ബംഗളൂരു: മൂന്ന് സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട നിക്ഷേപ തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വ്യാഴാഴ്ച ബംഗളൂരുവിലെ 15 ഇടങ്ങളിൽ റെയ്ഡ് നടത്തി. ശുശ്രുതി സൗഹാർദ ബാങ്ക്, ശ്രുതി സൗഹാർദ ബാങ്ക്, ശ്രീലക്ഷ്മി സൗഹാർദ ബാങ്ക് എന്നിവക്കെതിരെയാണ് കേസ്. ഇവയുടെ സ്ഥാപകനായ എൻ. ശ്രീനിവാസ മൂർത്തിയുമായും അദ്ദേഹത്തിന്റെ കുടുംബവുമായും ബന്ധപ്പെട്ട ഇടങ്ങളിലായിരുന്നു റെയ്ഡ്.
ഉയർന്ന പലിശനിരക്കുകൾ വാഗ്ദാനം ചെയ്ത് 15,000ത്തിലേറെ നിക്ഷേപകരിൽനിന്നായി 100 കോടിയിലേറെ തട്ടിയെടുത്തതായാണ് പരാതി. 2022ൽ ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി) ശുശ്രുതി സഹകരണ സംഘത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണത്തെത്തുടർന്ന് നിരവധി വ്യക്തികളെ അറസ്റ്റും ചെയ്തു.
എൻ. ശ്രീനിവാസ മൂർത്തിയാണ് സൊസൈറ്റി സ്ഥാപിച്ചത്. പിന്നീട് അദ്ദേഹം തന്റെ കുടുംബാംഗങ്ങളിൽ പലരെയും ഡയറക്ടർമാരായും അംഗങ്ങളായും നിയമിച്ചു. എന്നാൽ, ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് കേസ് ഫയൽ ചെയ്തു. സി.സി.ബി കേസിനുശേഷം ഇ.ഡി സ്വന്തം അന്വേഷണം ആരംഭിച്ചു.
സി.സി.ബി സമർപ്പിച്ച എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിൽ, ഇ.ഡി കേസ് രജിസ്റ്റർ ചെയ്ത് നടപടി ആരംഭിച്ചു. ശേഖരിച്ച ഫണ്ടുകൾ ഈടില്ലാത്ത വായ്പകൾ വഴി സ്വന്തക്കാർക്ക് വഴിതിരിച്ചുവിട്ടു. ഈ വായ്പകളിൽ ഭൂരിഭാഗവും കള്ളപ്പണം വെളുപ്പിച്ച് സ്വത്തുക്കൾ വാങ്ങാൻ ഉപയോഗിച്ചതായി ഇ.ഡി കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.