ബംഗളൂരു: കർണാടകയിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക ഉന്നതി ലക്ഷ്യമിട്ട് സംസ്ഥാന ബജറ്റിൽ അനുവദിച്ച ഫണ്ട് വിവിധ മേഖലകളിൽ വിനിയോഗിക്കുന്നതിൽ ഗുരുതര വീഴ്ചയെന്ന് ആക്ഷേപം. 2025-26 ബജറ്റ് വിഹിതത്തിൽ 33 ശതമാനം വർധന പ്രഖ്യാപിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ടര വർഷം പൂർത്തിയാക്കി അടുത്ത മാസം സ്ഥാനം ഒഴിയുമ്പോഴും വിനിയോഗ നടപടികൾ പരിതാപകരമാണ്. ബജറ്റിൽ നീക്കിവെച്ച വലിയ തുകകൾ ന്യൂനപക്ഷ വകുപ്പിന് കൈമാറുന്നതിൽ ഉദ്യോഗസ്ഥതലത്തിൽ അമാന്തം സംഭവിക്കുന്നുമുണ്ട്.
ന്യൂനപക്ഷ മന്ത്രി ബി.ഇസെഡ്. സമീർ അഹ്മദ് ഖാനും ന്യൂനപക്ഷ കമീഷൻ ചെയർമാൻ യു. നിസാർ അഹ്മദും ലക്ഷ്യമിട്ട മേഖലകളിൽ ഫണ്ട് എത്തിക്കാൻ തൽപരരാണെങ്കിലും മതിയായ പിന്തുണ ലഭിക്കുന്ന നിലയിലല്ല ഔദ്യോഗിക സംവിധാനങ്ങൾ എന്നാണ് ആക്ഷേപം. ന്യൂനപക്ഷ വിദ്യാർഥികൾക്ക് ഭക്ഷണവും താമസവും നൽകുന്നതിന് ലക്ഷ്യമിടുന്ന വിദ്യാസിരി സ്കോളർഷിപ് പദ്ധതിയിൽ 10 മാസത്തേക്ക് പ്രതിമാസം 1500 രൂപ സ്റ്റൈപ്പൻഡ് ബജറ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന് 50 ശതമാനം ഫണ്ട് (25 കോടി രൂപ) സർക്കാർ അനുവദിച്ചു.
ഈ മാസം 25 വരെ ഈ സ്കോളർഷിപ് ഒരു കുട്ടിക്കുപോലും ലഭ്യമാക്കിയിട്ടില്ല. മദ്റസകളിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനുള്ള പദ്ധതി പ്രകാരം ന്യൂനപക്ഷ വകുപ്പിന് 17.5 കോടി രൂപയുടെ 50 ശതമാനം ഫണ്ട് ലഭിച്ചിരുന്നു. ഇതിന്റെ വിനിയോഗവും പൂജ്യമാണ്. ന്യൂനപക്ഷ കോളനി വികസന പരിപാടിയുടെ കീഴിൽ 1000 കോടി രൂപയുടെ കർമ പദ്ധതി, സാംസ്കാരികവും സാമൂഹികവുമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് ന്യൂനപക്ഷ സമൂഹങ്ങൾക്കായി സംസ്ഥാനത്തുടനീളം മൾട്ടി പർപ്പസ് ഹാളുകളുടെ നിർമാണം, ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട പെൺകുട്ടികൾക്ക് ഉള്ളാളിൽ ഹോസ്റ്റൽ സൗകര്യമുള്ള പി.യു കോളജ്, ന്യൂനപക്ഷ സ്ത്രീകളുടെ ഉന്നത വിദ്യാഭ്യാസത്തെ പിന്തുണക്കുന്നതിന് വഖഫ് സ്ഥാപനങ്ങളുടെ ഒഴിഞ്ഞുകിടക്കുന്ന പ്ലോട്ടുകളിൽ 16 പുതിയ വനിത കോളജുകൾ എന്നിവ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളിൽ ചിലതാണ്. എന്നാൽ, ബന്ധപ്പെട്ട ഫയലുകൾ ഭരണ നിർവഹണതലത്തിൽ മാറ്റിവെക്കപ്പെടുകയാണ്. ഭവന വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന മന്ത്രി സമീർ അഹ്മദ് ഖാനെതിരെ വീടുകൾ അനുവദിച്ചതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നിലവിലുണ്ട്. അതിൽനിന്ന് മുഖം രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ അദ്ദേഹത്തിന് ന്യൂനപക്ഷ ഫണ്ടിനായി ശബ്ദം ഉയർത്താൻ കഴിയുന്നില്ലത്രെ.
ഒക്ടോബർ വരെയുള്ള ന്യൂനപക്ഷ വകുപ്പിന്റെ സ്വന്തം റിപ്പോർട്ട് പ്രകാരം പ്രധാന ക്ഷേമ പദ്ധതികൾക്ക് ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ച ഫണ്ടിന്റെ പ്രധാന ഭാഗം ഇതുവരെ ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ന്യൂനപക്ഷങ്ങൾക്കായുള്ള പ്രത്യേക വികസന പദ്ധതിക്കായി അനുവദിച്ച 715 കോടിയിൽ 178.75 കോടി മാത്രമേ അനുവദിച്ചിട്ടുള്ളൂ. ഇത് മൊത്തം ഫണ്ടിന്റെ 25 ശതമാനം മാത്രമാണ്.
നഗരപ്രദേശങ്ങളിലെ ന്യൂനപക്ഷ ചേരികളുടെയും കോളനികളുടെയും വികസന പരിപാടിക്കായി അനുവദിച്ച 400 കോടിയിൽ 100 കോടി മാത്രമാണ് അനുവദിച്ചത്. മൗലാനാ ആസാദ് സ്കൂളുകൾക്ക് അധിക മുറികൾ നിർമിക്കുന്നതിന് 100 കോടിയിൽ 50 കോടി മാത്രമാണ് ന്യൂനപക്ഷ വകുപ്പിന് അനുവദിച്ചത്.
മുഖ്യമന്ത്രിയുടെ ന്യൂനപക്ഷങ്ങൾക്കായുള്ള പ്രത്യേക വികസന പദ്ധതി പ്രകാരം ലഭിച്ച 178.75 കോടിയിൽ 103 കോടി മാത്രമേ ചെലവഴിച്ചിട്ടുള്ളൂ. രണ്ടര വർഷത്തിന് ശേഷം സിദ്ധരാമയ്യ പദവി ഒഴിഞ്ഞ് ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാവുക എന്ന ധാരണ അടുത്ത മാസം പ്രാവർത്തികമാവുന്നതോടെ മന്ത്രിസഭ പുനഃസംഘടനയിലൂടെ ന്യൂനപക്ഷ വകുപ്പ് തലപ്പത്തും മാറ്റം പ്രതീക്ഷിക്കാം
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.