പൊലീസ് നിരീക്ഷണത്തിന് ഇനി ഡ്രോണുകളും

ബംഗളൂരു: ടോർച്ചുകളും ബാറ്റണുകളും ഉപയോഗിച്ചുള്ള പട്രോളിങ്ങിന് പുതിയ മുഖം. കുറ്റകൃത്യങ്ങളുടെ നിരീക്ഷണത്തിന് പൊലീസിന് സഹായിയായി ഇനി ഡ്രോണുകളും. ഇതിനായി സംസ്ഥാന പൊലീസ് വകുപ്പ് മൈസൂരു സിറ്റി പൊലീസിന് നാല് ഡ്രോണുകൾ നൽകി. പൊലീസ് കമീഷണർ സീമ ലഡ്കർ നസർബാദിലെ ഓഫിസ് പരിസരത്ത് ഇവ കുറ്റകൃത്യം തടയുന്നതിനും കണ്ടെത്തുന്നതിനും, ക്രമസമാധാന പരിപാലനത്തിനും ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ഉപയോഗിക്കാന്‍ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും നിർദേശം നൽകുകയും ചെയ്തു.

വാഹനങ്ങൾക്ക് എത്തിപ്പെടാൻ സാധിക്കാത്തതും തിരക്കേറിയതുമായ പ്രദേശങ്ങളില്‍ ജനക്കൂട്ടത്തെ നിരീക്ഷിക്കുന്നതിന് ഡ്രോണുകൾ ഉപയോഗപ്രദമാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവങ്ങളുടെ ആകാശ ദൃശ്യങ്ങൾ നൽകുന്നതിലൂടെ അനിഷ്ട സംഭവങ്ങൾ തടയാൻ പൊലീസിന് കഴിയും. സി.സി ടി.വി, എ.ഐ കാമറ എന്നിവയെയാണ് തെളിവുകള്‍ക്കായി ഇതുവരെ ആശ്രയിച്ചിരുന്നത്.

ഡ്രോണുകളുടെ ഉപയോഗം മുകളിൽനിന്ന് കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങളും വിഡിയോകളും പകർത്താൻ സാധിക്കും. കിലോമീറ്ററുകള്‍ക്കകലെയുള കാര്യങ്ങള്‍ നിരീക്ഷിക്കാൻ ഡ്രോണുകൾക്ക് സാധിക്കുമെന്നതിനാല്‍ ദുരന്തങ്ങൾ മുൻകൂട്ടി കാണാനും തടയാനും കുറ്റകൃത്യങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽനിന്ന് രക്ഷപ്പെടുന്ന പ്രതികളെ കണ്ടെത്തുന്നതിനും തീപിടിത്തം, റോഡപകടങ്ങൾ, സംഘര്‍ഷങ്ങള്‍, മറ്റ് അടിയന്തര സാഹചര്യങ്ങൾ എന്നിവ നിരീക്ഷിക്കുന്നതിനും സഹായിക്കും.

ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, മാർക്കറ്റുകൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങൾ പൊലീസ് നിരീക്ഷണം പലപ്പോഴും വെല്ലുവിളികൾ ഉയർത്തുന്നു. ഡ്രോണുകൾ മുഖേന ഉദ്യോഗസ്ഥർക്ക് ദൂരെനിന്ന് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും ചൂതാട്ടം തുടങ്ങിയ സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താനും സഹായിക്കും.

Tags:    
News Summary - Drones now available for police surveillance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.