ബംഗളൂരു: പഹൽഗാം ഭീകരാക്രമണത്തിന് പ്രതികാരം ചെയ്യാൻ ഓപറേഷൻ സിന്ദൂർ നടത്തിയ ഇന്ത്യൻ സായുധ സേനയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കർണാടകയിലെ ഭരണകക്ഷിയായ കോൺഗ്രസ് വെള്ളിയാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ‘ജയ് ഹിന്ദ് തിരംഗ യാത്ര’ സംഘടിപ്പിച്ചു.
ബംഗളൂരു കെ.ആർ സർക്കിളിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ, ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വര, മറ്റു മന്ത്രിമാർ എന്നിവർ നേതൃത്വം നൽകിയ യാത്ര വൻ ജനപങ്കാളിത്തത്തിൽ ഉജ്ജ്വലമായി.
‘ജയ് ഹിന്ദ്-ജയ് ഭാരത്-ജയ് തിരംഗ’, ‘ഭാരത് സിന്ദാബാദ്’, ‘ഭാരത് മാതാ കീ ജയ്’, ‘നമ്മുടെ സൈനികർ നമ്മുടെ അഭിമാനം’ എന്നീ മുദ്രാവാക്യങ്ങൾ മുഴക്കി ദേശീയ പതാകയേന്തിയ യാത്ര കെ.ആർ സർക്കിളിൽനിന്ന് ആരംഭിച്ച് എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ സമാപിച്ചു. ഇന്ത്യയുടെ അതിർത്തി കാക്കുന്ന സൈനികരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഡി.കെ. ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസാണ് ‘ജയ് ഹിന്ദ് തിരംഗ യാത്ര’ സംഘടിപ്പിച്ചതെങ്കിലും വിദ്യാർഥികൾ, സർക്കാർ ജീവനക്കാർ, വിവിധ സംഘടനകളിലെയും സ്ഥാപനങ്ങളിലെയും അംഗങ്ങൾ എന്നിവരുൾപ്പെടെ എല്ലാ മേഖലകളിലുമുള്ള ആളുകളും പങ്കാളികളായി. സൈനികർ നമ്മുടെ ദേശീയ അഭിമാനമാണ്.
അവരെ അഭിവാദ്യം ചെയ്യാൻ `ഞങ്ങൾ ആഗ്രഹിക്കുന്നു. രാജ്യം മുഴുവൻ അവരുടെ പിന്നിലുണ്ടെന്ന് അറിയിക്കാൻ ഞങ്ങൾ അവരോടൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. ചെറിയ അറിയിപ്പ് ലഭിച്ചിട്ടും വൻ ജനപങ്കാളിത്തത്തിൽ സന്തോഷമുണ്ടെന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.