ബംഗളൂരു: ധർമസ്ഥലക്കുസമീപം ബുധനാഴ്ചയുണ്ടായ അക്രമത്തിൽ കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയും. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നൂറിലേറെ പെൺകുട്ടികളുടെയും യുവതികളുടെയും മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ കുഴിച്ചുമൂടിയെന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷണം നടക്കുന്ന ധർമസ്ഥലക്കുസമീപമാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും വ്യാഴാഴ്ച മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്.
ബുധനാഴ്ചത്തെ സംഭവവുമായി ബന്ധപ്പെട്ട് പരാതികളും പ്രത്യാരോപണങ്ങളും ഉണ്ടെന്നും സമഗ്രമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. തെറ്റ് ചെയ്തവർ ആരായാലും നിയമപ്രകാരം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൂട്ട ശവസംസ്കാര കേസിൽ എസ്.ഐ.ടി അന്വേഷണം പുരോഗമിക്കുന്നതിനിടെ ബുധനാഴ്ച വൈകീട്ട് ദക്ഷിണ കന്നട ജില്ലയിലെ ധർമസ്ഥലക്ക് സമീപം ഒരു വ്യക്തിയുമായി അഭിമുഖം നടത്തുന്നതിനിടെ മൂന്ന് യൂട്യൂബ് ചാനലുകളെ പ്രതിനിധീകരിക്കുന്ന നാലുപേരെ ജനക്കൂട്ടം ആക്രമിച്ചതായാണ് പൊലീസ് റിപ്പോർട്ട്.
2012ൽ ധർമസ്ഥല പട്ടണത്തിൽ ബലാത്സംഗത്തിന് ഇരയായി മരിച്ച നിലയിൽ കണ്ടെത്തിയ കോളജ് വിദ്യാർഥിനി സൗജന്യയുടെ വസതിക്ക് സമീപമാണ് സംഭവം നടന്നത്. പങ്കൽ ക്രോസിൽ നടന്ന സംഭവത്തെത്തുടർന്ന് രണ്ട് ഗ്രൂപ്പുകൾ പരസ്പരം അധിക്ഷേപിക്കുകയും കല്ലെറിയുകയും ചെയ്തു. ജനക്കൂട്ടത്തെ ശാന്തമാക്കാൻ പൊലീസ് ശ്രമിച്ചു.
പക്ഷേ, സംഘർഷം രൂക്ഷമാകുന്ന ലക്ഷണങ്ങൾ കണ്ടപ്പോൾ പിരിച്ചുവിടാൻ നേരിയ ലാത്തിച്ചാർജ് നടത്തി.‘പുണ്യസ്ഥലത്തിന്റെ പ്രതിച്ഛായക്ക് കളങ്കം വരുത്തുന്നവർ’ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം, രാത്രിയിൽ ധർമസ്ഥല പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി.
ധർമസ്ഥലക്ക് സമീപം സംഘർഷത്തെക്കുറിച്ച് തനിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും, എന്തുകൊണ്ടാണ് ഇത് സംഭവിച്ചത്, ആരാണ് ഉത്തരവാദി, അവരുടെ ഉദ്ദേശ്യം എന്തായിരുന്നു എന്നിവ അന്വേഷിച്ച ശേഷം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരമേശ്വര പറഞ്ഞു.
‘കൂട്ട ശവസംസ്കാരം’ എന്ന അവകാശവാദം അന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപവത്കരിച്ചുവെന്നും ആവശ്യങ്ങൾ ശ്രദ്ധാപൂർവം പരിഗണിച്ചുവെന്നും പറഞ്ഞ ആഭ്യന്തര മന്ത്രി, മജിസ്ട്രേറ്റ് തല നിർദേശങ്ങളും ഉണ്ടായിരുന്നുവെന്ന് കൂട്ടിച്ചേർത്തു. സി.ആർ.പി.സി സെക്ഷൻ 164 പ്രകാരം മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നൽകുന്നതിനിടെ നിരവധി മൃതദേഹങ്ങൾ സംസ്കരിച്ചതായി പരാതിക്കാരനും സാക്ഷിയുമായ വ്യക്തി അവകാശപ്പെട്ടു.
