ആർ. അശോക
ബംഗളൂരു: ദാവന്‍ഗരെ ഉപതെരഞ്ഞെടുപ്പിന് ശേഷം ന്യൂനപക്ഷ വോട്ടർമാർക്കിടയിലുള്ള അതൃപ്തി ശമിപ്പിക്കാൻ വേണ്ടിയാണ് കോൺഗ്രസ് സർക്കാർ ഹിജാബ് വിഷയം ഉപയോഗിക്കുന്നതെന്ന് നിയമസഭ പ്രതിപക്ഷ നേതാവ് ആർ. അശോക ആരോപിച്ചു.
വിലക്കയറ്റം, അഴിമതി, കർഷകരുടെ ദുരിതം, ക്രമസമാധാനം തുടങ്ങിയ വിഷയങ്ങൾ പരിഹരിക്കുന്നതിന് പകരം ഹിജാബ് വിഷയം പുനരുജ്ജീവിപ്പിച്ചുകൊണ്ട് ന്യൂനപക്ഷ വോട്ട് നിലനിർത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണെന്ന് സാമൂഹിക മാധ്യമമായ എക്സിൽ അദ്ദേഹം കുറിച്ചു. ഒരു സമുദായത്തിന് പ്രയോജനപ്പെടുന്നതിനായി മാത്രം കോടതി പിന്തുണയുള്ള നയം മാറ്റിവെക്കുന്നതിനെ മതേതരത്വമായി വിശേഷിപ്പിക്കാമോ എന്ന് അദ്ദേഹം ചോദിച്ചു. ഹിജാബ് അനുവദിക്കാൻ സർക്കാർ തയാറാണെങ്കിലും കാവി ഷാളുകൾ നിരോധിക്കുന്നത് തുടരുകയാണെന്ന് അശോക ആരോപിച്ചു.
സ്കൂളുകളെയും കോളജുകളെയും തുല്യതയുടെ ഇടങ്ങളായി കണക്കാക്കുന്നതിനുപകരം മതത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാര്‍ഥികളെ വിഭജിക്കുകയാണ് സർക്കാർ ചെയ്യുന്നത്.
നീതിന്യായ തത്ത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്തതിന് കർണാടകയിലെ വോട്ടർമാർ കോൺഗ്രസിനെ ഒരു പാഠം പഠിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.