബസനഗൗഡ പാട്ടീൽ എക്സിൽ കുറിച്ചു. കർണാടകയിൽ നടക്കുന്ന വിവിധ പരിപാടികൾക്കും മറ്റും നിശ്ചിത തുക വാങ്ങണമെന്നും ഇതിനായി ശതമാനക്കണക്ക് അടക്കം കോൺഗ്രസ് ഹൈകമാൻഡ് തയാറാക്കിയിട്ടുണ്ടെന്നും എം.എൽ.എ ആരോപിച്ചു. കോൺഗ്രസിന്റേത് 60 ശതമാനം കമീഷൻ സർക്കാറാണെന്നും ഇതിനാലാണ് സംഗീതജ്ഞനോട് മൂന്നുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതെന്നും ബി.ജെ.പി നേതാവ് സി.ടി. രവി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. എന്നാൽ, ആരോപണം തള്ളിയ മുഖ്യമന്തിയുടെ ഓഫിസ്, ഇക്കാര്യത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടുവെന്ന് മൈസൂരു ജില്ലയുടെ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ അറിയിച്ചു. സർക്കാർ ഉദ്യോഗസ്ഥനായ എം.ഡി. സുദർശൻ നൽകിയ പരാതിയിൽ പണം തട്ടൽ, ചതി എന്നീ വകുപ്പുകൾ ചുമത്തി ജയലക്ഷ്മിപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം കർണാടകയിലെ പ്രധാന കരാറുകാരുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പിന്റെ പരിശോധന നടന്നിരുന്നു. കഴിഞ്ഞ ബി.ജെ.പി സർക്കാറിന്റെ കാലത്ത് 40 ശതമാനം കമീഷൻ ആരോപണം ഉന്നയിച്ച പ്രമുഖ കരാറുകാരൻ ആർ. അംബികാപതിയുടെ ഫ്ലാറ്റിൽനിന്ന് കിടക്കക്ക് താഴെ സൂക്ഷിച്ച നിലയിൽ കോടിക്കണക്കിന് രൂപയുടെ നോട്ടുകെട്ടുകൾ കണ്ടെടുത്തിരുന്നു. പിടിച്ചെടുത്ത പണം കരാറുകാരിൽനിന്ന് കോൺഗ്രസിന് കിട്ടിയ കോഴയാണെന്നും കമീഷൻ സർക്കാറാണ് കോൺഗ്രസിന്റേതെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.