പരാതിക്കാരനും സാക്ഷിയുമായ വ്യക്തി തിരിച്ചറിഞ്ഞ 13 സ്ഥലങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന്റെ ഭാഗമായി എസ്.ഐ.ടി മൃതദേഹം പുറത്തെടുത്തു. ‘ആറാമത്തെ സ്ഥലത്ത് ഒരു പുരുഷന്റെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി, അത് ഇതിനകം മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മറ്റ് സ്ഥലങ്ങളിൽനിന്ന് ഒന്നും കണ്ടെത്തിയിട്ടില്ല, ഒരു കുന്നിനടുത്തുള്ള മറ്റെവിടെയോ നിന്ന് ചില അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയതല്ലാതെ. ആ അവശിഷ്ടങ്ങളെല്ലാം എസ്.ഐ.ടി എഫ്.എസ്.എല്ലിലേക്ക് അയച്ചിട്ടുണ്ട്’- അദ്ദേഹം പറഞ്ഞു.
അന്വേഷണം പുരോഗമിക്കുന്നതിനിടെ, കേസുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും പ്രകോപനപരമായ പ്രസ്താവനകൾ നടത്തുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറ്റുള്ളവർ എന്ത് അഭിപ്രായങ്ങൾ പറയുന്നു എന്നത് പ്രധാനമല്ലെന്ന് ആഭ്യന്തരമന്ത്രി മറുപടി നൽകി.
പ്രധാന കാര്യം, പ്രത്യേക അന്വേഷണ സംഘം സാങ്കേതികമായി അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണം, അവർ അവരുടെ ജോലി ചെയ്യുന്നു എന്നതാണ്. അന്വേഷണത്തിന്റെ തുടർനടപടികൾ എസ്.ഐ.ടി തീരുമാനിക്കുമെന്നും സർക്കാർ ഇടപെടില്ലെന്നും ഒരു നിർദേശവും നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മംഗളൂരു: ധർമസ്ഥലയിൽനിന്ന് എസ്.ഐ.ടി ഖനനം ചെയ്തെടുത്ത അസ്ഥികൾ രാസ പരിശോധനക്ക് അയച്ചതായി ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര വ്യക്തമാക്കിയെങ്കിലും പരിശോധനഫലം വൈകുമെന്ന് ഫോറൻസിക് സയൻസ് ലബോറട്ടറി അധികൃതർ പറയുന്നു. കേസിന്റെ സങ്കീർണതയെ ആശ്രയിച്ച് എഫ്.എസ്.എൽ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ട് മുതൽ മൂന്ന് വരെ മാസം എടുക്കാം.
ഡി.എൻ.എ പരിശോധന ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അതിലും കൂടുതൽ സമയമെടുക്കും. ധർമസ്ഥലയിലെ വനത്തിൽനിന്ന് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്ന വിദഗ്ധർ വെളിപ്പെടുത്തിയത് ജോലിഭാരവും സാങ്കേതിക വെല്ലുവിളികളും വൈകുന്നതിന് കാരണമാവുമെന്നാണ്.
കൂട്ടശവസംസ്കാര കേസിന്റെ അടിയന്തര സ്വഭാവം കണക്കിലെടുത്ത് ഏതാനും ആഴ്ചകൾക്കുള്ളിൽ റിപ്പോർട്ട് തയാറാക്കാനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്. പല ഘടകങ്ങളെ ആശ്രയിച്ചാണ് കാലതാമസം. എഫ്.എസ്.എൽ വിദഗ്ധൻ പ്രത്യേകിച്ച് ലാബുകൾ വളരെയധികം കേസുകളുടെ ഭാരം വരുമ്പോൾ കാലതാമസം സാധാരണമാണ്.
ഒരു അന്വേഷണത്തിനിടെ അസ്ഥികളോ മറ്റേതെങ്കിലും മനുഷ്യാവശിഷ്ടങ്ങളോ പൊലീസ് കണ്ടെത്തുമ്പോൾ അവ ശാസ്ത്രീയ പരിശോധനക്കായി എഫ്.എസ്.എല്ലിലേക്ക് അയക്കുന്നു. മരിച്ചയാളുടെ ഐഡന്റിറ്റി, ആ വ്യക്തി എങ്ങനെ മരിച്ചു, എന്തെങ്കിലും കുറ്റകൃത്യം നടന്നിട്ടുണ്ടോ തുടങ്ങിയ വിശദാംശങ്ങൾ കണ്ടെത്താൻ പൊലീസിനെ സഹായിക്കുന്നതിൽ എഫ്.എസ്.എൽ നിർണായക പങ്ക് വഹിക്കുന്നു.
