ബംഗളൂരു: സെൻട്രൽ ക്രൈംബ്രാഞ്ചും (സി.സി.ബി) സിറ്റി പൊലീസും ബംഗളൂരുവിൽ നടത്തിയ വ്യത്യസ്ത മയക്കുമരുന്ന് വിരുദ്ധ വേട്ടകളിൽ വിദേശ പൗരൻ ഉൾപ്പെടെ നാലുപേരെ അറസ്റ്റ് ചെയ്തു. 1.2 കോടിയിലധികം വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു.
സി.സി.ബിയുടെ മയക്കുമരുന്ന് വിരുദ്ധവിഭാഗം കെ.ആർ പുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന നൈജീരിയൻ പൗരനായ ഉച്ചെ നുദുഡിയെ (25) അറസ്റ്റ് ചെയ്തു. കഴിഞ്ഞ വർഷം മെഡിക്കൽ വിസയിൽ ഇന്ത്യയിലെത്തിയ നുദുഡി, വിസ കാലാവധി കഴിഞ്ഞിട്ടും നഗരത്തിൽ തന്നെ തുടർന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ കാലയളവിൽ, മറ്റൊരു വിദേശ പൗരനിൽനിന്ന് മയക്കുമരുന്ന് വാങ്ങിയതായും അയാൾ ഇപ്പോൾ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.
നുദുഡിയിൽനിന്ന് 50.6 ലക്ഷം രൂപ വിലമതിക്കുന്ന 101 ഗ്രാം കൊക്കെയ്ൻ പൊലീസ് പിടിച്ചെടുത്തു. മറ്റൊരു കേസിൽ 48 ലക്ഷം രൂപ വിലമതിക്കുന്ന 481 ഗ്രാം ഹൈഡ്രോ കഞ്ചാവ് കടത്തിയതിന് മേഘാലയയിൽനിന്നുള്ള ഡി.ജെയായ ബെഗൂരിൽ താമസിക്കുന്ന ചെസെദ് ആകാശിനെ സി.സി.ബി അറസ്റ്റ് ചെയ്തു.
വിവേക് നഗർ പൊലീസ് നടത്തിയ മറ്റൊരു ഓപറേഷനിൽ ഒഡിഷയിൽനിന്നുള്ള മയക്കുമരുന്ന് വിൽപനക്കാരായ സഞ്ജിത് ഭാഗ (35), മിഥുൻ കുംബർ (18) എന്നിവരെ അറസ്റ്റ് ചെയ്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ പിടികൂടി 21 ലക്ഷം രൂപ വിലമതിക്കുന്ന 21.2 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.