പ്രതീകാത്മക ചിത്രം
ബംഗളൂരു: ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) അപ്പാർട്മെന്റുകൾക്കും പി.ജികൾക്കും വെള്ളക്കരം കുറച്ചു. നിലവിൽ അപ്പാർട്മെന്റുകളിലെ വീടുകളുടെ എണ്ണം കണക്കിലെടുത്താണ് ജലക്കരം നിശ്ചയിക്കുന്നത്. നേരത്തേ ഉപയോഗിക്കുന്ന വെള്ളത്തിന്റെ അളവനുസരിച്ചാണ് വെള്ളക്കരം നിശ്ചയിച്ചിരുന്നത്. തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ നഗരത്തിലെ ഭൂരിഭാഗം അപ്പാർട്മെന്റുകൾക്കും കുറഞ്ഞ വെള്ളക്കരം മാത്രം അടച്ചാൽ മതിയാകും.
200 വീടുകളുള്ള അപ്പാർട്മെന്റുകൾക്ക് വെള്ളക്കരം കുറയുകയും 2000 വീടുകളുള്ള അപ്പാർട്മെന്റുകൾക്ക് വെള്ളക്കരം വർധിക്കുകയും ചെയ്യുമെന്ന് ബംഗളൂരു അപ്പാർട്മെന്റ് ഫെഡറേഷൻ (ബി.എ.എഫ്) അംഗം അരുൺ കുമാർ പറഞ്ഞു. ഓരോ കുടുംബത്തിനും 200 ലിറ്റർ വെള്ളം ലിറ്ററിന് 32 രൂപ നിരക്കിൽ നിത്യവും ലഭിക്കും. 200 ലിറ്ററിന് മുകളിൽ ഉപയോഗിക്കുന്നതിനനുസരിച്ച് വെള്ളക്കരം ലിറ്ററിന് 55 രൂപ നിരക്കിൽ വർധിക്കും.
ഏപ്രിലിൽ കരം പുതുക്കിയതോടെ പി.ജികളുടെ സാനിറ്ററി നിരക്ക് കുത്തനെ വർധിച്ചിരുന്നു. ഇതിനെതിരെ പി.ജികളുടെ ഉടമസ്ഥർ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ഡബ്ല്യു.എസ്.എസ്.ബിയിൽ അപ്പീൽ ഫയൽ ചെയ്തിരുന്നു. തുടർന്ന് നിരക്ക് 50 ശതമാനം കുറച്ചിരുന്നു. 20 റൂമുകളിൽ അധികമുള്ള പി.ജികൾ സാനിറ്ററി നിരക്ക് 7500 രൂപ അടക്കേണ്ട സ്ഥാനത്ത് നിരക്ക് കുറച്ചതോടെ 3,000 രൂപ അടച്ചാൽ മതി. മുമ്പ് സാനിറ്ററി നിരക്ക് 1,000 രൂപയായി നിശ്ചയിച്ചിരുന്നു.
ഏപ്രിലിൽ പുതിയ നിരക്ക് വന്നതോടെ അഞ്ച് മുതൽ ഏഴ് ശതമാനം വരെ വർധിച്ചിരുന്നു. പി.ജി ഉടമകൾക്ക് ഇത് പ്രായസമുണ്ടാക്കിയിരുന്നു. അഭ്യർഥന പ്രകാരം സാനിറ്ററി നിരക്ക് കുറച്ചതിൽ സന്തോഷവാനാണെന്ന് പി.ജി ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ഡി.ടി അരുൺ കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.