ന്യൂഡൽഹി: സി.എസ്.ഐ.ആർ, യു.ജി.സി- നെറ്റ് എഴുതുന്നതുവർക്ക് പരീക്ഷാ സെന്റർ മുൻഗണനകൾ എഡിറ്റ് ചെയ്യാനുള്ള ഓപ്ഷൻ ഒരുക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആവശ്യപ്പെട്ടു. ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവി അവതാളത്തിലാക്കിയ യു.ജി.സി, സി.എസ്.ഐ.ആർ പരീക്ഷകൾ ദേശീയ പരീക്ഷ ഏജൻസി ജൂലൈ മുതൽ സെപ്തംബർ വരെയാണ് റീ-ടെസ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഫ്രറ്റേണിറ്റി മൂവ്മെന്റ് ഉൾപ്പെടെ വിവിധ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധങ്ങൾ രാജ്യത്തുടനീളം നടന്നിട്ടും റദ്ദാക്കിയ പരീക്ഷകളിൽ വിദ്യാർഥികൾക്ക് നഷ്ടപരിഹാരം നൽകാൻ വിസമ്മതിച്ച് കേന്ദ്ര സർക്കാർ വീണ്ടും ഏകാധിപത്യ സമീപനം തുടരുകയാണ്.
പുതിയ പരീക്ഷ അപേക്ഷയിൽ വിദ്യാർഥികൾക്ക് അവരുടെ പരീക്ഷാ സെന്റർ മുൻഗണനകൾ എഡിറ്റുചെയ്യാനുള്ള ഒരു ഓപ്ഷൻ അധികൃതർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇത് പലരുടെയും പരീക്ഷ എഴുതുന്നത് തന്നെ ആശങ്കയിലാഴ്ത്തുന്ന സാഹചര്യമാണെന്നും ഫ്രറ്റേണിറ്റി മൂവ്മെന്റ് ചൂണ്ടിക്കാണിക്കുന്നു.
ലക്ഷക്കണക്കിന് വിദ്യാർഥികൾക്ക് നിരാശ മാത്രം സമ്മാനിച്ച രാജ്യത്തെ ഉന്നത പരീക്ഷ വീണ്ടും നടത്തപ്പെടുമ്പോൾ മറ്റൊരു അനീതി കൂടി ആവർത്തിക്കുകയാണ്. കേന്ദ്ര സർക്കാർ, വിദ്യാഭ്യാസ മന്ത്രാലയം വിദ്യാർഥികളോട് തുടരുന്നത് കൊടിയ അക്രമമാണ്. ഈ അവഗണനയ്‌ക്കെതിരെ ബഹുജന ഇമെയിൽ കാമ്പയിനും നിവേദന സമർപ്പണവും ഉൾപ്പെടെ വ്യത്യസ്ത പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും വിദ്യാർഥികൾക്ക് നീതി ലഭ്യമാക്കാൻ മുന്നിട്ടിറങ്ങുമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെൻ്റ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.