ബെഞ്ചമിൻ
ബംഗളൂരു: പത്തുകോടിയുടെ എം.ഡി.എം.എയുമായി നൈജീരിയ സ്വദേശി ബംഗളൂരുവിൽ പിടിയിൽ. സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ നാർക്കോട്ടിക് വിഭാഗം നടത്തിയ പരിശോധനയിലാണ് അനധികൃതമായി ഇന്ത്യയിൽ താമസിച്ചുവന്ന നൈജീരിയൻ സ്വദേശി ബെഞ്ചമിൻ പിടിയിലായത്. ബിസിനസ് വിസയിലാണ് ഇയാൾ ഇന്ത്യയിലേക്ക് വന്നത്. 2022ൽ വിസ കാലാവധി അവസാനിച്ചുവെങ്കിലും തിരിച്ചുപോയില്ല. പിന്നീട് രാമമൂർത്തി നഗറിലെ വീട്ടിലായിരുന്നു താമസം. മയക്കുമരുന്ന് ഉണ്ടാക്കാനുള്ള ഉപകരണങ്ങളും വസ്തുക്കളും ഇയാളുടെ താമസസ്ഥലത്തുനിന്ന് കണ്ടെടുത്തു.
പിടിച്ചെടുത്ത മയക്കുമരുന്നും ലഹരി ഉണ്ടാക്കാനുള്ള വസ്തുക്കളും പൊലീസ് പ്രദർശിപ്പിക്കുന്നു
വീടിന്റെ അടുക്കളയിലായിരുന്നു മയക്കുമരുന്ന് നിർമാണം. അഞ്ചുകിലോ ഗ്രാം എം.ഡി.എം.എ ആണ് പിടിച്ചത്. മയക്കുമരുന്ന് ഉണ്ടാക്കുന്നതിനുള്ള രാസവസ്തുക്കളടക്കമുള്ള അഞ്ചുകിലോ വസ്തുക്കളും പിടിച്ചതായി പൊലീസ് അറിയിച്ചു. ഇവക്ക് പത്തുകോടി വില വരും. സംശയം തോന്നാതിരിക്കാനും പിടിക്കപ്പെടാതിരിക്കാനും ഇയാൾ ആഫ്രിക്കൻ സ്വദേശികൾക്ക് മാത്രമായിരുന്നു മയക്കുമരുന്ന് വിറ്റിരുന്നത്. മൊബൈൽ ഫോൺ പരിശോധിച്ച് ഇടപാടുകാരുടെ വിവരങ്ങൾ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പരിശോധന നടത്തി കുറ്റവാളിയെ പിടിച്ച പൊലീസ് സംഘത്തെ ബംഗളൂരു പൊലീസ് കമീഷണർ ബി. ദയാനന്ദ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.