അവശിഷ്ടങ്ങൾ എഫ്.എസ്.എല്ലിൽ എത്തിക്കഴിഞ്ഞാൽ ആദ്യപടി സാമ്പിളുകൾ ശരിയായി രജിസ്റ്റർ ചെയ്യുകയും രേഖപ്പെടുത്തുകയും ചെയ്യുക എന്നതാണ്. വിദഗ്ധ സംഘം വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ടെന്നും കൃത്രിമത്വം തടയുന്നതിന് ശരിയായ കസ്റ്റഡി ശൃംഖല ഉണ്ടെന്നും ഉറപ്പാക്കുന്നു.
സാമ്പിളുകൾ സാധാരണയായി പൊലീസ് അഭ്യർഥന കത്തും മറ്റ് ആവശ്യമായ രേഖകളും ഉൾക്കൊള്ളുന്നതാണ് -അടുത്തതായി ഫോറൻസിക് സംഘം അവശിഷ്ടങ്ങളുടെ ശാരീരിക പരിശോധന നടത്തുന്നു. അസ്ഥികൾ മനുഷ്യരുടെതാണോ മൃഗങ്ങളുടെതാണോ, എത്രയുണ്ട്, അവ പുരുഷന്റെതാണോ സ്ത്രീയുടെതാണോ എന്ന് അവർ പരിശോധിക്കുന്നു.
വ്യക്തിയുടെ പ്രായം, ഉയരം എന്നിവ കണക്കാക്കാനും അസ്ഥികളിൽ ദൃശ്യമായ മുറിവുകൾ, പൊള്ളൽ, മുറിവിന്റെയോ ആഘാതത്തിന്റെയോ ലക്ഷണങ്ങൾ എന്നിവ ഉണ്ടോ എന്ന് പരിശോധിക്കാനും വിദഗ്ധർക്ക് കഴിയും.ശരീരാവശിഷ്ടങ്ങളുടെ അവസ്ഥയും കേസിന്റെ സ്വഭാവവും അടിസ്ഥാനമാക്കി എഫ്.എസ്.എൽ വിദഗ്ധർ പലതരം പരിശോധനകൾ നടത്തുന്നു.
ഡി.എൻ.എ പരിശോധന, ടോക്സിക്കോളജി പരിശോധനകൾ, ഓസ്റ്റിയോളജിക്കൽ പരിശോധന, ബാലിസ്റ്റിക് പരിശോധനകൾ, ഹിസ്റ്റോപാത്തോളജി പരിശോധനകൾ, കീടശാസ്ത്ര പരിശോധനകൾ, വിരലടയാളം അല്ലെങ്കിൽ ദന്ത വിശകലനം തുടങ്ങിയ പരിശോധനകൾ വ്യക്തിയെ തിരിച്ചറിയാൻ നടത്തുന്നു.
പൊലീസിനെ വ്യക്തിയെ തിരിച്ചറിയാൻ സഹായിക്കുന്നതിന് അസ്ഥികളിൽനിന്നോ കലകളിൽനിന്നോ ഡി.എൻ.എ വേർതിരിച്ചെടുക്കാനും എഫ്.എസ്.എൽ ശ്രമിക്കുന്നു. ഇത് സാധാരണയായി ഒരു അസ്ഥിക്കഷണം (സാധാരണയായി തുടയെല്ല് അല്ലെങ്കിൽ പല്ല്) എടുത്ത് വൃത്തിയാക്കി നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഡി.എൻ.എ പുറത്തെടുക്കുന്നു.
പിന്നീട് ഈ ഡി.എൻ.എ കുടുംബാംഗങ്ങളിൽനിന്ന് എടുത്ത സാമ്പിളുകളുമായി താരതമ്യം ചെയ്ത് അവരുടെ രക്തം അല്ലെങ്കിൽ കവിൾ സ്വാബ് പോലുള്ളവയെ തിരിച്ചറിയാൻ ഉപയോഗിക്കുന്നു. എല്ലാ പരിശോധനകളും പൂർത്തിയായിക്കഴിഞ്ഞാൽ എഫ്.എസ്.എൽ വിശദമായ റിപ്പോർട്ട് എസ്.ഐ.ടിക്ക് സമർപ്പിക്കുമെന്ന് വിദഗ്ധൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.