ബംഗളൂരു: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട മെട്രോ സർവിസ് തടസ്സങ്ങളെക്കുറിച്ച് അന്വേഷിച്ച് പരിഹാര നടപടികൾ വിശദീകരിക്കുന്ന റിപ്പോർട്ട് സമർപ്പിക്കാൻ റെയിൽവേ സുരക്ഷാ ചീഫ് കമീഷണറും മെട്രോ റെയിൽവേ സുരക്ഷാ (സതേൺ റേഞ്ച്) കമീഷണറുമായ ജനക് കുമാർ ഗാർഗ് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്(ബി.എം.ആർ.സി.എൽ) നിർദ്ദേശം നല്‍കി.
കൂടാതെ ബി.എം.ആർ.സി.എല്ലിന്‍റെ പ്രവര്‍ത്തന രീതികളെക്കുറിച്ച് ഓഡിറ്റ് നടത്താനും അതോറിറ്റി ആവശ്യപ്പെട്ടു. ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യ നമ്മ മെട്രോ പ്രവർത്തനങ്ങളുടെ സുരക്ഷയും പരിപാലനവും സംബന്ധിച്ച ഓഡിറ്റ് ആവശ്യപ്പെട്ട് കമീഷണർക്ക് കത്തെഴുതിയതിനെ തുടർന്നാണ് നിർദേശം പുറപ്പെടുവിച്ചത്. സാങ്കേതികവും മറ്റ് പ്രശ്നങ്ങളും കാരണം കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏകദേശം 20 സർവിസുകള്‍ തടസപ്പെട്ടതായി മാധ്യമ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടി എം.പി പറഞ്ഞു. പർപ്പിൾ ലൈനിലാണ് തടസ്സങ്ങളില്‍ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയില്‍ കബൺ പാർക്ക് സ്റ്റേഷനിലെ സാങ്കേതിക തകരാറുകള്‍ യാത്രക്കാർക്ക് അസൗകര്യമുണ്ടാക്കിയിരുന്നു. 2002 ലെ മെട്രോ റെയിൽവേസ് (ഓപറേഷൻ ആൻഡ് മെയിന്‍റനൻസ്) ആക്ട് പ്രകാരം മരണമോ പരിക്കുകളോ ഉൾപ്പെടുന്ന അപകടങ്ങളിൽ നിയമപരമായ അന്വേഷണം നടത്തുകയും പുതിയ മെട്രോ ലൈനുകൾ തുറക്കുന്നതിന് അനുമതി നൽകുകയും പുതിയ രോളിങ് സ്റ്റോക്ക് ഏർപ്പെടുത്തുന്നതിന് അംഗീകാരം നൽകുകയും ചെയ്യുന്നത് കമീഷണറാണെന്ന് എം.പിക്ക് നൽകിയ മറുപടിയിൽ സി.എം.ആർ.എസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.